Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധി: തോക്കുകൾക്കെതിരെ സംസാരിക്കാൻ അവൻ പുനർജനിച്ചു 

അമേരിക്കയിൽ ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട കൗമാരക്കാരനെ നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് വീണ്ടും അവതരിപ്പിച്ച് മാതാപിതാക്കൾ.  യു.എസിലെ ഹൈസ്‌കൂളിൽ നടന്ന ക്രൂരമായ വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർഥിയെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വീഡിയോയിലാണ്  ഡിജിറ്റലായി പുനരുജ്ജീവിപ്പിച്ചത്. ഇതിനായി മാതാപിതാക്കൾ ഒരു പരസ്യ ഏജൻസിയെ സമീപിക്കുകയായിരുന്നു.
2018 ഫെബ്രുവരി 14 ന് പതിനേഴാം വയസ്സിൽ കൊല്ലപ്പെട്ട ജോക്വിൻ ഒലിവറാണ് അതേ രൂപഭാവത്തിൽ പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നത്. 


ഫ്‌ളോറിഡയിലെ പാർക്ക്‌ലാന്റിലെ മർജറി സ്‌റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ കൊല്ലപ്പെട്ട 17 വിദ്യാർഥികളിൽ ഒരാളാണ് ജോക്വിൻ. ഇതിനു ശേഷം ജോക്വിന്റെ പിതാവ് മാനുവലും മാതാവ് പട്രീഷ്യ ഒലിവറും അമേരിക്കയിൽ തോക്ക് നിയന്ത്രണത്തിനായി ജീവിതം സമർപ്പിച്ചു.
മരിച്ച മകന്റെ ഫോട്ടോകളാണ് മാതാപിതാക്കൾ ആദ്യം ഏജൻസിക്ക് നൽകിയത്. തുടർന്ന് ജോക്വിനുമായി സാമ്യമുള്ള ഒരു നടൻ സന്ദേശം റെക്കോർഡ് ചെയ്തു. തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ഉപയോഗിച്ച് ജോക്വിന്റെ മുഖം ഡിജിറ്റൽ മാസ്‌ക് പോലെ നടന്റെ മുഖത്തേക്ക് മാപ് ചെയ്തു.
ഈ മാസം ആദ്യം പുറത്തിറക്കിയ  വീഡിയോ പതിനായിരങ്ങളാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. എ.ഐ വഴി പുനരുജ്ജീവിപ്പിച്ച ജോക്വിൻ ഒരു ബാസ്‌കറ്റ് ബോൾ കോർട്ടിന് മുന്നിലാണ് സംഗീതത്തിന്റെ  പശ്ചാത്തലത്തിൽ സംസാരിക്കുന്നത്.


യഥാർത്ഥ ജോക്വിനെ പോലെ  എ.ഐ പതിപ്പും ബ്രോ എന്ന വാക്ക് ഉപയോഗിച്ചാണ് സംസാരിക്കുകയും  ധാരാളം ആംഗ്യം കാണിക്കുകയും ചെയ്യുന്നത്.
ഞാൻ പോയിട്ട് രണ്ട് വർഷമായിട്ടും ഒന്നും മാറ്റിയിട്ടില്ല സഹോദരാ എന്നാണ് എ.ഐ ജോക്വിൻ  പ്രേക്ഷകരെ ഉണർത്തുന്നത്. 
നവംബറിലെ തെരഞ്ഞെടുപ്പ് എനിക്ക് വോട്ട് ചെയ്യാവുന്ന ആദ്യത്തേതാണെങ്കിലും എനിക്ക് ജീവിക്കാൻ ലഭിക്കുന്ന ലോകത്തെ തെരഞ്ഞെടുക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല എന്നു പറഞ്ഞുകൊണ്ട് ആളുകളുടെ ജീവിതത്തേക്കാൾ തോക്ക് ലോബിയുടെ പണത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ ജോക്വിൻ ആഞ്ഞടിക്കുന്നു.
വളരെ യാഥാർഥമെന്നു തോന്നുന്ന വിധത്തിൽ നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന വീഡിയോകൾ ഡീപ് ഫേക് വീഡിയോകൾ എന്ന പേരിലാണ് ഇതുവരെ കുപ്രസിദ്ധി നേടിയിരുന്നത്.  രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും മുഖം ചേർത്ത് അശ്ലീല വീഡിയോകൾ സൃഷ്ടിച്ചതിനെ തുടർന്നാണിത്.  


മരണപ്പെട്ട അഭിനേതാക്കളെ സിനിമകൾക്കായി തിരികെ കൊണ്ടുവരുന്നതിനും നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. എന്നാൽ ജോക്വിന്റെ വീഡിയോ ഒരു സവിശേഷ സംഭവമാണ്. എന്നാൽ നല്ല ലക്ഷ്യത്തോടെയാണെങ്കിൽ പോലും മരിച്ചുപോയ കുട്ടിയെ സംസാരിപ്പിക്കുന്നത് ധാർമികമാണോ എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. 
സാങ്കേതിക വിദ്യകളുടെ നല്ല വശത്തിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് ജോക്വിന്റെ പിതാവ് മാനുവൽ അവകാശപ്പെടുന്നത്. തർക്കം എന്തായാലും യഥാർഥ ജോക്വിനോട് നൂറു ശതമാനം സാമ്യമുള്ളതാണ് നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ജോക്വിൻ. 

 

Latest News