Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

സംവരണത്തിലെ സീതി ഹാജി-എം.വി.ആർ തിയറി ഓർമ്മയിലെത്തുമ്പോൾ 

നിയമസഭയിലും പുറത്തും  ലീഗ് നേതാവ് പി. സീതി ഹാജിയും, സി.പി.എം പ്രമുഖനായിരുന്ന എം.വി.രാഘവനും  സ്വീകരിച്ച  നിലപാടുകൾ പലതും ദീർഘകാലം ഓർമ്മിക്കപ്പെട്ടവയാണ്. അവയിൽപ്പെട്ടതാണ് സംവരണ വിഷയത്തിലെ അവരുടെ വാക്കുകൾ.  പിന്നോക്ക അധഃസ്ഥിത വിഭാഗങ്ങളുടെ സംവരണം വലിയ വിഷയമായി കത്തിപ്പടർന്ന ഏതോ നിയമസഭ ചർച്ചക്കിടയിലായിരുന്നു സീതി ഹാജിയുടെയും, എം.വി.ആറിന്റെയും  സംവരണ വിഷയത്തിലെ  ലളിതമെങ്കിലും ഇന്ത്യയുടെ സാമൂഹ്യ യാഥാർഥ്യമത്രയും ഉൾച്ചേർന്ന പ്രതികരണം.  സീതിഹാജി പറഞ്ഞത്  ഏതാണ്ട് ഇങ്ങനെയായിരുന്നു ;  ഉദ്യോഗം വേണമെന്ന് ഞങ്ങൾ പിന്നോക്കക്കാർ ആവശ്യപ്പെടുമ്പോൾ, അത് ശമ്പളം വാങ്ങാനാണെന്ന് നിങ്ങളാരും തെറ്റിദ്ധരിക്കരുത്. ഒരു ഐ.എ.എസ് കാരനോ, ഐ.പി.എസോ വാങ്ങുന്ന വലിയതെന്ന് നിങ്ങൾ കരുതുന്ന ശമ്പളമുണ്ടല്ലോ, അപ്പറഞ്ഞ ശമ്പളത്തിന്റെ ഇരട്ടിയോ അതിലധികമോ ഈ പറഞ്ഞ പിന്നോക്കക്കാരൻ ഒരു കുട്ടമീൻ കൊണ്ടോട്ടി അങ്ങാടിയിൽ കൊണ്ടുപോയിവിറ്റാൽ കിട്ടും. അതുകൊണ്ട് ഞങ്ങൾ സംവരണം ചോദിക്കുമ്പോൾ ലക്ഷ്യമാക്കുന്നത് അധികാരപങ്കാളിത്തമാണെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.   സംവരണ വിഷയത്തിലെ എല്ലാ മഹാതിയറികളെയും മറികടക്കുന്ന വജ്ര മൂർച്ചയുള്ള  നിലപാട്. വർഷങ്ങൾക്കിപ്പുറം പിന്നോക്കക്കാരന് അധികാര പങ്കാളിത്തം നൽകുന്ന സംവരണതത്വത്തിന്റെ കടക്കൽ കത്തി വീണഘട്ടത്തിലും സീതി ഹാജിയുടെ ലളിത തിയറി പ്രസക്തമാവുകയാണ്. തന്റെയും ഇ.കെ നായനാരുടെയുമൊക്കെ വിദ്യാഭ്യാസ യോഗ്യത എൽ.പി യാണെന്ന് ഒരു ദിവസം നിയമസഭയിൽ പറഞ്ഞ സീതിഹാജി അതിന്റെ പൂർണ്ണ രൂപം ലോക പരിചയമാണെന്ന് വിശദീകരിച്ചതും, ഇതുകേട്ട് പ്രതിഭാധനനായ രാഷ്ട്രീയക്കാരനായ എം.പി വീരേന്ദ്രകുമാർ , സീതി ഹാജിയെ പോലുള്ളവർ നേടിയതാണ് ശരിയായ വിദ്യാഭ്യാസമെന്ന് ഒന്നാന്തരം ലോഹ്യ സോഷ്യലിസ്റ്റായതുമൊക്കെ  ഇന്ന് നന്മ നിറഞ്ഞ ഓർമ്മ മാത്രം.  


സീതി ഹാജിയുടേതിന് സമാനമായ ഒരു വർത്തമാനം സി.പി.എമ്മിന്റെ പ്രമുഖ നേതാവായിരുന്ന കാലത്ത് എം.വി രാഘവനിൽ നിന്നും നിയമസഭയിൽ കേൾക്കുകയുണ്ടായി.  സംവരണം ലഭിക്കാത്ത വിഭാഗങ്ങളുടെ ദുഃഖവും വേദനയും പതിവ് പോലെ ആരുടെയൊക്കെയോ വാക്കായും വാചകമായും സഭാതലത്തിൽ പെയ്തിറങ്ങിയ  ദിനത്തിലെപ്പോഴോ എം.വി രാഘവൻ ഇങ്ങനെ അപ്പറഞ്ഞവരെ നേരിട്ടു ' ..എത്രയോ കാലം പാവങ്ങളെ ചൂഷണം ചെയ്ത് സുഖിച്ചതല്ലെ . ഇപ്പോൾ  നല്ലോണം അനുഭവിക്കട്ടെ...''   ഇപ്പറഞ്ഞതാണ് ശരിയെന്ന് തെളിയിക്കാൻ കേരളത്തിന്റെ ലൈബ്രറികൾ നിറയെ  ചരിത്രത്തിന്റെ തെളിവും രേഖയും കാണും.  മലബാറിൽ നിലനിന്ന  അധഃസ്ഥിത ജീവിതാവസ്ഥയെക്കുറിച്ച്  ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ ശേഖരിച്ച് , വി.ടി. കുമാരൻ മാസ്റ്റർ (രണ്ടു പേരും ഇന്നില്ല)  പരിശോധന നടത്തി സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച  'മതിലേരിക്കന്നി'എന്ന വടക്കൻ പാട്ട് സമാഹാരത്തിലെ വരികൾ തന്നെ മതിയായതിനും അപ്പുറമുള്ള തെളിവായെടുക്കാം.  

 

ഉദാഹരണത്തിന് രണ്ട് വരി
'  നാനാഴി കല്ലരി യൊരാട്ടും തുപ്പും / 
നാനാഴി കുങ്കനുംകിട്ട്യോണ്ടാരെ....'
എന്നാണ് അക്കാലത്തെ കുങ്കന്മാരെക്കുറിച്ച് അജ്ഞാതനോ/ അജ്ഞാതയോ ആയ വടക്കൻ പാട്ട് കവി പറയുന്നത്. ജന്മം കൊണ്ട് ഉന്നത കുലജാതനായ രാഘവന് മലബാറിൽ പോലും നിലനിന്ന ഇപ്പറഞ്ഞ ജാതിചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നു. അത്രത്തോളം ഇന്ത്യയുടെയും കേരളത്തിന്റെയും ജാതി യാഥാർഥ്യം മനസ്സിലാക്കിയ അദ്ദേഹത്തിന് അന്നങ്ങനെ സ്വയം വിമർശനം നടത്തുന്ന ഉന്നത ജാതിക്കാരനാകാൻ കഴിഞ്ഞെങ്കിൽ  ഇന്നിപ്പോൾ അദ്ദേഹം വളർത്തി കൊണ്ടുവന്നവർക്ക് ഇതിനെപ്പറ്റിയൊന്നും ഒരു ചിന്തയുമില്ല. മത വർഗീയത പറഞ്ഞാൽ വോട്ടിങ്ങ് തുരുതുരാ  പോരും എന്നായിരിക്കും അവരുടെ തെറ്റിദ്ധാരണ എന്ന് തോന്നുന്നു.  കേരളീയ സമൂഹത്തിൽ  ജാതീയത പോലെ ശക്തമല്ല മതവർഗീയത എന്നതാണ് യാഥാർഥ്യം.
1500 ബി.സിയിൽ തന്നെ നിലനിന്ന ജാതി വ്യവസ്ഥയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപമെന്ന് ജാതി വിവേചനം വേണ്ടതിലധികം നേരിട്ട തലമുറയുടെ പ്രതിനിധിയായിരുന്ന ഇന്ത്യയുടെ രാഷ്ട്രപതി കെ.ആർ നാരായണൻ (ഒക്‌ടോബർ 27ന് അദ്ദേഹത്തിന്റെ ജന്മ ശതാബ്ദിയായിരുന്നു) കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലെ ഒരു വേദിയിൽ പ്രസംഗിച്ചതോർക്കുന്നു. ജാതി വ്യവസ്ഥയെ ഇന്ത്യയുടെ ശത്രുവായാണ് മഹാനായ ചിന്തകനായ ആ ഭരണാധികാരി കണ്ടിരുന്നത്.


ഇതൊക്കെ മനസിൽ വെച്ച് കൊണ്ട് മാത്രമെ സാമ്പത്തിക സംവരണത്തിന് വ്യവസ്ഥചെയ്തു കൊണ്ട് ഒക്‌ടോബർ 23 ന് അസാധാരണ ഗസറ്റായി  ഇറങ്ങിയ കേരള സർക്കാർ വിജ്ഞാപനത്തെ കാണാൻ സാധിക്കുകയുള്ളു. പ്രമുഖ പത്രപ്രവർത്തകനായ ബി.ആർ.പി ഭാസ്‌കർ ഈ നടപടിയെ ഇനി പറയുംവിധം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്-ഇ.എം.എസിന്റെ സംവരണ നയം+ കെ.കരുണാകരന്റെ പോലീസ് നയം = പിണറായി ഭരണം.


ബി.ആർ.പി മാത്രമല്ല സമാനമനസ്‌കരായ ഒരുപാടുപേർ ഇനിയുമിനിയും ഇതുപോലെയൊക്കെ  തന്നെ പറയും.  കറുത്ത പാടായി ഇപ്പറഞ്ഞ സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന  ഉത്തരവ് കേരള ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കും.   ഇന്നു ജീവിച്ചിരിക്കുന്നവർ മാത്രമല്ല പിന്നാലെ വരുന്ന തലമുറകളും ഈ അനീതി ചെയ്തവരെ ഒറ്റക്കും കൂട്ടായും വിചാരണ ചെയ്തുകൊണ്ടേയിരിക്കും.

Latest News