Sorry, you need to enable JavaScript to visit this website.

ലക്ഷം പ്രതിഷേധ ജ്വാലകൾ, കേരളപ്പിറവി ദിനത്തിൽ

വളരെ പ്രസക്തവും പ്രതീകാത്മകവുമായ ഒരു പ്രതിഷേധത്തിന് ഈ കേരളപ്പിറവി സാക്ഷ്യം വഹിക്കാൻ പോകുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും  നേരെ രാജ്യമെങ്ങും വർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾക്കും ദളിത് - ആദിവാസി-മുസ്‌ലിം - ലൈംഗിക ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ  കേരളപ്പിറവി ദിനത്തിൽ  കേരളമെമ്പാടും പ്രതിഷേധജ്വാലകൾ ജ്വലിക്കുന്നു.  വിവിധ സ്ത്രീ സംഘടനകളുടെയും മറ്റ് സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് ഒരുലക്ഷം പ്രതിഷേധജ്വാലകൾ ഒരേസമയം കത്താൻ പോകുന്നത്. 


കേരളമടക്കം ഇന്ത്യയിലെമ്പാടും ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുകയും നീതി നിഷേധങ്ങൾ തുടരുകയുമാണ്. വീടുകളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ആരാധനാലയങ്ങളിലും സൈബർ ഇടങ്ങളിലും എല്ലാ പൊതുയിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. പലപ്പോഴും ഭരണകൂടങ്ങൾ കുറ്റവാളികൾക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതാണ് ഏറ്റവും ഖേദകരം. 
അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് യുപിയിലെ ഹാഥ്‌റസിൽ കാണുന്നത്. ദളിത് സ്ത്രീകളാകട്ടെ സാമൂഹ്യമായ മറ്റ് അവകാശ നിഷേധങ്ങളോടൊപ്പം സ്ത്രീകളെന്ന നിലയിലുള്ള അതിക്രമങ്ങളെയും അവഗണനകളെയും കൂടി നേരിടേണ്ടിവരുന്നു. നിർഭയാ സംഭവത്തോടെ നിയമങ്ങൾ കർക്കശമാക്കി എന്നൊക്കെ പറയുമ്പോഴും പീഡനങ്ങൾ വർദ്ധിക്കുന്നു എന്നല്ലാതെ കുറയുന്നതായി കാണുന്നില്ല. 


മറുവശത്ത് സംഘപരിവാർ ഫാസിസം രാഷ്ട്രീയ - ഭരണതലത്തിൽ പിടിമുറുക്കുന്നത് നൂറ്റാണ്ടുകളായി  നിലനിൽക്കുന്ന ജാതി വിവേചനവും ന്യൂനപക്ഷ പീഡനവും ഊട്ടിയുറപ്പിക്കാൻ അവസരമൊരുക്കുന്നു. ഭരണഘടനക്കുപകരം മനുസ്മൃതിയെ മുൻനിർത്തിയുള്ള ഹിന്ദുത്വരാഷ്ട്രസങ്കൽപ്പം സവർണ്ണപ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായിരിക്കുമെന്നതിൽ സംശയമില്ല. അവിടെ ദളിതർക്കും ആദിവാസികൾക്കുമുള്ള സ്ഥാനം എവിടെയായിരിക്കുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആർഷഭാരത സംസ്‌കാരം തന്നെ പറഞ്ഞുതരും. ഭീമകോറഗോവിന്റെ പേരിലുള്ള അറസ്റ്റുകളും സവർണ്ണസംവരണവുമൊക്കെ അതിന്റെ ഭാഗമാണ്. 


അതേസമയം ആയിരക്കണക്കിന് ജാതികളായി വിഭജിച്ചകിടക്കുന്ന ഹിന്ദുമതത്തെ ഇത്തരമൊരു ലക്ഷ്യം നേടാനായി ഏകീകരിക്കാനായി ഒരു ശത്രു ആവശ്യമാണ്. ഇന്ത്യയിലത് മുസ്ലിമാണ്. മുസ്ലിം ജനത നമ്മുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചാണ്, നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനങ്ങളിൽ നിന്നുള്ള മോചനത്തനായി പോരാടുന്ന ദളിത് വിഭാഗങ്ങളെ വീണ്ടും കാൽക്കീഴിൽ കൊണ്ടുവരാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. ബാബറി മസ്ജിദും ഗുജറാത്തും മുസാഫർ നഗറും പശുവിന്റേയും ശ്രീറാം വിളിയുടേയും പേരിലുള്ള കൊലകളും കശ്മീരിന്റെ ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞതും പൗരത്വഭേദഗതിയുമൊക്കെ അതിന്റെ ഭാഗം മാത്രം. അതോടൊപ്പം നീതിക്കു വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും എഴുത്തുകാരേയുമെല്ലാം ജയിലിലടക്കുന്നു.


സഹോദരൻ അയ്യപ്പൻ പറഞ്ഞ ഒരു വിഷയം ഇവിടെ വളരെ പ്രസക്തമാണ്. ഫാസിസത്തിന്റെ പ്രതീകമായി ലോകം മുഴുവൻ ചൂണ്ടിക്കാട്ടാറുള്ളത് ഹിറ്റ്‌ലറെയാണല്ലോ. എന്നാൽ ഞങ്ങളുടെ മനുവിന്റെ മുന്നിൽ നിങ്ങളുടെ ഹിറ്റ്‌ലർ എത്ര നിസ്സാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ജൂതരെ കൂട്ടക്കൊല ചെയ്ത് വംശാധിപത്യം സ്ഥാപിക്കാനാണ് ഹിറ്റ്‌ലർ ശ്രമിച്ചതെന്നതു ശരി. എന്നാലത് വളരെ കുറഞ്ഞ കാലത്തെ സംഭവം മാത്രമായിരുന്നു. 
ഇവിടത്തെ മനുസ്മൃതിയെപോലെ ശക്തമായ ഒരു പ്രത്യയശാസ്ത്രം അതിനു പുറകിൽ കാണാൻ കഴിയില്ല. മനുഷ്യനെ പലതട്ടുകളായി വിഭജിക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ അതിക്രൂരമായ പീഡനങ്ങൾ നടക്കുന്നതും അതെല്ലാം ദൈവഹിതമാണെന്ന് ഇരകളെകൊണ്ടുപോലും അംഗീകരിപ്പിക്കുന്നത്രയും ശക്തമാണ് ഇന്ത്യൻ ഫാസിസത്തിന്റെ അടിത്തറ. അമേരിക്കയിലടക്കം ലോകത്ത് പലയിടത്തും ഇന്നും വർണ്ണവിവേചനം നിലനിൽക്കുന്നു എങ്കിലും അവയെല്ലാം ചാതുർവർണ്ണ്യപ്രത്യയശാസ്ത്രത്തിനുമുന്നിൽ എത്രയോ നിസ്സാരം. 


എന്തുകൊണ്ട് ഇത്തരമൊരു പ്രതിഷേധജ്വാല കത്തിക്കാൻ കേരളപ്പിറവി ദിനം തന്നെ തെരഞ്ഞെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. ഈ ജ്വാലയുയർത്തുന്ന വിഷയങ്ങളെല്ലാം തന്നെ കേരളത്തിലും പ്രസക്തമാണെന്നതു തന്നെ അതിനു കാരണം. സംഘപരിവാർ ഒരിക്കലും അധികാരത്തിലിരുന്നിട്ടില്ല എങ്കിൽ പോലും ഇക്കാര്യങ്ങളിലൊന്നും നമ്മളും പുറകിലല്ല. ഹാഥ്‌റസിനു സമാനമായി  വാളയാർ  പെൺകുട്ടികളുടെ മാതാവ് നീതിക്കായി പോരാടുമ്പോഴാണ് ഈ വർഷത്തെ കേരളപ്പിറവിദിനം എന്നതു തന്നെ അതിന്റെ സൂചനയാണ്. അതിഭീകരമായി പീഡിപ്പിക്കപ്പെട്ട് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൊല ചെയ്യപ്പെടുക മാത്രമല്ലല്ലോ വാളയാറിൽ സംഭവിച്ചത്. സംഭവത്തെ ആത്മഹത്യയാക്കാനും കേസു തേച്ചുമായ്ച്ചുകളയാനും ശ്രമം നടന്നു. ഹാഥ്‌റസിലെ പോലെ പോലീസിന്റേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും ഭാഗത്തുനിന്നാണ് ഇവിടേയും അതുണ്ടായത്. അതിനു നേതൃത്വം നൽകിയ പോലീസുദ്യോഗസ്ഥനു പ്രമോഷൻ സമ്മാനിക്കാനും സർക്കാർ മടിച്ചില്ല. അതുവഴി നീതിക്കായി നിലകൊള്ളുന്ന മുഴുവൻ മലയാളികളേയും വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. 


മാത്രമല്ല എന്തിനാണ് ആ മാതാവ് സമരം ചെയ്യുന്നത്. അതിനു പുറകിൽ മറ്റാരൊക്കെയോ ആണ് എന്നാക്ഷേപിക്കാൻ മന്ത്രിമാർ പോലും തയ്യാറാകുന്നു. ആ അധിക്ഷേപത്തിനുള്ള മറുപടി കൂടിയാകണം ഈ പ്രതിഷേധജ്വാല. വാളയാർ ഒറ്റപ്പെട്ട വിഷയമല്ല എന്നും നമുക്കറിയാം. പാലത്തായിയിലും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നു. തുറിച്ചുനോട്ടവും സദാചാരപോലീസിംഗും കടന്നാക്രമവുമില്ലാതെ സ്ത്രീകൾക്ക് യാത്രചെയ്യാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളം. സന്ധ്യമയങ്ങിയാൽ പറയുകയും വേണ്ട. ആരാധനാലയങ്ങലിൽ പോലും പ്രവേശനം നിഷേധിക്കപ്പെടുന്നു. സൈബറിടമടക്കം എല്ലാ പൊതുയിടങ്ങളിലും നടക്കുന്ന സ്ത്രീപീഡനങ്ങൾ സാധാരണസംഭവമായി മാറിയിരിക്കുന്നു.
പ്രതിഷേധജ്വാല ഉന്നയിക്കുന്ന മറ്റുവിഷയങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല. ദളിതരുടെ കേരളത്തിലെ അവസ്ഥ എന്താണെന്നതിന്റെ സൂചകങ്ങളാണല്ലോ ജിഷയും കെവിനും വിനായകനും മറ്റും. പട്ടികജാതിക്കാരൊഴികെയുള്ള മിശ്രവിവാഹങ്ങൾക്ക് പരസ്യം കൊടുക്കുന്ന പുരോഗമക്കാരുടെ നാട്. അഭിമാനകൊലകൾ എന്ന പേരിൽ ജാതികൊലകൾ പോലും അരങ്ങേറുന്നു.

സവർണ്ണസംവരണത്തിൽ കേന്ദ്രത്തെപോലും കേരളം കടത്തിവെട്ടിയിരിക്കുന്നു. വിശപ്പിന്റെ പേരിൽ കൊല ചെയ്യപ്പെട്ട മധുമുതൽ ഭൂമിക്കായി ഇന്നും പോരാടുന്ന ആദിവാസികളുടെ നാടുകൂടിയാണ് കേരളം. വിദ്യാഭ്യാസം ജ•ാവകാശമെന്ന മുദ്രാവാക്യമുയർത്തി വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരുമ്പോഴാണല്ലോ കേരളപ്പിറവി വരുന്നത്. ഇസ്‌ലാമോഫോബിയയുടെ കാര്യത്തിലും നാമൊട്ടും പുറകില്ലല്ലോ. എത്രയോ മുസ്ലിംചെറുപ്പക്കാരെ യുഎപിഎ ചുമത്തി അകത്തിടുന്നു. വർഷങ്ങൾക്കുശേഷം നിരപരാധികളായി ബോധ്യപ്പെട്ടു വിട്ടയക്കുന്നു. മാവോയിസ്റ്റുകളെന്ന പേരിൽ നടക്കുന്ന വ്യാജഏറ്റുമുട്ടൽ കൊലകളും ലഘുലേഖവായിക്കുന്നതിന് യുഎപിഎ ചുമത്തുന്നതും മനുഷ്യാവകാശരംഗത്തും നാമെവിടെയെത്തുനിൽക്കുന്നു എന്നതിനു തെളിവാണ്. ട്രാൻസ് സൗഹൃദ സംസ്ഥാനമെന്നു കൊട്ടിഘോഷിക്കുമ്പോഴും ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ നാമെത്ര പുറകിലാണെന്നതിന് എത്രയോ സമകാലികസംഭവങ്ങൾ പോലും സാക്ഷി.
ഇത്തരമൊരു സാഹചര്യത്തിൽ കേരളപ്പിറവി ദിനം നടക്കുന്ന പ്രതിഷേധജ്വാല വിജയിപ്പിക്കേണ്ടത് സാമൂഹ്യനീതിയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും ലിംഗനീതിയിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടേയും രാഷ്ട്രീയ ഉത്തരവാദിത്തമായി മാറുന്നു.

Latest News