Sorry, you need to enable JavaScript to visit this website.

ഓറഞ്ചിനകത്ത് ഹുക്ക പുകയില നിറച്ച് വീടുകളില്‍ എത്തിച്ചു; റിയാദില്‍ വിദേശികള്‍ പിടിയില്‍

റിയാദ്- സൗദി തലസ്ഥാനമായ റിയാദില്‍ നിയമവിരുദ്ധമായി ഹുക്ക വിതരണം ചെയ്തിരുന്ന വിദേശികളെ സുരക്ഷാ ഉദ്യോഗസ്ഥരും റിയാദ് നഗരസഭയും ചേര്‍ന്ന് പിടികൂടി. കോഫി ഷോപ്പ് തൊഴിലാളികള്‍ ഫഌറ്റ് കേന്ദ്രീകരിച്ചാണ് ഉപയോക്താക്കള്‍ക്ക് ഹുക്ക വിതരണം ചെയ്തിരുന്നത്.

ഇതുവരെ ശ്രദ്ധയില്‍ പെടാത്ത നൂതന രീതിയിലാണ് വിദേശികള്‍ ഹുക്ക തയാറാക്കി ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചുനല്‍കിയിരുന്നത്.
ഓറഞ്ചുകള്‍ മുറിച്ച് അകത്തെ അല്ലികള്‍ നീക്കം ചെയ്ത് പകരം ഹുക്ക പുകയില നിറച്ച് ജ്യൂസ് ഗ്ലാസുകളില്‍ ഫിറ്റ് ചെയ്താണ് സംഘം ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചത്. ഹുക്ക വിതരണത്തിന് വിലക്കുള്ളതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് സംഘം ഹുക്ക തയാറാക്കുന്നതിന് ഈ രീതി അവലംബിച്ചിരുന്നത്. തൊഴിലുടമയെയും ഹുക്ക വിതരണ മേഖലയില്‍ ജോലി ചെയ്ത എത്യോപ്യക്കാരെയും ബംഗ്ലാദേശുകാരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

മറ്റൊരു സംഭവത്തില്‍, നിയമം ലംഘിച്ച് ഉപയോക്താക്കള്‍ക്ക് ഹുക്ക വിതരണം ചെയ്ത തായിഫിലെ കോഫി ഷോപ്പ് നഗരസഭയും സുരക്ഷാ വകുപ്പുകളും അടക്കം വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ സമിതി അടപ്പിച്ചു.

കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ബാധകമാക്കിയ നിര്‍ദേശങ്ങളും നടപടികളും ലംഘിച്ച് രഹസ്യമായാണ് കോഫി ഷോപ്പിലേക്ക് ഉപയോക്താക്കള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. കോഫി ഷോപ്പില്‍ ജോലി ചെയ്തിരുന്ന വിദേശികളെ റെയ്ഡിനിടെ പിടികൂടി. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

 

Latest News