Sorry, you need to enable JavaScript to visit this website.

യുഎസില്‍ ആഭ്യന്തര കലഹ സാധ്യതയെന്ന് ഫെയ്ബുക്ക് മേധാവിയുടെ മുന്നറിയിപ്പ്

സാന്‍ ഫ്രാന്‍സിസ്‌കോ- യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് ആഭ്യന്തര കലഹ സാധ്യതയുണ്ടെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. യുഎസ് തെരഞ്ഞെടുപ്പ് ഫെയ്ബുക്കിന് ഒരു പരീക്ഷണ കാലമാണെന്നും അദ്ദേഹം പറഞ്ഞു. നാലു വര്‍ഷം മുമ്പ് ഉണ്ടായ തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ ഫെയ്ബുക്കില്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് സുരക്ഷാ മാര്‍ഗങ്ങളേയും വോട്ടര്‍മാരെ നിശബ്ദരാക്കുന്നത് തടയുന്നതിനെ കുറിച്ചും വിശദീകരിക്കുന്നതിനിടെയാണ് സര്‍ക്കര്‍ബര്‍ഗ് ആശങ്ക പ്രകടിപ്പിച്ചത്. 'തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. നമ്മുടെ രാജ്യം ഒരു ആഭ്യന്തര കലഹ സാധ്യതയിലേക്ക് നയിക്കപ്പെടുന്ന തരത്തില്‍ ഭിന്നിച്ചിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്തു ഫെയ്ബുക്ക് പോലുള്ള കമ്പനികള്‍ നേരത്തെ ചെയ്തതിലേറെ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു,' സര്‍ക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ ഫെയ്ബുക്ക് അട്ടിമറിക്കുകയാണെന്ന് പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു ദിവസത്തിന് തൊട്ടുമുമ്പുള്ള ഒരാഴ്ചത്തേക്ക് പണം നല്‍കിയുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫെയ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ചില പരസ്യങ്ങള്‍ തെറ്റായി വിലക്കപ്പെട്ടുവെന്നും പ്രചരണങ്ങളില്‍ മാറ്റം വരുത്താന്‍ ചിലര്‍ക്ക് സാധിക്കുന്നില്ലെന്നുമുള്ള പരാതികള്‍ അന്വേഷിച്ചു വരികയാണെന്ന് ഫെയ്ബുക്ക് പ്രൊഡക്ട് മാനേജര്‍ റോബ് ലെതേണ്‍ പറഞ്ഞു. വിലക്കു സമയത്തിനു മുമ്പായി പണം നല്‍കി പരസ്യം അപ്ലോഡ് ചെയ്ത് അവ പിന്നീട് പ്രദര്‍ശിപ്പിക്കാനുള്ള വഴിയും ഫെയ്ബുക്ക് ഒരുക്കിയിട്ടുണ്ട്.
 

Latest News