Sorry, you need to enable JavaScript to visit this website.

ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

കൊച്ചി- കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റും കസ്്റ്റംസും സംയുക്തമായിട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. തുടർന്ന് ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ശിവശങ്കറിനെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്ന് രാവിലെ 10.30 ഓടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു.വൈകുന്നേരം 3.20 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫിസിൽ ശിവശങ്കറിനെ എത്തിച്ചത്.മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്ത് നിന്നും ഇടവഴികളിൽകൂടിയായിരുന്നു ശിവശങ്കറിനെയുമായി എൻഫോഴ്സമെന്റ് സംഘം കൊച്ചിയിലേക്ക് യാത്രചെയ്തത്.ഇതിനിടയിൽ ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ശിവശങ്കറിനെ മാറ്റുകയും ചെയ്തു. ചേർത്തലയിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ ഡിക്കൊപ്പം ചേർന്നിരുന്നു.പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ അകമ്പടിയോടെയായിരുന്നു ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ചത്. ശിവശങ്കറിനെ എത്തിക്കുന്നതിന് മുമ്പായി കസ്റ്റംസിന്റെ പ്രധാന ഉദ്യോഗസ്ഥരും ഇ ഡി ഓഫിസിൽ എത്തിയിരുന്നു.
മൂന്ന് മാസത്തോളം നീണ്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും മൊഴിയെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കഴിഞ്ഞ ജൂലൈ 7 നാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറെ മാറ്റിയത്. ജൂലൈ 14ന് ശിവശങ്കറെ കസ്റ്റംസ് ആദ്യമായി ചോദ്യം ചെയ്തു. 9 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ജൂലൈ 15ന് ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ജൂലൈ 16ന്  അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നും ശിവശങ്കറെ സസ്‌പെൻഡ് ചെയ്തു. ജൂലൈ 23ന് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തു. ജൂലൈ 27ന് എൻഐഎ രണ്ടു ദിവസം തുടർച്ചയായി ശിവശങ്കറെ ചോദ്യം ചെയ്തു. ജൂലൈ 30ന് ശിവശങ്കറിൻറെ ചാർട്ടേഡ് അക്കൗണ്ടൻറായ വേണുഗോപാലിന്റെ ഓഫീസിലും വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. ഓഗസ്റ്റ് 15ന് ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സെപ്റ്റംബർ 24ന് ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്തു. ഒക്ടോബർ 9ന് കസ്റ്റംസ് പ്രിവൻറീവ് വിഭാഗം 11 മണിക്കൂർ ചോദ്യം ചെയ്തു. ഒക്ടോബർ 10ന് ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. ഒക്ടോബർ 11ന് വിദേശയാത്രകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ശിവശങ്കറോട് കസ്റ്റംസ് നിർദേശിച്ചു. തുടർന്ന് അദ്ദേഹം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒക്ടോബർ 15ന് ഇ ഡി കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബർ 23 വരെ തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ഒക്ടോബർ 15 - ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.


 

Latest News