Sorry, you need to enable JavaScript to visit this website.

ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇന്ത്യയില്‍ ഇനി ഹീറോ നിര്‍മിച്ചു വില്‍ക്കും

മുംബൈ- വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനി ഹാര്‍ളി ഡേവിഡ്‌സണ്‍ അതിജീവനത്തിന് ഹീറോയുമായി ധാരണയിലെത്തി. ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഇരു കമ്പനികളും കൈകോര്‍ത്തായിരിക്കും ഇനി പുതിയ ബൈക്കുകളുടെ നിര്‍മാണവും വിപണനവും. പുതിയ കരാര്‍ പ്രകാരം ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില്‍പ്പന, സര്‍വീസ്, പാര്‍ട്‌സുകളുടേയും അനുബന്ധ ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന എന്നിവ ഹിറോ മോട്ടോര്‍കോര്‍പ് നിര്‍വഹിക്കും. ഹാര്‍ളിയുടെ ബ്രാന്‍ഡ് ഡീലര്‍മാരിലൂടേയും ഹിറോയുടെ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പ് ശൃംഖലയിലൂടേയുമായിരിക്കും ഇത്. 

പുതിയ ലൈസന്‍സ് കരാര്‍ പ്രകാരം ഹാര്‍ളി ഡേവിഡ്‌സണ്‍ ബ്രാന്‍ഡില്‍ പ്രീമിയം ബൈക്കുകള്‍ വികസിപ്പിക്കാനും വില്‍ക്കാനും ഹിറോയ്ക്കു അവകാശം ലഭിച്ചു. എന്‍ട്രി ലെവല്‍ ബൈക്കുകളായിരിക്കും ഹാര്‍ളി ബ്രാന്‍ഡില്‍ ഹീറോ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. ഹാര്‍ളിയുടെ ഏറ്റവും ചെറിയ ബൈക്കുകളാകും ഇത്. ചെറു ബൈക്കുകളുടെ ഉല്‍പ്പാദനത്തിലൂടെ ഏഷ്യന്‍ വിപണികളാണ് ഹാര്‍ളി ലക്ഷ്യമിടുന്നത്.
 

Latest News