Sorry, you need to enable JavaScript to visit this website.

ദത്തെടുക്കുന്ന കുട്ടികളുടെ പാസ്‌പോർട്ട് ഇനി കർശന പരിശോധനകൾക്കു ശേഷം

ന്യുദൽഹി- പ്രവാസികൾ ദത്തെടുക്കുന്ന കുട്ടികൾക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിന് മുമ്പ് കേന്ദ്ര ശിശു വികസന മന്ത്രാലയത്തിന്റെ ശുദ്ധിപത്രം നിർബന്ധമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. യുഎസിൽ മലയാളി ദമ്പതികൾ ദത്തെടുത്ത കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ദത്തെടുത്ത കുട്ടികളെ വിദേശത്തേക്കു കൊണ്ടു പോകുന്നതിന് പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ ശിശു വികസന മന്ത്രാലയത്തിന്റെ ശുദ്ധിപത്രം ഇനി മുതൽ നിർബന്ധമാണെന്ന് സുഷമ ട്വിറ്ററിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മലയാളി ദമ്പതികൾ ബിഹാറിൽ നിന്നും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയ ഷെറിൻ എന്ന രണ്ടു വയസ്സുകാരിയെ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ഷെറിനെ ദത്തെടുത്ത വെസ്ലി മാത്യൂസ് എന്ന 37കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിക്ക് പാൽകുടിക്കാത്തതിന് ശിക്ഷയായി വീട്ടിനു പുറത്ത് നിർത്തുകയും അവിടെ നിന്നും കുട്ടിയെ കാണാതായെന്നുമാണ് നേരത്തെ വെസ്ലി പോലീസിനോട് പറഞ്ഞിരുന്നത്. ഷെറിന്റെ മൃതദേഹം ലഭിച്ച ശേഷം ഇയാൾ മൊഴിമാറ്റി പറഞ്ഞിട്ടുണ്ട്. ദത്തുപുത്രിയായ ഷെറിനെ വെസ്ലി കൊലപ്പെടുത്തി എന്ന സംശയം ബലപ്പെട്ടിരിക്കുകയാണിപ്പോൾ. 

ഷെറിനെ ദത്തെടുത്ത പ്രക്രിയയിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കാൻ വനിതാ ശിശു വികസന മന്ത്രി മേനകാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ പറഞ്ഞു. രണ്ടുവർഷം മുമ്പാണ് ബിഹാറിലെ മദർ തെരേസ അനന്ത് സേവ സൻസ്തൻ എന്ന അനാഥാലയത്തിൽ നിന്ന് വെസ്ലിയും ഭാര്യ സിനിയും ചേർന്ന് ബേബി സരസ്വരി എന്ന ഷെറിനെ ദത്തെടുത്തത്. ടെക്‌സസിലെ റിച്ചാഡ്‌സണിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ദമ്പതികൾ. 

Latest News