Sorry, you need to enable JavaScript to visit this website.

ഇറാൻ ഹാക്കർമാർ പ്രമുഖരെ കബളിപ്പിച്ചതായി മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തൽ

ഇറാൻ സർക്കാരിന്റെ പിന്തുണയുള്ള ഹാക്കർമാർ രണ്ട് അന്താരാഷ്ട്ര സുരക്ഷാ, നയ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട നൂറിലധികം പ്രമുഖരെ ലക്ഷ്യമിട്ടതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. 
ഫോസ്ഫറസ് (എപിടി 35) എന്നറിയപ്പെടുന്ന സംഘം മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിന്റെ സംഘാടകരെന്ന വ്യാജേനയാണ്  പ്രമുഖർക്ക് ഇമെയിലുകൾ അയച്ചത്.  രാഷ്ട്രത്തലവന്മാർ പങ്കെടുത്ത പ്രധാന ആഗോള സുരക്ഷാ, നയ സമ്മേളനമായിരുന്നു ഇത്.  സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന തിങ്ക് 20 ഉച്ചകോടിയുടെ പേരിലും വ്യാജ ഇമെയിലുകൾ അയച്ചു. മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും അക്കാദമിക് വിദഗ്ധർക്കും നയ വിദഗ്ധർക്കുമാണ് ഇത്തരം മെയിലുകൾ അയച്ചത്. ഇ-മെയിൽ  പാസ്‌വേഡും മറ്റു നിർണായക വിവരങ്ങളും  ശേഖരിക്കുകയായിരുന്നു ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. 


ഇതിലൂടെ ഹാക്കർമാർ യഥാർഥത്തിൽ ലക്ഷ്യമിട്ടതെന്താണെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല.  എന്നാൽ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഹാക്കർമാർ ശ്രമിച്ചതെന്ന് കമ്പനിയുടെ ഉപഭോക്തൃ സുരക്ഷാ മേധാവിയായ േ്രടാം ബർട്ട് പറഞ്ഞു 
വിവിധ രാജ്യങ്ങളുടെ ആഗോള അജണ്ടകളും വിദേശ നയങ്ങളും രൂപപ്പെടുത്താൻ സഹായിക്കുന്ന മുൻ അംബാസഡർമാരും മുതിർന്ന നയവിദഗ്ധരും ഉൾപ്പെടെ നിരവധി പേർ കബളിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഫറൻസ് സംഘാടകർക്കും പങ്കെടുക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മറ്റു സമ്മേളനങ്ങളിലും ഇവന്റുകളിലും ഹാക്കർമാർ ഇതേ രീതി തുടരാനിടയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കമ്പനി വ്യക്തമാക്കി. 


കോൺഫറൻസിലേക്ക് ക്ഷണിച്ചുകൊണ്ടാണ്  ഇമെയിലുകൾ അയക്കുക.  ക്ഷണം സ്വീകരിക്കുന്നവർ സ്വന്തം ഇമെയിലും പാസ്‌വേഡും ചേർക്കുന്നതിനുള്ള വ്യാജ ലോഗിൻ പേജുകൾ അയച്ചാണ് തുടർന്നുള്ള തട്ടിപ്പ്. ഇങ്ങനെ പാസ്‌വേഡ് കരസ്ഥമാക്കിയ ശേഷം ഇരകളുടെ മെയിൽ ബോക്‌സിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നു. 
പ്രമുഖരുടെ ഇമെയിലുകൾ ചോർത്താൻ നേരത്തേയും ഇതേ ഹാക്കർമാർ ശ്രമിച്ചിരുന്നു.  ഉന്നത രാഷ്ട്രീയക്കാരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരെയും ഫോസ്ഫറസ് ഹാക്കർമാർ ലക്ഷ്യമിടാറുണ്ടെങ്കിലും ഏറ്റവും പുതിയ ആക്രമണത്തിന്  യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. 

 

Latest News