ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബി.ജെ.പി. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് ബി.ജെ.പിയുടെ നീക്കം. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുൽ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്.
ഇന്ന് രാവിലെയായിരുന്നു രാഹുൽ ഗാന്ധി മഹാഗദ്ബന്ധന് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി ട്വീറ്റ് ചെയ്തത്.
നീതി, തൊഴിൽ, മാറ്റം എന്നിവയ്ക്കായി മഹാഗദ്ബന്ധൻ സഖ്യത്തെ പിന്തുണയ്ക്കണമെന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.
'നീതിയ്ക്കും തൊഴിലിലിനും കർഷകർക്കും തൊഴിലാളികൾക്കുമായി വിനിയോഗിക്കേണ്ട സമയമാണ് ഇത്. നിങ്ങളുടെ ഓരോ വോട്ടും മഹാഗദ്ബന്ധന് വേണ്ടിയായിരിക്കണം. ബീഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.






