Sorry, you need to enable JavaScript to visit this website.

പശുവിന്റെ വയറ്റിലെ പ്ലാസ്റ്റിക്കും മാലിന്യവും  കണ്ട്  അമ്പരന്ന് ഡോക്ടര്‍മാര്‍ 

ചെന്നൈ-പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത  മാലിന്യത്തിന്റെ തൂക്കം നോക്കിയപ്പോള്‍ 52 കിലോയ്ക്ക് മുകളില്‍ ഉണ്ടായിരുന്നു.  വര്‍ഷങ്ങള്‍ നീണ്ട ജോലിക്കിടയില്‍ ഇത്തരത്തില്‍  ഒരു അനുഭവം പല സീനിയര്‍ ഡോക്ടര്‍മാര്‍ക്കും ഇതാദ്യമായിരുന്നു.പശു ഒന്നും കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഉടമ മുനിരത്‌നം പശുവിനേയും കൊണ്ട്   അടുത്തുളള മൃഗാശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും എന്താണ് പ്രശ്‌നമെന്ന് പിടികിട്ടിയില്ല. തുടര്‍ന്ന് പശുവിനെ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നടത്തിയ എക്‌സ്‌റേ, സ്‌കാന്‍ പരിശോധനയിലാണ് പശുവിന്റെ  വയറ്റിനുളളില്‍ അന്യവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പശുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.  അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നിരവധി മാലിന്യങ്ങളാണ്  പുറത്തെടുത്തത്.   പ്ലാസ്റ്റിക്കിന് പുറമേ റബര്‍, തുണികള്‍ എന്നിവയും ഉണ്ടായിരുന്നു.  പശുവിന്റെ ആമാശയത്തിന്റെ എഴുപത്തഞ്ചുശതമാനത്തോളം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം പശുവിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Latest News