ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പിനു ഇന്ന് തുടക്കം

പട്‌ന- മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനു ഇന്ന് തുടക്കമായി. 243 സീറ്റുകളില്‍ 71 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. രണ്ടു കോടിയിലേറെ ഇവിടങ്ങളിലായി വോട്ടര്‍മാരാണ് ഉള്ളത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 35 സീറ്റിലും സഖ്യകക്ഷിയായ ബിജെപി 29 സീറ്റിലും മത്സരിക്കുന്നു. എന്‍ഡിഎ സഖ്യകക്ഷിയാണെങ്കിലും നിതീഷുമായി ഉടക്കിയ ചിരാഗ് പാസ്വാന്റെ എല്‍ജെപി ജെഡിയു മത്സരിക്കുന്ന 35 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. പ്രതിപക്ഷത്ത് തേജസ്വി യാദവിന്റെ ആര്‍ജെഡി 42 സീറ്റിലും കോണ്‍ഗ്രസ് 20 സീറ്റിലും മത്സരിക്കുന്നു.

കര്‍ശനമായ കോവിഡ് പ്രതിരോധ മുന്‍കരുതലുകളോടെയാണ് വോട്ടെടുപ്പ്. ഇന്ന് ജനവിധി തേടുന്നവരില്‍ ആറു മന്ത്രിമാരും ഒരു മുന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടും. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച അധ്യക്ഷനുമായ ജിതന്‍ റാം മാഞ്ചി എന്‍ഡിഎയ്ക്കു വേണ്ടി ഇമാംഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇവിടെ സിറ്റിങ് എംഎല്‍എ ആണ് അദ്ദേഹം. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ശ്രേയസി സിങ് ജമുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവധി തേടുന്നു.

ജെഡിയു പ്രതിപക്ഷത്തിന്റേയും എല്‍ജെപിയുടേയും വെല്ലുവിളിയാണ് നേരിടുന്നത്. നിതീഷ്-ചിരാഗ് ഉടക്ക് ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിനും വഴിവെച്ചിട്ടുണ്ട്.
 

Latest News