Sorry, you need to enable JavaScript to visit this website.

പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി;  ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു

തൊടുപുഴ-നവജാതശിശുവിനെ പന്നിമറ്റത്തെ അനാഥാലയത്തില്‍ ഉപേക്ഷിച്ച് കടന്ന കേസില്‍ ദമ്പതിമാര്‍ പിടിയില്‍. കോട്ടയം അയര്‍ക്കുന്നം സ്വദേശികളെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തതത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ദമ്പതിമാര്‍ക്ക് രണ്ടുവയസായ ഒരു കുട്ടിയുണ്ട്. ഇവര്‍ ഒരുവര്‍ഷമായി പിണങ്ങി താമസിക്കുകയായിരുന്നു. ഇതിനിടെ യുവതി മറ്റൊരാളില്‍ ഗര്‍ഭിണിയായി. രണ്ടുവയസ്സുള്ള ആദ്യ കുട്ടിയുള്ളതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് മടിച്ചു.
കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാമെന്നും പിന്നീട് ഒന്നിച്ചുതാമസിക്കാമെന്നും ഇവര്‍ തമ്മില്‍ ധാരണയുണ്ടാക്കി. പെരുവന്താനം സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നും അയാള്‍ ആത്മഹത്യചെയ്‌തെന്നും ഭാര്യ ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു.ഞായറാഴ്ച വെളുപ്പിനെ ഭാര്യയ്ക്ക് പ്രസവവേദനയുണ്ടായി. വാഹനത്തില്‍ തൊടുപുഴയ്ക്ക് വരുന്നവഴിക്ക് പ്രസവിച്ചു. ഭര്‍ത്താവാണ് വാഹനം ഓടിച്ചിരുന്നത്.തൊടുപുഴയിലെത്തി അനാഥാലയത്തില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പന്നിമറ്റത്തെത്തി പ്രദേശവാസിയോട് അനാഥാലയത്തിലേക്കുള്ള വഴി തിരക്കി. കടയില്‍ നിന്ന് വാങ്ങിയ കത്രികയുപയോഗിച്ച് ഭാര്യ തന്നെ പൊക്കിള്‍ക്കൊടി മുറിച്ചശേഷമാണ് പന്നിമറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്. തിരികെപ്പോയ ഇവര്‍ നെല്ലാപ്പാറയിലെത്തി വണ്ടിയിലെ രക്തം കഴുകിക്കളഞ്ഞ് നാട്ടിലേക്ക് മടങ്ങി. വണ്ടി ഉടമയ്ക്ക് കൈമാറി. പന്നിമറ്റത്തെ സി.സി.ടി.വി.ദൃശ്യം നോക്കി വണ്ടിയുടെ നമ്പര്‍ മനസ്സിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഭാര്യയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാക്കി. ഭര്‍ത്താവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Latest News