Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടി രഹസ്യധാരണ യു.ഡി.എഫിന്  ഗുണം ചെയ്യില്ല  -ആര്യാടൻ

നിലമ്പൂർ- വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ഉണ്ടാക്കുന്ന രഹസ്യധാരണ യു.ഡി.എഫിനു ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായ എം.ഐ അബ്ദുൽ അസീസിനെ നിലമ്പൂരിലെ വീട്ടിലെത്തി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ സന്ദർശിച്ചു രാഷ്ട്രീയ ചർച്ച നടത്തിയതാണ് ആര്യാടൻ മുഹമ്മദിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശിനൊപ്പം ആര്യാടൻ മുഹമ്മദിനെ നിലമ്പൂരിലെ വീട്ടിലെത്തി സന്ദർശിച്ച യു.ഡി.എഫ് കൺവീനർ വെൽഫെയർ പാർട്ടി നേതാവുമായി ചർച്ച നടത്തുന്ന കാര്യം ആര്യാടനിൽ നിന്നു മറച്ചുവെച്ചു. 
വെൽഫെയർ പാർട്ടിയുമായി ഏതു തരത്തിലുള്ള ധാരണ ഉണ്ടാക്കിയാലും കോൺഗ്രസിനും യു.ഡി.എഫിനും അത് രാഷ്ട്രീയ നഷ്ട കച്ചവടമാകുമെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു ഇക്കാര്യത്തിൽ തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ തന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുടെ കടുത്ത വിമർശകരിൽ ഒരാളായ ആര്യാടൻ മുഹമ്മദ് തന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചന കൂടിയാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. നിലമ്പൂർ മണ്ഡലത്തിലുൾപ്പെടെ യു.ഡി.എഫിന്റെ വോട്ട് ബാങ്ക് പ്രധാനമായും ന്യൂനപക്ഷ വിഭാഗമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യ ധാരണയും മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സർക്കാർ നടപ്പാക്കിയ 10 ശതമാനം സംവരണവും അട്ടിമറിക്കാനുള്ള ലീഗിന്റെ നീക്കവും ഇക്കുറി യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന ആശങ്കയും കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് വെൽഫെയർ പാർട്ടി പോലെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുന്നതിനെതിരെ കോൺഗ്രസിൽ ഒരു വലിയ വിഭാഗം പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
 

Latest News