Sorry, you need to enable JavaScript to visit this website.
Monday , January   18, 2021
Monday , January   18, 2021

വീടകങ്ങളിലെ പാരസ്പര്യവും പങ്കുവെക്കലും

വീടുകൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിലയങ്ങളായിട്ടാണ് ഇസ്‌ലാമിക പ്രമാണങ്ങൾ പരിചയപ്പെടുത്തുന്നത്. വീടിനെ പ്രതിനിധീകരിച്ചുകൊണ്ട് ഖുർആനിലും പ്രവാചകവചനങ്ങളിലും വന്നിട്ടുള്ള പ്രധാന പദങ്ങൾ ബൈത്ത്, ദാർ, മസ്‌കൻ, മൻസിൽ തുടങ്ങിയവയാണ്. രാത്രികാലങ്ങളിൽ മനുഷ്യന് അണയാനുള്ള സങ്കേതമെന്ന അർത്ഥത്തിൽ 'ബൈത്ത്'  ഉപയോഗിക്കപ്പെടുമ്പോൾ മനുഷ്യൻ തന്റെ സ്വകാര്യത സംരക്ഷിച്ചും ആവശ്യങ്ങൾ നിർവഹിച്ചും ചുറ്റിത്തിരിയുന്ന സ്ഥലം എന്ന ആശയമാണ് 'ദാർ' എന്ന പദം സമ്മാനിക്കുന്നത്. പുറംലോകങ്ങളിൽ ജീവിതയോധനത്തിനായി കഷ്ടപ്പെടുന്ന മനുഷ്യൻ ഒടുവിൽ എല്ലാ പ്രയാസങ്ങൾക്കും സമാധാനം കണ്ടെത്തുന്ന സ്ഥലം എന്ന അർത്ഥത്തിൽ ‘മസ്‌കൻ' അല്ലെങ്കിൽ ‘സകൻ' എന്ന പദം പ്രയോഗിക്കപ്പെടുന്നു.  മനസ്സിന്റെയും ശരീരത്തിന്റെ സകല നൊമ്പരങ്ങളും ഇറക്കിവെക്കുന്ന ‘മൻസിൽ' ആയിട്ടാണ് വീടിനെ ഉൾക്കൊള്ളേണ്ടത് എന്നാണ് ഈ പദങ്ങളെല്ലാം ഒരുപോലെ ഉദ്‌ഘോഷിക്കുന്നത്.
സമാധാനത്തിന്റെ കേന്ദ്രങ്ങളായിട്ടാണ് വീടിനെ ഖുർആൻ പരിചയപ്പെടുത്തുന്നത്. 
'അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ വീടുകളെ സമാധാന കേന്ദ്രങ്ങളാക്കിയിരിക്കുന്നു’ (ഖുർആൻ 16:80).  ദൈവസ്മരണകളാൽ പ്രശോഭിതമായതും പരസ്പര സ്‌നേഹത്തിന്റെ കളിചിരികളാൽ വിളങ്ങി നിൽക്കേണ്ടതുമായ പ്രദേശമായിട്ടാണ് പ്രവാചകൻ വീടിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. മൂകതയും നിശബ്ദതയും ചലനമില്ലായ്മയും തളം കെട്ടിനിൽക്കുന്ന ശ്മാശാനങ്ങളാകരുത് വീടുകൾ. നിങ്ങൾ നിങ്ങളുടെ വീടുകളെ ശ്മാശാനതുല്യമാക്കരുത് എന്ന് പ്രവാചകൻ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ശേഷം വിശുദ്ധ ഖുർആനിലെ ഏറ്റവും ദൈർഘ്യമുള്ള അധ്യായമായ അൽബഖറ പാരായണം ചെയ്യപ്പെടുന്ന വീടുകളിൽ പിശാചിന് സ്വാധീനമുണ്ടാവുകയില്ല എന്നും  പ്രവാചകൻ (സ) പറഞ്ഞു.  ദൈവിക വചനങ്ങൾ പാരായണം ചെയ്യപ്പെടുക വഴിയാണ് ശാന്തതയും സമാധാനവും സന്തോഷവും സംജാതമാകുന്നത് എന്നാണ് പ്രവാചകൻ പറഞ്ഞതിലെ  ആന്തരികമായ പൊരുൾ. കുടുംബാംഗങ്ങളിൽ ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കുന്ന പൈശാചിക പ്രവണതകൾ ഇല്ലാതാവണമെങ്കിൽ ദൈവസ്മരണകളാൽ വീടകങ്ങൾ അലങ്കരിക്കപ്പെടണം.
ദൈവസ്മരണകളും നമസ്‌കാരങ്ങളും മറ്റു ആരാധനകളും നിറഞ്ഞു നിൽക്കുന്ന വീടുകളിൽ നിന്നാണെങ്കിൽ പോലും അസ്വസ്ഥതകളുടെ പുകകൾ ഉയരുന്നത്  അപൂർവമല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ദൈവിക നിർദ്ദേശങ്ങളെ കുറിച്ചുള്ള അജ്ഞതയല്ല കാരണം. എല്ലാം അറിയാം, പക്ഷെ വീടകങ്ങൾക്കുള്ളിലെ പങ്കുവയ്ക്കലുകൾ  എങ്ങനെയെന്നും ഹൃദയപൂർവമായ പാരസ്പര്യം എന്തെന്നും കൃത്യമായി അറിയാനും പ്രയോഗവത്കരിക്കാനും പരിശ്രമിക്കുന്നില്ല. ഇതിനു മാറ്റമുണ്ടാവണമെങ്കിൽ വ്യക്തിബന്ധങ്ങളുടെ അർത്ഥവും ഉദ്ദേശ്യവും എന്തെന്നറിയണം. ഭാര്യ ഭരിക്കപ്പെടുന്നവളും ഭർത്താവ് ഭരിക്കുന്നവനും എന്ന സാമ്പ്രദായികമായി സ്വീകരിച്ചുപോരുന്ന സംബോധനകൾ ഒഴിവാക്കി ഇണകൾ എന്നർത്ഥം വരുന്ന പാരസ്പര്യത്തിന്റെ ഉൾക്കനമുള്ള ‘സൗജ്' എന്ന പദത്തെ പകരം വെച്ചാൽ ഹൃദയങ്ങൾക്കുള്ളിൽ ദീപ്തമായ അനുഭൂതികൾ നിറയും.
‘സൗജ്' എന്നാൽ മലയാളത്തിൽ ഇണ എന്നർത്ഥം പറയുമെങ്കിലും അത് പൂർണമാകുന്നില്ല. പൂരകവും അനുപൂരകവുമാകുന്ന ഒന്നിനെയാണ് സൗജ് എന്ന് പറയുന്നത്. എന്നുപറഞ്ഞാൽ ഒരാളില്ലെങ്കിൽ മറ്റേയാളുമില്ല. പിരിയാൻ സാധിക്കാത്ത വിധം  ഇരട്ടയായി ഒട്ടിച്ചേർന്നു കഴിയുന്നത് എന്നെല്ലാം വിശദീകരിക്കാം. ഇണ മാത്രമല്ല, തുണ കൂടിയാണ് സൗജ്. അതുകൊണ്ടാണ് മുസ്‌ലിം വിവാഹവേളകളിൽ ‘ഇണയാക്കി തുണയാക്കി തന്നിരിക്കുന്നു' എന്ന്   പറയുന്നത്.  ഇങ്ങനെ പരസ്പരം ജീവിച്ചു കൊണ്ടിരിക്കുന്ന ദമ്പതികൾക്കിടയിൽ സദാ  ഉണ്ടായിരിക്കേണ്ടത് കാമമോ ലൈംഗിക ചേഷ്ടകളോ അല്ലെന്നാണ് ഖുർആൻ പറയുന്നത്. മറിച്ച് മവദ്ദത്ത് (സ്‌നേഹം), റഹ്മത്ത് (കാരുണ്യം) എന്നീ ഉദാത്തമായ ഗുണങ്ങളാണ് വേണ്ടതെന്നു ഖുർആൻ പറയുന്നു. 'നിങ്ങൾക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് സൗജുകളെ  സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.’ (30:21)
സ്‌നേഹവും കാരുണ്യവും ഒരുമിക്കുമ്പോൾ അതിന്റെ ഉത്പന്നങ്ങളായി ഉണ്ടാവേണ്ടത് പാരസ്പര്യവും പങ്കുവയ്ക്കലുമാണ്.  പങ്കുവയ്ക്കൽ പലപ്പോഴും ശരീരങ്ങളിലൊതുങ്ങുന്നു എന്നതാണ് പല ദാമ്പത്യങ്ങളുടെയും പ്രശ്‌നം. പ്രവാചകൻ അദ്ദേഹത്തിന്റെ സഹധർമ്മിണികളുമായി എല്ലാം പങ്കുവെച്ചുകൊണ്ടായിരുന്നു ജീവിതം നയിച്ചിരുന്നത്. പലപ്പോഴും നാം കേട്ട സംഭവമാണ് നബിയും ആഇശയും ഓട്ടമത്സരം നടത്തിയ രസകരമായ അവരുടെ ജീവിതത്തിലെ ധന്യനിമിഷങ്ങൾ. ആദ്യത്തെ തവണ ആഇശ ജയിച്ചു, രണ്ടാം തവണ റസൂലും. ‘പണ്ട് ഞാൻ തടിച്ചിട്ടായിരുന്നു, ഇപ്പോൾ നീ തടിച്ചു' എന്ന നബിയുടെ കാരണം പറച്ചിൽ ഒരു കളി തമാശ ആയി നമുക്ക് തോന്നാം. എന്നാൽ ആ കളിയിൽ അല്പം കാര്യമുണ്ടെന്ന് ഒന്നാലോചിച്ചാൽ മനസ്സിലാകും. 'നീയെന്റെ പിന്നിൽ നടക്കേണ്ടവളല്ല, എന്റെ മുന്നിൽ നടക്കേണ്ടവളുമല്ല, നാം രണ്ടു പേരും കൈകോർത്തുപിടിച്ച് ഒന്നിച്ചു നടക്കേണ്ടവരാണ്' എന്നൊരു സന്ദേശം ബുദ്ധിയുള്ളവർക്ക് നിർദ്ധാരണം ചെയ്‌തെടുക്കാൻ സാധിക്കും. ഇങ്ങനെ ഒരുമിച്ച ഒരുപോലെ പരസ്പരം പങ്കിട്ടു ജീവിക്കുക എന്നതാണ് വീടകങ്ങളെ ആനന്ദ പരകോടിയിൽ എത്തിക്കുക.
ജീവിതം കളിതമാശകൾ മാത്രമല്ല. കളിതമാശകളിലെ പങ്കുവയ്ക്കൽ പലർക്കും സാധിക്കുമായിരിക്കും. എന്നാൽ ഉത്തരവാദിത്തങ്ങൾ നിറയുമ്പോൾ ഈ പങ്കുവയ്ക്കലുകൾക്ക് ഭംഗം വരികയും ‘അതെന്റെ ജോലിയല്ല, നിന്റെ ജോലിയാണ്, എനിക്കല്ല ഉത്തരവാദിത്തം, നിനക്കാണ്' തുടങ്ങിയ സംസാരങ്ങളിലേക്ക് വഴുതിപ്പോവുകയും ചെയ്യും. ഒരു വീട്ടിലെ ഉത്തരവാദിത്തങ്ങളെ എങ്ങനെയാണ് പങ്കു വയ്‌ക്കേണ്ടത്? അത് വീട്ടിലെ അംഗങ്ങൾക്കിടയിലെ പരസ്പര ധാരണയിലൂടെയാണ് നടപ്പിൽ വരുത്തേണ്ടത്.  വീട്ടിൽ ജോലിക്കാരി ഇല്ലാത്തതിന്റെ പരിഭവവുമായി കടന്നുവന്ന പ്രിയമകൾ ഫാത്വിമ (റ) ക്ക്  വീട്ടുജോലികളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരം എങ്ങനെയാണെന്ന് പ്രവാചകൻ പഠിപ്പിച്ചുകൊടുത്തത് ഒരു വലിയ മാതൃകയാണ്. പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കുന്ന നേരം സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നുതുടങ്ങുന്ന മഹത്തായ ദൈവസ്മരണാ വാചകങ്ങൾ ഉരുവിടുകയാണെന്നു പറഞ്ഞുകൊടുത്ത ശേഷം അദ്ദേഹം ഫാത്വിമയോടും പ്രിയതമൻ അലി (റ) വോടും എങ്ങനെയാണ് വീട്ടുജോലികൾ പരിഹരിക്കുക എന്നു പറഞ്ഞുകൊടുത്തു.  വീടിനകത്തെ കാര്യങ്ങൾ ഫാത്വിമയും പുറത്തുള്ള കാര്യങ്ങൾ അലിയും നിർവഹിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞുകൊടുത്തത്.  അതായത് സമ്പാദിക്കുക, വീട്ടിനകത്തേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുക തുടങ്ങിയ വലിയ ഉത്തരവാദിത്തം പുരുഷനായ അലിക്കും ഭക്ഷണം പാകം ചെയ്യുക, വൃത്തിയാക്കുക തുടങ്ങിയ വീടിന്റെ അകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ത്രീയായ ഫാത്വിമക്കും ഭാഗിച്ചുകൊടുത്തു. പുരുഷന്റെ പ്രകൃതിക്കും സ്ത്രീയുടെ പ്രകൃതിക്കും അനുയോജ്യമായ വീതംവെപ്പായിരുന്നു അത് എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. 
ഇങ്ങനെ സ്ത്രീക്കും പുരുഷനും അവരവരുടെ വീട്ടുജോലികൾ ഭാഗിച്ചു നൽകിയ പ്രവാചകന്റെ നടപടിയിൽ നിന്നും പലരും തെറ്റായി ധരിച്ച ചില കാര്യങ്ങളുണ്ട്. വീട്ടുജോലികൾ ചെയ്യുക പുരുഷന്റെ ഉത്തരവാദിത്തമേ അല്ല എന്നും ജോലി ചെയ്ത് വീട്ടിലേക്ക് സമ്പാദിക്കുവാൻ സ്ത്രീകൾക്ക് അനുവാദമില്ല എന്നും തുടങ്ങിയ തെറ്റായ പല വീക്ഷണങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പ്രവാചകന്റെ നിർദ്ദേശം ഒരു പൊതുവായ നിർദ്ദേശം മാത്രമാണ്. സ്ത്രീയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പുരുഷനാണ് എന്ന പൊതുനിയമത്തിന്റെ ഭാഗമാണത്. സ്ത്രീക്ക് ജോലി ചെയ്തുകൂടാ എന്നോ അവൾക്ക് സമ്പാദിച്ചുകൂടാ എന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. സ്വഹാബി വനിതകളിൽ  സമ്പാദിക്കുകയും കച്ചവടം ചെയ്യുന്നവരുമുണ്ടായിരുന്നു. 
വീട്ടിലെ ജോലികൾ സ്ത്രീകൾ മാത്രമാണ് നിർവഹിക്കേണ്ടതെന്നും പുരുഷന്മാർ കല്പിക്കുന്നവരും നിർദ്ദേശങ്ങൾ നൽകുന്നവരും മാത്രമാണെന്നും ധരിച്ചുവശായ ആളുകൾ ധാരാളമാണ്. വീട്ടിലേക്ക് കയറിവന്നു സ്ത്രീകളോട് കയർക്കുകയും സ്ത്രീകൾക്ക് സഹായകമായി യാതൊന്നും ചെയ്തുകൊടുക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ സമൂഹത്തിൽ വ്യാപകമാണ്.  എന്നാൽ നബി (സ) അങ്ങനെയായിരുന്നില്ല. അദ്ദേഹം വീട്ടുകാരെ സഹായിക്കുകയും അവർക്ക് സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുമായിരുന്നു. ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: പ്രവാചകൻ വീട്ടിൽ എന്തെല്ലാമായിരുന്നു ചെയ്തിരുന്നതെന്ന് ചോദിക്കപ്പെട്ടപ്പോൾ ആഇശ (റ) പറഞ്ഞു: 'അദ്ദേഹം വീട്ടുകാരെ സഹായിക്കുമായിരുന്നു; നമസ്‌കാരമായാൽ പള്ളിയിലേക്ക് പോകും.' ആഇശ (റ) തുടരുന്നു: 'നബി (സ) സ്വന്തം ചെരുപ്പുകൾ നന്നാക്കുമായിരുന്നു, വസ്ത്രങ്ങൾ തുന്നുമായിരുന്നു.’ (അഹ്മദ്). മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: 'നബി (സ) മറ്റു മനുഷ്യരെ പോലെ തന്നെയായിരുന്നു; വസ്ത്രം നന്നാക്കുമായിരുന്നു, ആടിനെ കറക്കുമായിരുന്നു, സ്വന്തം കാര്യങ്ങളെല്ലാം നിർവഹിക്കുമായിരുന്നു.’ (അഹ്മദ്). അനസ് (റ) പറയുന്നു: ഞങ്ങൾ ഖൈബറിൽ നിന്നും മദീനയിലേക്ക് പുറപ്പെടുമ്പോൾ കണ്ട കാഴ്ച ഇങ്ങനെയായിരുന്നു: 'അല്ലാഹുവിന്റെ തിരുദൂതർ സ്വഫിയ്യക്ക് ഇരിക്കാൻ വേണ്ടി ഒരു മേൽക്കുപ്പായം മടക്കിവെച്ചുകൊണ്ട് ഒട്ടകപ്പുറത്ത് പ്രത്യേക ഇരിപ്പിടം തയ്യാറാക്കുന്നു.' (ബുഖാരി). എല്ലാം ‘ഭാര്യ'മാരുടെ ജോലിയായിക്കാണുന്ന ആധുനികസമൂഹത്തിന് പ്രവാചകനിൽ ഉത്തമമാതൃകയുണ്ട്. ഒരിക്കൽ പോലും അദ്ദേഹം അദ്ദേഹത്തിന്റെ പത്‌നിമാരെയോ ഭൃത്യന്മാരെയോ അടിച്ചിട്ടില്ല എന്ന് ആഇശ (റ) പറയുമ്പോൾ വൈവാഹിക ജീവിതത്തിന്റെ യഥാർത്ഥ രീതി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം നൽകിയ സന്ദേശത്തോളം ലോകത്തൊരാൾക്കും മാതൃകയാകാൻ സാധിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കേണ്ടതുണ്ട്.   
പത്‌നിമാരെ ഒരിക്കലും അദ്ദേഹം വേലക്കാരെപ്പോലെ കണ്ടില്ല. സ്വന്തമായി  നിർവഹിക്കാൻ സാധിക്കുന്നതെല്ലാം അദ്ദേഹം തന്നെ നിർവഹിക്കുമായിരുന്നു. അതിനർത്ഥം അദ്ദേഹത്തിന്റെ പത്‌നിമാർ അദ്ദേഹത്തിന് യാതൊന്നും നിർവഹിച്ചു കൊടുത്തിരുന്നില്ല എന്നല്ല. മറിച്ച് അവരെ അതിനായി അദ്ദേഹം നിർബന്ധിക്കാറുണ്ടായിരുന്നില്ല.  അതേസമയം സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം അവർക്ക് സേവനങ്ങൾ ചെയ്തുകൊടുക്കാറുണ്ടായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശാഫിഈ, അബൂഹനീഫ, മാലിക് എന്നിവർ പുരുഷന് വേണ്ടി ഒരു സ്ത്രീ ചെയ്യുന്ന സേവനം നിർബന്ധമാണെന്ന് പറയാൻ പറ്റില്ല എന്നു പറഞ്ഞത്. (ഫിഖ്ഹു സുന്ന, സയ്യിദ് സാബിഖ്).  
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ചെയ്തുകൂടാൻ പാടില്ലാത്ത വീട്ടുജോലികൾ ഒന്നുമില്ല. വീടും പരിസരവും ഒരു പുരുഷൻ തൂത്തുവാരിയാൽ ആകാശം ഇടിഞ്ഞുവീഴില്ല. സ്വന്തം വസ്ത്രങ്ങൾ തുന്നുകയോ അലക്കുകയോ ചെയ്യുന്നത് കൊണ്ടും ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ടും പുരുഷന്റെ പൗരുഷത്തിന് ഒരു പോറലും ഏൽക്കുകയില്ല. സ്വന്തം പിഞ്ചോമനകളെ വൃത്തിയാക്കിയും കുളിപ്പിച്ചും ഒരു ഉത്തമ പിതാവാവുന്നതുകൊണ്ട് തന്നിൽ നിന്ന് ഒന്നും തന്നെ ചോർന്നുപോവുകയുമില്ല. കാരണം പൗരുഷത്തിന്റെ യഥാർത്ഥ സുകൃതം പകർന്നുതന്ന, ഉത്തമസ്വഭാവങ്ങളുടെ ആൾരൂപമായി ജീവിച്ചുകാണിച്ചു തന്ന, ഉത്തമപിതാവായി വാത്സല്യത്തിന്റെയും ലാളനകളുടെയും മഹദ്‌വചനങ്ങൾ ചൊല്ലിത്തന്ന,  വൈവാഹിക ജീവിതത്തിന്റെ പാരസ്പര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മഹിത സന്ദേശം പകർന്നുതന്ന ലോകം കണ്ടതിൽ വെച്ചേറ്റവും ഉത്തമനായ അല്ലാഹുവിന്റെ തിരുദൂതരായ മുഹമ്മദ് (സ്വ) വീട്ടിലുള്ള ജോലികളിൽ അദ്ദേഹത്തിന് സാധിക്കുന്നതെല്ലാം അദ്ദേഹം ചെയ്തിരുന്നുവെന്ന് നാം വായിക്കുമ്പോൾ ഒരു വിശ്വാസിയും സങ്കോചപ്പെടേണ്ടതില്ല.  സ്വന്തം വീടുകളിൽ വീട്ടുകാർക്ക് വേണ്ടി ഇത്തരത്തിലുള്ള ജോലികളൊന്നും ചെയ്തുകൊടുക്കാത്തവർ മറ്റു നാടുകളിൽ പോയി ഇതേ തൊഴിലുകൾ ചെയ്തു ജീവിക്കുമ്പോൾ അവരുടെ ആത്മാഭിമാനത്തിന് ക്ഷതം വരാറില്ല. അപ്പോൾ സ്വന്തം വീട്ടിൽ അത് നിർവഹിക്കാതിരിക്കുന്നത് ദുരഭിമാനമല്ലാതെ മറ്റെന്താണ്?
നമ്മുടെ വീടകങ്ങൾ സ്‌നേഹക്കൂടുകളായി മാറാൻ ജീവിതപങ്കാളികളെ കുറിച്ചും സ്വന്തം രക്തത്തിൽ പിറന്ന മക്കളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്.  അധികാരത്തിന്റെയല്ലാത്ത, പാരസ്പര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രവാചക മാതൃക സ്വീകരിച്ച് നമ്മെ പോലെ സ്വാതന്ത്ര്യവും അവകാശവുമുള്ള വ്യക്തിത്വങ്ങൾ തന്നെയാണ് അവരെന്നും തിരിച്ചറിഞ്ഞാൽ നമ്മുടെ വീടുകളെ ശാന്തിയുടെ വിളനിലങ്ങളാക്കി മാറ്റാൻ സാധിക്കും.

Latest News