കൊച്ചി- സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് കേസുകളില്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്‍റ് ഉന്നയിച്ചിരിക്കുന്നത്. ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്റ് വാദിച്ചത്. മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും രണ്ട് കേന്ദ്ര ഏജൻസികളും വാദിക്കുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്.
എന്നാൽ അന്വേഷണത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിക്കുക ആണെന്നാണ് ശിവശങ്കർ വാദിച്ചിരുന്നത്.