'ജംഗിള്‍രാജിലെ യുവരാജാവ്': മോഡിയുടെ പരിഹാസത്തിന് തേജസ്വിയുടെ മറുപടി ഇങ്ങനെ

പട്‌ന- കാട്ടുരാജ്യത്തെ യുവരാജാവ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിഹാസത്തിന് പ്രതിപക്ഷ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ മറുപടി. അഴിമതി, തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി തുടങ്ങി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയാണ് ഇത്തരം പരിഹാസത്തിലൂടെ പ്രധാനമന്ത്രി മോഡി ചെയ്യുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി പ്രതികരിച്ചു. 'അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് എന്തും പറയാം. അതിനെല്ലാം പ്രതികരിക്കാനില്ല. എന്നാല്‍ അദ്ദേഹം ബിഹാറിലേക്കാണ് വന്നിരിക്കുന്നത്. സംസ്ഥാനത്തിനുള്ള പ്രത്യേക പാക്കേജ്, തൊഴിലില്ലായ്മ, മറ്റു സുപ്രധാന വിഷയങ്ങള്‍ എന്നിവയൊക്കെ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു,' തേജസ്വി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. 30 ഹെലികോപ്റ്ററുകളൊക്കെ ഉപയോഗിച്ചാണ് പ്രചരണ പരിപാടികള്‍. അവരുടെ പ്രധാനമന്ത്രി ഈ തരത്തിലാണ് സംസാരിക്കുന്നതെങ്കില്‍ എല്ലാം പൊതുജനം അറിയുന്നുണ്ട്. ദാരിദ്ര്യം, കര്‍ഷകര്‍, തൊഴില്‍, ഫാക്ടറികള്‍ എന്നിവയെ കുറിച്ചൊക്കെയാണ് അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്- തേജസ്വ പറഞ്ഞു.

തേജസ്വിക്കെതിരെ ആദ്യമായാണ് പ്രധാനമന്ത്രി മോഡി കഴിഞ്ഞ ദിവസം നേരിട്ട് കടന്നാക്രമണം നടത്തിയത്. ഇത് ബിജെപി ക്യാംപിലെ അസ്വസ്ഥതയാണ് വെളിപ്പെടുത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. തേജസ്വിയുടെ റാലികള്‍ വന്‍തോതില്‍ ജനക്കൂട്ടമെത്തുന്നത് ബിജെപി ഉള്‍പ്പെടുന്ന ഭരണ സഖ്യത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
 

Latest News