Sorry, you need to enable JavaScript to visit this website.

സാമ്പത്തിക ആസൂത്രണം  പാളിപ്പോകാതിരിക്കാൻ പാലിക്കേണ്ട കാര്യങ്ങൾ

നാം നിക്ഷേപിക്കുന്നതിന്റെയോ വായ്പ എടുക്കുന്നതിന്റെയോ കാരണം കൊണ്ടല്ല പലപ്പോഴും നമുക്ക് നഷ്ടങ്ങൾ സംഭവിക്കുന്നത്. അതിനായി അവലംബിക്കുന്ന രീതികളുടെ കുഴപ്പം കൊണ്ടാണ്. വായ്പയെടുക്കുന്ന എല്ലാവരും സാമ്പത്തികമായി ബുദ്ധിമുട്ടിലാകുന്നില്ല. നിക്ഷേപിക്കുന്ന എല്ലാവർക്കും നഷ്ടങ്ങൾ സംഭവിക്കുന്നുമില്ല. അതിനായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്്. സാമ്പത്തിക ഞെരുക്കം വരാതെ കുടുംബ ബജറ്റിനെ മുന്നോട്ടു കൊണ്ടുപോകാൻ തെല്ല് ആസൂത്രണം ആവശ്യമാണ്. 

കഴിയാവുന്നത്ര കൂടുതൽ നിക്ഷേപിക്കുക

നിലവിലെ സന്തോഷങ്ങളെ ഹനിക്കാതെ ഏതൊരു സമയത്തും നിങ്ങളാൽ കഴിയുന്ന ഏറ്റവും കൂടിയ തുക തന്നെ നിക്ഷേപിക്കാൻ ശ്രമിക്കുക. പൊതുവിൽ കണ്ടുവരുന്ന ഒരു പ്രവണതയെന്തെന്നാൽ പ്രതിമാസ നിക്ഷേപങ്ങൾ ഒരു ചെറിയ തുകയിൽ തുടങ്ങി, പിന്നീട് വരുമാനം വർധിക്കുന്നതനുസരിച്ച് നിക്ഷേപവും വർധിപ്പിക്കാമെന്ന കണക്കുകൂട്ടലാണ്. എന്നാൽ പിൽക്കാലത്ത് വരുമാനത്തോടൊപ്പം ചെലവുകളും വർധിക്കുമ്പോൾ നിക്ഷേപം കൂട്ടുന്ന കാര്യം അവതാളത്തിലാകും. അത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള സംഭാവനയെ ബാധിക്കും. 

ദീർഘകാല വായ്പാ അടവ് തെരഞ്ഞെടുക്കാതിരിക്കുക

വായ്പയുടെ കാലയളവ് കൂട്ടിവെച്ചാൽ പ്രതിമാസം അടയ്‌ക്കേണ്ട തുക കുറയുമെന്നുള്ളതു കൊണ്ട് 99 ശതമാനം ആളുകളും ഇപ്പോഴത്തെ സുഖത്തിനായി കാലയളവ് നീട്ടിവെയ്ക്കും. എന്നാൽ ഇതുകൊണ്ട് പലിശയിനത്തിൽ ചെലവാകുന്നത് ലക്ഷങ്ങളാണ്. മിക്കവാറും സാഹചര്യങ്ങളിൽ അടയ്ക്കാൻ കൈയിൽ കാശുണ്ടെങ്കിൽ കൂടി പ്രതിമാസ അടവ് കുറച്ച് വെയ്ക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. ചെറിയൊരു ഉദാഹരണം പറയാം. 15 ലക്ഷത്തിന്റെ വായ്പ 10 ശതമാനം നിരക്കിൽ 10 വർഷം കൊണ്ട് അടച്ചു തീർക്കുമ്പോൾ വരുന്ന മൊത്ത പലിശ 8,78,713 രൂപയാണ്. ഇതു തന്നെ 15 വർഷം കൊണ്ടാണെങ്കിൽ പലിശ 14,01,433 രൂപയും 20 വർഷം കൊണ്ടാണെങ്കിൽ 19,74,078 രൂപയുമാണ്. വ്യത്യാസം മനസിലായില്ലേ. അതേസമയം നിക്ഷേപത്തിന്റെ കാര്യം പറഞ്ഞതു പോലെ തന്നെ തിരിച്ചടവ് കൂട്ടുകയാണെങ്കിൽ പലിശയിനത്തിൽ നല്ല ലാഭം നേടാനാകും. ഇതിന് കഴിഞ്ഞില്ലെങ്കിൽ വായ്പയുടെ ആദ്യ വർഷങ്ങളിൽ നിങ്ങൾക്ക് കഴിയാവുന്നത്ര തുക പല സമയത്തായി മുതലിലേക്ക് അടക്കാൻ ശ്രമിച്ചാലും മതിയാകും. കാരണം വായ്പയുടെ ആദ്യ വർഷങ്ങളിൽ പലിശയിലേക്കാണ് കൂടുതൽ അടവും പോകുന്നത്. 

വായ്പയെടുത്ത് നിക്ഷേപം നടത്തരുത്

പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആർത്തി മൂലം ചിലർ സുഹൃത്തുക്കളുടെ വാക്കുകൾ കേട്ടും പരസ്യങ്ങൾ ശ്രദ്ധിച്ചും ഇല്ലാത്ത പണമുണ്ടാക്കി നിക്ഷേപിക്കാൻ ശ്രമിക്കും. കിട്ടാൻ സാധ്യതയുള്ള അധിക വരുമാനം കൊണ്ട് വായ്പയടച്ചു തീർത്ത് ബാക്കി പണം കൊണ്ട് 'അടിച്ചുപൊളിക്കാൻ' ആണ് ഇവരുടെ പദ്ധതി. എന്നാൽ മിക്കവാറും സാഹചര്യങ്ങളിൽ കാര്യങ്ങൾ ആഗ്രഹിച്ചതു പോലെ സംഭവിക്കാറില്ല. റിസ്‌ക് അധികമുള്ള നിക്ഷേപങ്ങളിൽ വരുമാനവും കൂടുതലായിരിക്കുമെങ്കിലും വായ്പയുടെ പലിശ നിരക്കും കടന്ന് വരുമാനം നേടാനുള്ള സാധ്യത വളരെ കുറവായിരിക്കും. 

പ്രായത്തിനനുസരിച്ച് നിക്ഷേപാനുപാതം മാറ്റണം

ഒരാൾക്ക് 30 വയസ്സുള്ളപ്പോൾ ചെയ്യുന്ന നിക്ഷേപങ്ങളല്ല അയാൾ 60 വയസ്സുള്ളപ്പോൾ ചെയ്യേണ്ടത്. ഓഹരി നിക്ഷേപങ്ങളിൽ കൂടുതൽ പ്രാധാന്യം ആദ്യ വർഷങ്ങളിൽ കൊടുക്കുമ്പോൾ 50 വയസ്സിനപ്പുറം ഓഹരി നിക്ഷേപങ്ങളിലെ അനുപാതം കുറച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കാരണം, വിരമിക്കുന്ന സമയത്ത് കൂടുതൽ തുക ഓഹരിയിലാണെങ്കിൽ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം കാരണം നഷ്ടം സംഭവിച്ച് സംഭരിച്ച തുകയിൽ ശോഷിപ്പ് വരാൻ സാധ്യതയുണ്ട്. ഒരാളുടെ ജീവിതത്തിലുടനീളം  ഓരോ അഞ്ച് വർഷം കൂടുമ്പോഴും നിക്ഷേപ അനുപാതം പുനക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ഉദാഹരണത്തിന് 30-ാം വയസിൽ ഓഹരി ബോണ്ട് സ്വർണം എന്നിവയിലുള്ള  നിക്ഷേപാനുപാതം 70:20:10 എന്നാണെങ്കിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഓഹരിയിൽ 5 കുറച്ച് ബോണ്ടിൽ 5 കൂട്ടിവരികയും അവസരത്തിനൊത്ത് സ്വർണത്തിലെ നിക്ഷേപാനുപാതം നിയന്ത്രിക്കുകയും വേണം. ഇങ്ങനെ ചെയ്താൽ ഒരു സുദൃഢമായ സമ്പത്ത് രൂപീകരിക്കാൻ സാധിക്കും. 

പോളിസികളുടെ എണ്ണം കൂട്ടുക

ഒരാൾ എടുക്കേണ്ട ലൈഫ് ഇൻഷുറൻസിന്റെ തുക അയാളുടെ വീട്ടിലെ പ്രതിമാസ ചെലവിന്റെ 120 ഇരട്ടി, അയാളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന ആവശ്യങ്ങളുടെ തുക (ഉദാ: വിദ്യാഭ്യാസം, വിവാഹം), അയാൾ എടുത്തിട്ടുള്ള വായ്പകളുടെ ബാക്കി അടക്കാനുള്ള തുക എന്നിവയുടെ ആകെത്തുകയാണ്. ചിലപ്പോൾ ഇത് പല ലക്ഷങ്ങൾ ആയേക്കാം. എന്നാൽ പോളിസി എടുപ്പിക്കുന്നവർ ഒന്നോ രണ്ടോ ലക്ഷത്തിന്റെ പോളിസി ചേർത്ത് പോകുന്നവരാണ്. അവർ ഉപഭോക്താവിന്റെ ആവശ്യം ഒരിക്കലും മനസ്സിലാക്കാറില്ല. നമ്മുടെ വിഷയം ഇതല്ല. ഒരാൾക്ക് മേൽപ്പറഞ്ഞ രീതിയിൽ കണക്കു കൂട്ടുമ്പോൾ 50 ലക്ഷം രൂപയുടെ പോളിസി വേണമെന്നിരിക്കട്ടെ. സാധാരണ എല്ലാവരും ചെയ്യുന്നത് 50 ലക്ഷത്തിന്റെ ഒരൊറ്റ പോളിസി എടുത്ത് കാലാവധി തീരുന്നതു വരെ അടയ്ക്കുക എന്നതാണ്. (നാം ചർച്ച ചെയ്യുന്നത് ടേം ഇൻഷുറൻസിനെക്കുറിച്ചാണ്). മിക്കവാറും പോളിസി തുടങ്ങി കുറച്ചു കഴിയുമ്പോൾ അയാളുടെ വായ്പകൾ അടച്ചു തീരുകയും മക്കളുടെ കാര്യങ്ങൾ നടന്നു കഴിയുകയും ചെയ്യാം. അങ്ങനെയുള്ളപ്പോൾ അയാളുടെ ജീവിത മൂല്യം ആ സമയത്ത് 50 ലക്ഷത്തിൽ നിന്നും കുറഞ്ഞിട്ടുണ്ടാകും. എന്നാൽ പോളിസി നിലനിർത്താൻ അടവ് നിർത്താതെ പോകേണ്ടിവരും. ഇത് ഒഴിവാക്കാനായി 50 ലക്ഷത്തിന്റെ പോളിസി 5 എണ്ണമാക്കി എടുത്താൽ 10 ലക്ഷം വീതം ഭാഗിക്കപ്പെടും. ജീവിതം മുന്നോട്ടു പോകുന്നതനുസരിച്ച് ആവശ്യങ്ങൾ നടന്നു കഴിയുമ്പോൾ പോളിസികളിലേക്കുള്ള അടവ് ഓരോന്നായി നിർത്തിവരാം. ഇത് ചെലവ് കുറയ്ക്കാൻ സഹായിക്കും. അതുപോലെ ടേം ഇൻഷുറൻസിലേക്ക് ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്നതും ബുദ്ധിപരമല്ല. ആ തുക സ്ഥിര നിക്ഷേപത്തിൽ ഇട്ടാൽ അതിന്റെ പലിശ മതിയാകും പ്രീമിയം അടയ്ക്കാൻ. 

ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

കമ്പനി വകയായാലും സ്വന്തമായിട്ടായാലും ഒരു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും കൈവശം വേണം. ഹോസ്പിറ്റൽ ചെലവുകൾ നമ്മുടെ നീക്കിയിരുപ്പുകൾ കൊണ്ടാണെങ്കിൽ അത് വൻ നഷ്ടമായിരിക്കും വരുത്തിവെയ്ക്കുക. മിക്കവാറും കുടുംബങ്ങൾ സാമ്പത്തികമായി തകരുന്നത് വീട്ടിലെ ആർക്കെങ്കിലും രോഗബാധയുണ്ടാകുമ്പോഴാണ്. ഒരു ചെറിയ ശസ്ത്രക്രിയയ്ക്കു പോലും കുറഞ്ഞത് 25,000 രൂപ ചെലവ് വരും. നമ്മുടെ ചെറിയ നീക്കിയിരുപ്പുകൾ ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമാകാൻ അതു മതി. ഒരു ഫാമിലി ഫ്‌ളോട്ടർ പോളിസി പോക്കറ്റ് കീറാതിരിക്കാൻ അത്യാവശ്യമാണ്. 
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ധനാണ് ലേഖകൻ)

Latest News