Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സ് ഭീകരാക്രമണം: സൗദി അറേബ്യ അപലപിച്ചു

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നീസില്‍ ആക്രമണം നടന്ന ചർച്ച് സന്ദർശിച്ചപ്പോള്‍

റിയാദ് - ഫ്രാന്‍സിലെ നീസില്‍ ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.  മുഴുവന്‍ മതങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൗദി അറേബ്യ നിരാകരിക്കുന്നുവെന്ന് വിദേശ മന്ത്രാലയം പറഞ്ഞു.  അതോടൊപ്പം തന്നെ, വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരസിക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നതായും വിദേശ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഫ്രഞ്ച് ഗവണ്‍മെന്റിനെയും ജനതയെയും അനുശോചനം അറിയിക്കുന്നതായി വ്യക്തമാക്കിയ വിദേശ മന്ത്രാലയം പരിക്കേറ്റവര്‍ക്ക് എത്രയും വേഗം അസുഖം ഭേദമാകാന്‍ കഴിയട്ടെയെന്നും പറഞ്ഞു.

 ഫ്രഞ്ച് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോഓപ്പറേഷന്‍ ( ഒ.ഐ.സി ) അപലപിച്ചു. കാരണങ്ങളും പ്രേരകങ്ങളും എന്തുതന്നെയായാലും എല്ലാ തരത്തിലുമുള്ള തീവ്രവാദവും ഭീകരതയും നിരാകരിക്കുന്നതായി സംഘടന പറഞ്ഞു. വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ സൗദി ഉന്നത പണ്ഡിതസഭയും അപലപിച്ചു.

അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മുസ്‌ലിം വികാരങ്ങളെ പ്രകോപിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍  പറഞ്ഞു. പ്രവാചകന്മാരെ അവഹേളിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള അവഹേളനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് 2018 ഒക്‌ടോബറില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചിരുന്നു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഓസ്ട്രിയന്‍ വനിതക്കെതിരായ ഓസ്ട്രിയന്‍ കോടതി വിധി ശരിവെച്ചാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഈ വിധിപ്രസ്താവം നടത്തിയത്.
ഇസ്‌ലാമിനെയും ഭീകരതയെയും കൂട്ടിക്കെട്ടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് ഒ.ഐ.സി പറഞ്ഞു. മുഴുവന്‍ ഭീകരപ്രവര്‍ത്തനങ്ങളെയും ഒ.ഐ.സി അപലപിക്കുന്നു. വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവ സൃഷ്ടിക്കുകയും ലോക ജനതകള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും നിരാകരിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു.
മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നതും മതചിഹ്നങ്ങളെ അപമാനിക്കുന്നതും മതവിദ്വേഷത്തിനുള്ള വ്യക്തമായ ആഹ്വാനമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ഡോ. അവാദ് അല്‍അവാദ് പറഞ്ഞു.

 

Latest News