Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡിൽ തട്ടിത്തകർന്ന് പ്രചാരണം; ആശങ്കയോടെ പാർട്ടികളും സ്ഥാനാർഥികളും


കൊണ്ടോട്ടി - പാർട്ടികളെയും സ്ഥാനാർഥികളെയും ആശങ്കയിലാക്കി തെരഞ്ഞെടുപ്പ് പ്രചാരണവും കോവിഡ് വ്യാപനവും മുറുകുന്നു. മരണമുഖത്താണ് പല വാർഡുകളും പഞ്ചായത്തുകളും. അക്ഷരാർഥത്തിൽ ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. 
തെരഞ്ഞെടുപ്പ് ഗോദയിലെ പ്രചാരണത്തിന് കോവിഡ് വ്യാപനം സ്ഥാനാർഥികൾക്കിടയിൽ വലിയ ആശങ്കയാണ് പരത്തുന്നത്. 
കോവിഡ് മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനമാണ് സ്ഥാനാർഥികളെ ആശങ്കയിലാക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി വോട്ട് തേടലിനിടയിൽ സ്ഥാനാർഥികൾക്ക് കോവിഡ് പിടിപെട്ടാൽ ചികിൽസക്കൊപ്പം ദിവസങ്ങളോളം ക്വാറന്റൈനിലും കഴിയേണ്ടി വരും. 
ഇതോടെ പ്രചാരണ രംഗത്ത് സ്ഥാനാർഥികൾക്ക് സജീവമാകാനാവില്ല. ഇത് എതിർ സ്ഥാനാർഥികൾക്ക് നേട്ടമാവുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം വ്യക്തിസ്വാധീനം കൂടി വിജയഗതി നിർണയിക്കും.


കുടുംബ യോഗങ്ങൾ, വീടു കയറിയിറങ്ങിയുളള സ്‌ക്വാഡ് പ്രവർത്തനങ്ങൾ, മുതിർന്ന പൗരന്മാരോട് വോട്ട് തേടൽ, രാഷ്ട്രീയ പാർട്ടികളുടെ നിരന്തര യോഗങ്ങൾ തുടങ്ങിയവയെല്ലാം കോവിഡ് വ്യാപനത്തിൽ വെല്ലുവിളിയാണ്. ഒരു സ്ഥാനാർഥിക്കൊപ്പം അഞ്ച് പേരിൽ കൂടുതൽ പേർ വീടുകളിൽ വോട്ട് തേടി എത്താൻ പാടില്ലെന്നാണ് നിർദേശം. 
എന്നാൽ ഒരു വാർഡിൽ തന്നെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് പുറമെ സ്വതന്ത്രരടക്കം വോട്ട് തേടി രംഗത്ത് വരുന്നതോടെ പ്രശ്‌നം സങ്കീർണമാകും.


  അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ നിന്ന് വോട്ടു തേടലും കോവിഡ് കാലത്ത് പ്രശ്‌നങ്ങളേറെയാണ്. ഇവർക്ക് പുറത്തിറങ്ങാൻ കഴിയാത്തതും ഇവരെ നേരിൽ കാണുന്നതിനുള്ള കോവിഡ് നിയന്ത്രണവും സ്ഥാനാർഥികൾക്ക് തിരിച്ചടിയാകും. രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വതന്ത്രരുമെല്ലാം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് വാർഡുകളിൽ പ്രവർത്തിക്കുക. ഇവരുടെ നിരന്തര ഏകീകരണത്തിനും കോവിഡ് പ്രതിസന്ധി സൃഷ്ടിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിൽ ഏർപ്പെടുത്തുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ വോട്ടഭ്യർഥനയും പ്രയാസത്തിലാക്കും. ബ്ലോക്ക്, ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ ഒന്നിലധികം ഗ്രാമപഞ്ചായത്ത് വാർഡുകൾ ചേർന്നതാണ്. കണ്ടെയ്ൻമെന്റ് സോണുകൾ വാർഡുകളിൽ പ്രഖ്യാപിക്കുന്നതോടെ ഒരു വാർഡിൽ നിന്ന് മറ്റൊന്നിലേക്ക് പ്രചാരണത്തിന് കടക്കുന്നതും പ്രയാസത്തിലാക്കും.

 

Latest News