Sorry, you need to enable JavaScript to visit this website.

ഗാർഹിക പീഡനം തടയാനും ജി.പി.എസ് ട്രാക്കിംഗ് 

ഫ്രാൻസിൽ ഗാർഹിക പീഡനത്തിനിരയായവരെ ഇരകളിൽനിന്ന് അകറ്റി നിർത്താൻ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രോണിക് ബ്രേസ്‌ലെറ്റുകൾ ഉപയോഗിച്ചു തുടങ്ങി. അതേസമയം, വീടുകളിൽ സ്ത്രീകളെ കൊലപ്പെടുത്തുന്നതിൽനിന്ന് അക്രമികളെ തടയാൻ ഇതുകൊണ്ടു മാത്രം സാധ്യമല്ലെന്ന വാദവുമായി വനിതാ അവകാശ പ്രചാരകർ രംഗത്തു വരികയും ചെയ്തു. 
ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ടാഗുകൾക്ക് സമാനമായ ജി.പി.എസ ്ട്രാക്കിംഗ് ഉപകരണങ്ങളാണ് ഗാർഹിക പീഡനങ്ങൾ തടയാനും ഉപയോഗിക്കുന്നത്. സ്ത്രീകളെ മാനഭംഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അക്രമി അടുത്തെത്തുമ്പോൾ സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന് അലർട്ട് ലഭിച്ചു തുടങ്ങുന്നതാണ് ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുന്ന സംവിധാനം. അലർട്ട് ലഭിക്കുന്ന സുരക്ഷാ സ്ഥാപനം അക്രമിയോട് പിന്മാറാൻ ആവശ്യപ്പെടും. വിസമ്മതിച്ചാൽ ഉടൻ തന്നെ  പോലീസിനെ വിളിക്കും.


ഇത്തരം സംവിധാനങ്ങൾ സ്‌പെയിനിലും അമേരിക്കയിലും നിലവിൽ ഉപയോഗത്തിലുണ്ട്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും പൈലറ്റ് പദ്ധതിയും പൂർത്തിയാക്കി. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ പരിമിതികളാണ് വനിതാ അവകാശ പ്രവർത്തകരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്.
രോഷാകുലനായ അക്രമി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചാൽ അയാൾ അപ്പോൾ തന്നെ കൊലപാതകം നടത്തുകയും തുടർന്ന് ജീവനൊടുക്കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പല സ്ഥലങ്ങളിലും ഇതിന് ഉദാഹരണങ്ങളുണ്ടെന്ന് പാരീസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പായ  ഫെമിനിസൈഡ്‌സിന്റെ വക്താവ് പറഞ്ഞു.  


ഇലക്ട്രോണിക് ബ്രേസ്‌ലെറ്റുകൾക്ക് യാതൊന്നും തടയാനാവില്ലെന്നാണ് ഓൺലൈൻ ഉപദ്രവം നേരിടുന്നതിനാൽ തന്റെ പേര് നൽകരുതെന്ന അഭ്യർഥനയോടെ അവർ തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷനോട് പറഞ്ഞത്. 
യൂറോപ്പിൽ ഏറ്റവും ഉയർന്ന ഫെമിസൈഡ് നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. കഴിഞ്ഞ വർഷം രാജ്യത്ത് 146 സ്ത്രീകൾ അവരുടെ പങ്കാളികളാലോ മുൻ പങ്കാളികളാലോ കൊല്ലപ്പെട്ടു. 2018 ൽ ഇത് 121 ആയിരുന്നുവെന്നാണ്  ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. തെളിവുകൾ ശേഖരിക്കാനാണോ യഥാസമയം ഇടപെടാനാണോ ജി.പി.എസ് ട്രക്കിംഗ് സംവിധാനം ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതിന്റെ വിജയമെന്ന് അമേരിക്കയിലെ ഫിലാഡൽഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിലെ നയ ഉപദേഷ്ടാവ് ഓറെൻ ഗുർ പറഞ്ഞു, 


തെളിവുകൾ ശേഖരിച്ച് ജുഡീഷ്യൽ കേസ് കെട്ടിപ്പടുക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിൽ അതിൽ സജീവമായ മേൽനോട്ടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.  ഗാർഹിക പീഡനക്കാരെ നിരീക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏജൻസികളും തത്സമയ ഭീഷണികളോട് പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയുള്ള പരിമിതികളുണ്ടെങ്കിലും അതിക്രമങ്ങൾക്ക് ഇരയായവർക്ക് സുരക്ഷിത ബോധം നൽകാൻ ഇലക്ട്രോണിക് ബ്രേസ്‌ലെറ്റുകൾ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പദ്ധതിയുടെ ഭാഗമാകുന്നതോടെ മനഃസമാധാനമുണ്ടെന്നും ഇരകൾക്ക് പൊതുവെ ഇത് വലിയ സുരക്ഷിതത്വ ബോധമാണ് നൽകുന്നതെന്നും ചിക്കാഗോ ഇല്ലിനോയിസ് സർവകലാശാലയിലെ ക്രിമിനോളജി പ്രൊഫസർ പീറ്റർ ഇബ്ര പറഞ്ഞു. ജി.പി.എസ് ട്രാക്ക് ചെയ്യുന്ന പുരുഷന്മാർ ഇരകളിൽ നിന്ന് അകന്നു നിൽക്കുന്നുണ്ടെന്നും തെളിവുകൾ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ പ്രോസിക്യൂട്ടർമാരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തത്സമയം ട്രാക്ക് ചെയ്യുന്നതിലൂടെ  ഇരകളെ സമീപിക്കുന്നതിൽനിന്ന് പിന്മാറാൻ അക്രമികളെ  ഭീഷണിപ്പെടുത്തുന്നതിലും ഇരകളെ സുരക്ഷിതരാക്കുന്നതിലും ഇലക്‌ട്രോണിക് ടാഗുകൾ ഫലപ്രദമാണെന്ന് സ്‌പെയിനിലെ മലാഗ സർവകലാശാല 2016 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 
ക്രിമിനൽ കുറ്റവാളികളിൽനിന്ന് പൊതു സുരക്ഷയ്ക്കുള്ള ഭീഷണി കുറക്കുന്നതിന് ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നുവെന്നാണ് യു.എസ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ് (എൻ.ഐ.ജെ) നടത്തിയ ഗവേഷണത്തിന്റെ ഫലം.


കാലിഫോർണിയയിലെ ഉയർന്ന അപകട സാധ്യതയുള്ള ലൈംഗിക കുറ്റവാളികളുടെ ഇലക്ട്രോണിക് ടാഗിംഗിനെക്കുറിച്ച് എൻ.ഐ.ജെ ധനസഹായത്തോടെ നടത്തിയ മറ്റൊരു പഠനത്തിൽ, പരമ്പരാഗത പരോൾ ചികിത്സക്ക് വിധേയരായവരെ അപേക്ഷിച്ച് അവർ പുതിയ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും തെളിയിച്ചു.
അതിക്രമ കേസുകളിൽ കുടുങ്ങിയ പലർക്കും ട്രാക്ക് ചെയ്യപ്പെടുമെന്ന ആശയം തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും  ഒടുവിൽ അതിന്റെ നേട്ടങ്ങൾ തിരിച്ചറിയുന്നുവെന്നും പഠനങ്ങളിൽ പറയുന്നു.
ട്രാക്കിംഗ് സംവിധാനം തെറ്റായ ആരോപണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നുവെന്നതാണ് പ്രധാന കാരണമെന്ന് പീറ്റർ ഇബ്ര പറഞ്ഞു.  അവരുടെ ചലനങ്ങൾ തത്സമയം നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


സ്‌പോർട്‌സ് വാച്ചിനോട് സാമ്യമുള്ള ഉപകരണമാണ്  പൈലറ്റ് പ്രോജക്ടിനു കീഴിൽ ഫ്രാൻസിൽ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തിനെതിരായ സർക്കാർ ഇടപെടലിന്റെ ഭാഗമായി അടുത്ത വർഷത്തോടെ ഇത് ഫ്രാൻസിലുടനീളം വിന്യസിക്കും. സ്ത്രീഹത്യ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ  1000 പുതിയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കാനും  പോലീസ് പരിശീലനം മെച്ചപ്പെടുത്താനും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തീരുമാനിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ 2017 ൽ സ്ത്രീഹത്യാ നിരക്കിൽ മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്. ഒരു ലക്ഷം നിവാസികളിൽ 0.17 ആണ് ഇരകളുടെ നിരക്ക്.  ഏറ്റവും പുതിയ യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം ജർമനി (0.23), ഫിൻലാൻഡ് (0.35) എന്നീ രാജ്യങ്ങളാണ് മുന്നിൽ. 
മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി അക്രമിയും ഇരയും ട്രാക്ക് ചെയ്യുന്നതിന് അവരുടെ സമ്മതം നൽകണമെന്ന ഫഞ്ച് സംവിധാനത്തിൽ പിഴവുണ്ടെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. മറ്റു ചില രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസിൽ ഇരയെ ടാഗ് ചെയ്തിട്ടില്ല.


ഇത് ഇരകളെ കൃത്രിമത്വത്തിനോ ബലപ്രയോഗത്തിനോ തുറന്നുകൊടുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
പ്രതികൾക്ക് വേണമെങ്കിൽ ഇരയെ ഭീഷണിപ്പെടുത്തി കൃത്രിമം കാണിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തിയാൽ ഇരകൾ വിട്ടുനിൽക്കുമെന്നും അതോടെ സംവിധാനം മുന്നോട്ട് പോകില്ലെന്നും പാരീസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പ് പറയുന്നു. ചാർജർ സഹിതം  വരുന്ന ഉപകരണത്തിന് 48 മണിക്കൂറാണ് ബാറ്ററി ലൈഫ്. ചാർജ് തീർന്നിരിക്കുന്നുവെന്ന് ഒഴികഴിവ് അക്രമികൾക്ക് പറയാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


കുറ്റവാളികൾ ബ്രേസ്‌ലെറ്റ് ധരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അത് നിയമ നടപടികളിലേക്കും തടങ്കലിലേക്കും നയിക്കുമെന്ന് ഫ്രാൻസ് വിക്ടിംസിൽ നിന്നുള്ള വക്താവ് ഒലിവിയ മോൺസ് പറഞ്ഞു.
നിരീക്ഷണ ഏജൻസിയുടെ പരിധിക്ക് പുറത്ത് കടന്ന് വേണമെങ്കിൽ പ്രതികൾക്കും ഇരകൾക്കും കൂടിക്കാഴ്ച നടത്താമെന്ന പരിമിതി കൂടി ജി.പി.എസ് ടാഗിംഗിനുണ്ട്.  ട്രാക്കിംഗിന് പുറത്തു കടക്കാനും കൂടിക്കാഴ്ചകൾ നടത്താനും നിരവധി മാർഗങ്ങൾ ലഭ്യമാണ്. 



 

Latest News