Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

സേവന സൗഹൃദമാകുന്ന ജവാസാത്ത്

സൗദി അറേബ്യയിൽ ജവാസാത്ത് (പാസ്‌പോർട്ട് വിഭാഗം) എന്നു കേട്ടാൽ അടുത്ത കാലം വരെ പ്രവാസികളിൽ ആശങ്കയാണുണ്ടാക്കിയിരുന്നത്. മതിയായ രേഖകളില്ലെങ്കിൽ പിടിക്കപ്പെടുന്നവരെന്ന കാരണത്താൽ മാത്രമായിരുന്നില്ല, ജവാസാത്ത് സേവനങ്ങൾ ആവശ്യമായി വരുമ്പോൾ അതു ലഭ്യമാവുന്നതിനുണ്ടായിരുന്ന കടമ്പകളും പ്രവാസികളുടെ മനസ്സിൽ ഭീതി സൃഷ്ടിച്ചിരുന്നു. ഭാഷയും പലർക്കും പ്രശ്‌നമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഏതു സേവനവും ലോകത്തിന്റെ ഏതു കോണിലിരുന്നും ലഭ്യമാവും വിധം ജവാസാത്ത് കൂടുതൽ  ജനകീയവും സേവന സൗഹൃദവുമായിരിക്കുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതു തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ജവാസാത്തിന്റെ ഏതു സേവന വിവരങ്ങളും ഇന്ന് ഇംഗ്ലീഷിലും ലഭ്യമാണ്. ഇതു സംശയങ്ങൾ അകറ്റാനും മറ്റൊരാളുടെ സഹായമില്ലാതെ കാര്യങ്ങൾ സ്വന്തമായി ചെയ്യാനും പ്രവാസികളെ പ്രാപ്തരാക്കി. ദിവസങ്ങൾ കഴിയും തോറും ജവാസാത്ത് കൂടുതൽ കൂടുതൽ ജനോപകാര സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കി വരികയാണ്. അതിൽ ഏറ്റവും അവസാനത്തേതാണ്് കഴിഞ്ഞ ആഴ്ചയിൽ 12 പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ നടത്തിയ പ്രഖ്യാപനം. 
വ്യക്തി സേവനങ്ങൾക്കുള്ള അബ്ശിർ, സ്ഥാപന സേവനങ്ങൾക്കുള്ള മുഖീം പോർട്ടലുകൾ വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ഇതിൽ എടുത്തു പറയേണ്ടത് വിദേശ തൊഴിലാളി സൗദി അറേബ്യക്കകത്തില്ലെങ്കിലും ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി നീട്ടാമെന്നതാണ്. ആശ്രിത വിസയിൽ കഴിയുന്നവർക്കും ഈ സൗകര്യം ലഭ്യമാണ്. ഇത്രയും കാലം സാധ്യമാകാതിരുന്ന കാര്യമാണ് ഇപ്പോൾ വിദേശികൾക്ക് കൈവന്നിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ജവാസാത്ത് ഒട്ടേറെ ഇളവുകളും വിദേശികൾക്കായി നൽകിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് സൗദി അറേബ്യയിലെ ഒരു കോടിയിൽപരം വരുന്ന വിദേശികൾക്ക് ആഹ്ലാദം പകരുന്ന പുതിയ പ്രഖ്യാപനം ഉണ്ടായത്. സൗദിയുടെ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിൽ ഒരു ഭാഗം വിദേശികളാണ്. തൊഴിലുടമ ജവാസാത്ത് ഓൺലൈൻ സേവനങ്ങളെക്കുറിച്ച് പൂർണ പരിജ്ഞാനമുള്ളയാളും അതിനുള്ള സൗകര്യങ്ങളുമുള്ള ആളുമാണെങ്കിൽ ഇഖാമ പുതുക്കുന്നതിനും റീ എൻട്രി പുതുക്കുന്നതിനും വേണ്ടി മാത്രം തൊഴിലാളി കാലാവധി കഴിയുന്നതിനു മുമ്പെ സൗദിക്കകത്ത് എത്തിപ്പെടേണ്ടതില്ല. 
വർഷങ്ങൾക്കു മുമ്പ് തൊഴിലാളികളുടെ മാത്രമല്ല, ആശ്രിതരുടെയും ഏതു കാര്യത്തിനും സ്‌പോൺസർ മതിയായ രേഖകളുമായി നേരിട്ട് ജവാസാത്തിനെ സമീപിക്കണമായിരുന്നു. പിന്നീട് ഈ സേവനങ്ങൾ ഓൺലൈൻ വഴിയാക്കിയെങ്കിലും പുതുക്കുമ്പോഴും റീ എൻട്രി അടിക്കുമ്പോഴുമെല്ലാം വിദേശികൾ സൗദി അറേബ്യക്കകത്തു തന്നെ ഉണ്ടായിരിക്കണമെന്ന നിബന്ധന നീക്കിയിരുന്നില്ല. അതാണിപ്പോൾ നീക്കിയിരിക്കുന്നത്. ഇതു പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. നാട്ടിൽ അടിയന്തര ആവശ്യത്തിനു പോയി അതു പൂർത്തിയാക്കി നിശ്ചിത സമയം മടങ്ങിവരാൻ കഴിയാതിരിക്കുകയോ, അതല്ലെങ്കിൽ സാങ്കേതിക കാരണങ്ങളാൽ തിരിച്ചെത്താൻ കഴിയാതിരിക്കുകയോ ചെയ്താൽ വിസ റദ്ദായിപ്പോകുമെന്ന ആശങ്ക ഇനി വേണ്ട. സ്‌പോൺസർ വിചാരിച്ചാൽ ലോകത്ത് എവിടെയായിരുന്നാലും വിസയുടെയും റീ എൻട്രിയുടെയും കാലാവധി തൊഴിലാളിക്ക് നീട്ടി നൽകാൻ സാധിക്കും. 
ആശ്രിത വിസയിലുള്ളവർക്കാണ് പുതിയ സേവനം ഏറെ ഗുണം ചെയ്യുക. ആശ്രിത വിസയിലുള്ളവരുടെ സ്‌പോൺസർ കുടുംബ നാഥനായതിനാൽ അവർക്ക് കാര്യങ്ങൾ എളുപ്പം നടത്താനും കഴിയും. നാട്ടിൽ പഠിക്കുന്ന കുട്ടികൾക്ക് പുതിയ സേവനം വളരെയേറെ സഹായകമാണ്. പലപ്പോഴും നേരത്തെ നിശ്ചയിച്ച പ്രകാരം കുട്ടികൾക്ക് പഠനം പൂർത്തിയാക്കിയോ, പരീക്ഷ കഴിഞ്ഞോ തിരിച്ചെത്താൻ കഴിയാറില്ല. അപ്രതീക്ഷിത കാരണങ്ങളാൽ പരീക്ഷ നീട്ടിവെക്കുകയോ സാങ്കേതിക തടസ്സങ്ങളുണ്ടാവുകയോ ചെയ്താൽ നേരത്തെ നിശ്ചയിച്ച പ്രകാരം യാത്ര നടത്താൻ കഴിയാതെ വരാറുണ്ട്. ഇത്തരക്കാരുടെ വിസ തന്നെ നഷ്ടപ്പെടാറാണ് പതിവ്. അതല്ലെങ്കിൽ പരീക്ഷയോ ക്ലാസോ കഴിഞ്ഞ് സൗദിയിൽ ഓടിയെത്തണം. അങ്ങനെ വന്നാൽ തന്നെ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ താമസം നേരിട്ടാൽ ഉദ്ദേശിച്ച പോലെ മടങ്ങിപ്പോകാനും കഴിയാറില്ല. ഇതു പലർക്കും സാമ്പത്തിക നഷ്ടം മാത്രമല്ല, മാനസിക പിരിമുറുക്കവും ഉണ്ടാക്കാറുണ്ട്. 
ഇനിയിപ്പോൾ കുട്ടികൾ നാട്ടിലായിരുന്നാലും ഇഖാമയും റീ എൻട്രിയും പുതുക്കാമെന്നതിനാൽ വിസ നഷ്ടപ്പെടാതെ നിലനിർത്താൻ കഴിയും. ലെവിയും റീ എൻട്രി ഫീസുമെല്ലാം അടയ്ക്കണമെന്നു മാത്രം. സാമ്പത്തിക നഷ്ടമുണ്ടായാലും വിസ നിലനിർത്താൻ കഴിയുമെന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും  ഒരുപോലെ ആശ്വാസകരമാണ്. പുതുക്കുമ്പോഴും റീ എൻട്രിക്കും ആൾ സൗദിക്കകത്തുണ്ടായിരിക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്നതിനാൽ ആശ്രിത വിസയിൽ കഴിഞ്ഞിരുന്ന കുട്ടികളുടെ വിസ പല രക്ഷിതാക്കൾക്കും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. കാരണം യഥാസമയം എത്താൻ കഴിഞ്ഞില്ലെങ്കിലുണ്ടാവുന്ന പ്രയാസമായിരുന്നു. ഇഖാമക്കു കാലാവധിയുണ്ടെങ്കിൽ ജവാസാത്തും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖകൾ കോൺസുലേറ്റിൽ സമർപ്പിച്ചാൽ റീ എൻട്രി കാലാവധി കുറഞ്ഞ കാലത്തേക്ക് നീട്ടി ലഭിക്കുമായിരുന്നുവെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ ഏറെ ദുഷ്‌കരമായിരുന്നു. അതിനാൽ പലരും അതിനു മുതിരാറില്ല. 
റീ എൻട്രിയിൽ പോയവർക്ക് മടങ്ങി വരാനാവാതെ വിസ കാലാവധി അവസാനിച്ചാൽ രണ്ടു മാസത്തിനകം പുതുക്കാമെന്നതും പുതിയ സേവനത്തിന്റെ ഗുണമാണ്. ഇല്ലെങ്കിൽ ജവാസാത്ത് രേഖകളിൽ തിരിച്ചുവന്നില്ലെന്ന് രേഖപ്പെടുത്തുമെന്നതിനാൽ പിന്നെ ഇത്തരക്കാർക്ക്  അതേ സ്ഥാപനത്തിലേക്ക് പുതിയ വിസയിൽ വരാമെങ്കിലും മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി തേടിയെത്താൻ മൂന്നു വർഷം കാത്തിരിക്കേണ്ടിവരും. വ്യക്തി, സ്ഥാപന സ്‌പോൺസർമാർ സർക്കാർ നടപടിക്രമങ്ങളിൽ വീഴ്ച വരുത്താത്തവരോ, നിയമ പ്രശ്‌നങ്ങൾ ഇല്ലാത്തവരോ ആണെങ്കിൽ ഇഖാമയുടെ കാലാവധിയും റീ എൻട്രിയും നിമിഷ നേരം കൊണ്ട് പുതുക്കാൻ കഴിയുമെന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വൻ നേട്ടം തന്നെയാണ്. എല്ലാ തലത്തിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഫലമായി ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും പരിഷ്‌കരണ നടപടികളിലൂടെ വിദേശികൾക്ക് ലഭിച്ചിരിക്കുന്ന ആശ്വാസം പ്രശംസനീയമാണ്. 
തൊഴിലുടമ, തൊഴിലാളി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്ന ചുവടുവെപ്പുകളാണ് സൗദി ഭരണകർത്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്‌പോൺസർഷിപ് നിയമം എടുത്തുമാറ്റുന്ന വിപ്ലവാത്മകരമായ മാറ്റം കൂടി താമസിയാതെയുണ്ടാകുമെന്ന സൂചനയും വിദേശ തൊഴിലാളികളിൽ അത്യാഹ്ലാദമാണ് പകർന്നിരിക്കുന്നത്.
 

Latest News