Sorry, you need to enable JavaScript to visit this website.

പുതിയ പരീക്ഷണങ്ങളുടെ കാലമായി

'കാറ്റുള്ളപ്പോൾ തൂറ്റണം' എന്നൊരു ചൊല്ലുണ്ട്. അതിനു ജനങ്ങളുടെ 'വെൽഫെയർ' നോക്കേണ്ട പ്രശ്‌നം വരുന്നില്ല. ഡിസംബറിൽ പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പുണ്ടാകും എന്ന് ഒരു ഭീഷണിയുണ്ട്. കോവിഡ് കാലമാണെന്നു കരുതി എത്രകാലം വീട്ടിലിരിക്കും? പാർട്ടി പ്രവർത്തകരും ലോക്കൽ നേതാക്കളും സ്വന്തം വീടുകളിൽനിന്ന് ആഹാരം കഴിച്ചു മടുത്തിരിക്കുന്നു. ഇനി 'ഫീൽഡി'ലിറങ്ങാതെ വയ്യ. പുഷ്പഹാരം, നോട്ടുമാല, പൊന്നാട, ബൊക്കെ, ഖദർ ഷാൾ, ചെമന്ന ഷാൾ, മഞ്ഞത്തുകിൽ, പച്ചത്തുകിൽ, ഇത്യാദി വിഭവങ്ങൾ ആസ്വദിച്ചും അടിച്ചുമാറ്റിയും കഴിഞ്ഞ ആ വസന്തകാലം ഇനി വരില്ല എന്ന് ആനമണ്ടന്മാരേ കരുതുകയുള്ളൂ. 


വലതു വശത്തുനിന്ന് കോവിഡ് പ്രോട്ടോകോളും ഇടതുവശത്തുനിന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശങ്ങളും കൂടി വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. നോട്ടുമാല എന്ന കമനീയമായ അലങ്കാര വസ്തു ഉണ്ടാകുന്ന കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ജനിച്ചിട്ടു പോലുമില്ല. അതുകൊണ്ട് അതിന്റെ ഗുണമറിയില്ല. വെറുതെയിരുന്നാൽ ലോട്ടറി അടിക്കില്ലല്ലോ. അതിനാൽ കക്ഷികൾ ഇറങ്ങിത്തുടങ്ങി. കോൺഗ്രസുകാർ ഇറങ്ങുന്നതിനാണ് ഒരു 'ആനച്ചന്ത'മൊക്കെയുള്ളത്. യു.ഡി.എഫിന്റെ സമകാലീന കൺവീനർ അത്തരം ഒരു ദേഹമാണല്ലോ. അദ്ദേഹം കാസർകോട് മുതൽ തെക്കോട്ട് എല്ലാ 'സാമൂഹിക' നേതാക്കളെയും ചെന്നു കണ്ടു ചായ കുടിച്ചു. (സ്വന്തം പാർട്ടിക്കാരെ കാണുന്ന പതിവു പണ്ടേയില്ലല്ലോ). കൂട്ടത്തിൽ വെൽഫെയർ പാർട്ടിക്ക് കളിക്കാൻ വേണ്ട അനുഗ്രഹങ്ങൾ നൽകിയ അമീറിനെയും കണ്ടു. അതിൽ ഭയ സംഭ്രമങ്ങൾക്കു കാര്യമില്ല. എന്നിട്ടും മുല്ലപ്പള്ളിയും ചെന്നിത്തലയും ചാടിയിറങ്ങി നിഷേധിച്ചു. നിഷേധക്കാര്യത്തിൽ അവർ തമ്മിൽ ഒരു ആരോഗ്യകരമായ മത്സരമുണ്ട്. ഞങ്ങൾ അറിയാതെ എന്തു ചർച്ച എന്നായിരുന്നു പരസ്യ പ്രസ്താവനയുടെ ഉള്ളടക്കം. കോൺഗ്രസ് സംസ്‌കാരം വള്ളിപുള്ളി നഷ്ടപ്പെടാതെ പൈതൃക സഹയായി ലഭിച്ച കെ. മുരളീധരൻ തൽക്ഷണം എതിർദിശയിൽ സ്ഥാനം പിടിച്ചു. കെ. കരുണാകരന്റെ കുടുംബത്തെ രാഷ്ട്രീയം പഠിപ്പിക്കണ്ട എന്ന സൂക്തം പല തവണ ഉരുക്കഴിച്ച് മന്ത്രിസിദ്ധി നേടിയ ദേഹമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ചെറുവിരൽ കൊണ്ടുപൊക്കി. വെൽഫെയർ പാർട്ടിയുടെ സഹായം ലഭിച്ച വടകരയിലെ ഭാഗങ്ങൾ ഒരു ചൂരൽവടിയൂടെ സഹായത്തോടെ അദ്ദേഹം കാട്ടിക്കൊടുത്തു. പിന്നാലെ 'മലബാർ ശിങ്കം' കെ. സുധാകരനും എത്തി. 'പുലിവാൽ പിടിച്ചാൽ വിടാനെളുപ്പമല്ല' എന്ന പാഠത്തോടെ അന്നത്തെ ക്ലാസ് തീർന്നു. ഹസൻജി വെൽഫെയർ പാർട്ടി നേതാവിനെ കണ്ടത് പാർട്ടിയുടെ അറിവോടെ എന്ന് പൂഴിമണ്ണിൽ മൂക്കുകൊണ്ട് 'ക്ഷ' എന്നെഴുതിയതിന് അനുബന്ധമായി മുല്ലപ്പള്ളി - ചെന്നിത്തലമാർ എഴുതിച്ചേർത്ത് പാഠം പൂർത്തിയാക്കി. ശേഷം പാഠങ്ങൾ കെ.പി.സി.സി യോഗത്തിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പ് പലേടത്തും നടന്നുവരുന്നു.

*****

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌നാടനം നടുത്തുന്നത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണെങ്കിൽ, പരിഹാര ക്രിയയായി മറ്റൊന്ന് ഉടൻ വരുന്നുണ്ട്- ജിത്ത്- ജോപ്പൻമാർ കുറേശ്ശേ മണ്ണുമാന്തി നീക്കി തല കാട്ടിത്തുടങ്ങിയിട്ടുണ്ട്. പഴയ സോളാർ കേസിന്റെ രണ്ടാം ഭാഗം തിരക്കഥ ആരോ തയറാക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ 'ബാഹുബലി'യാകുമോ എന്നു കാത്തിരുന്നു കാണാം. 

****

'മനുഷ്യരുടെ തിന്മകൾ അവരുടെ മരണ ശേഷവും ജീവിക്കും' എന്ന് ഷേക്‌സ്പിയർ ഒരു നാടകത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം 'ബാർ കോഴക്കേസും നോട്ടെണ്ണുന്ന യന്ത്രവും മുൻകൂട്ടി കണ്ടിരുന്നോ! ഏതായാലും 'കോഴ' വീണ്ടും തലപൊക്കി. മണ്ണും പൊടിയും നീക്കി അവർ ഉയർത്തെഴുന്നേൽക്കാനുള്ള കാരണം ബുദ്ധിരാക്ഷസനായ അപ്പൻ മാണിയുടെ ബുദ്ധിശൂന്യനായ പുത്രൻ തന്നെ. അപ്പനെ തകർക്കാൻ കോൺഗ്രസിലെ രണ്ടു സീനിയർ നേതാക്കൾ ഒരുക്കിയ കെണിയാണത്രേ ബാർ കോഴ. സ്വന്തം നേതാക്കൾക്ക് പരസ്പരം കെണി വെയ്ക്കാൻ സമയം തികയാത്ത കോൺഗ്രസിനെക്കുറിച്ചാണ് ജോസ് മോൻ ഇത്തരമൊരു അപവാദം പറഞ്ഞത്. 'പുത്തനച്ചി പുരപ്പുറം തൂക്കു'മെന്നു പറഞ്ഞതുപോലെ, എ.കെ.ജി സെന്ററിൽ ആദ്യമായി കയറിയതിന്റെ സ്ഥലകാല ഭ്രമത്താൽ പുലമ്പിയതാകണം. അവിടുത്തെ കന്റീനിൽ നിന്നു സുഖമായി ശാപ്പാടു കഴിച്ചു കഴിയാമായിരുന്നു. പാവം. അതിനുള്ള പ്രായമല്ലേയുള്ളൂ. എന്നിട്ടു പുറത്തിറങ്ങി നട്ടുച്ചയ്ക്ക് ഇരുട്ടിൽ തപ്പുന്നതു കണ്ട് സഹതാപം തോന്നിയ ഏതോ ഒരു ഡ്രൈവറാണ് കാര്യം മനസ്സിലാക്കിയത്- ജോസ് മോന് സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ ആപ്പീസിൽ പോകണം, കാനം സഖാവിനെ കാണണം. അങ്ങനെയൊരു പാർട്ടിയുണ്ടെന്നല്ലാതെ, അതിന്റെ വാസസ്ഥലം എവിടെയാണെന്നു കണ്ടുപിടിക്കുക തിരുവനന്തപുരത്തുകാർക്കു പോലും പ്രയാസകരമാണ്. ഒടുവിൽ ഏതോ 'സീനിയർ മോസ്റ്റ്' ഡ്രൈവർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജോസ് മോനെ തമ്പാനൂരിലെ പാർട്ടിയാപ്പീസിൽ കൊണ്ടുപോയി മുഖം കാണിക്കുകയാണുണ്ടായത്.
ജോസ് മോൻ പൊട്ടിച്ച വെടിക്ക് മറുവെടിയായി ബിജു രമേശൻ അബ്കാരി മുതലാളിയും ഒന്നുപൊട്ടിച്ചു. രമേശിനും ശിവകുമാറിനും കെ. ബാബുവിനും താൻ കോടികൾ നൽകി. ബാർ കേസ് പുറത്തു പറയാതിരിക്കാൻ ജോസ് മോൻ തനിക്ക് പത്തു കോടി വാഗ്ദാനം തന്നു എന്നിങ്ങനെ. തലൈവി ജയലളിതയുടെ കേരള ഘടകം സെക്രട്ടറിയാണ് ബിജു മുതലാളി. രണ്ടോ മൂന്നോ കോൺഗ്രസുകാരും ഒരു ജോസ് മോനും വീണാൽ രണ്ടു പെഗ്ഗ് കൂടുതൽ സന്തോഷിക്കും.


സ്വദേശത്തുനിന്നും ഇടയ്ക്കിടെ പലയാനം ചെയ്യുന്നതാണ് ഹോബി. അവിവാഹിതൻ. സുമുഖൻ. വിദേശ സഞ്ചാര പ്രിയൻ. എങ്ങനെയോ വയനാട്ടിൽ ചെന്നുപെട്ടു. പാരഷൂട്ടിൽ പറന്നിറങ്ങിയതെന്ന് നാട്ടുകാർ കരുതി. പിന്നെ മത്സരിക്കാൻ എത്തിയതാണെന്നു തെളിഞ്ഞു. 'വന്നു കണ്ടു കീഴടങ്ങി' എന്ന് അലക്‌സാണ്ടർ ചക്രവർത്തിയെക്കുറിച്ച് പറഞ്ഞവർ പിന്നീട് സംസാരിച്ചത് രാഹുൽ ഗാന്ധിയെ കണ്ടതോടെയായിരിക്കണം. എന്തായാലും വനപ്രവേശം കൊണ്ടു ദോഷമുണ്ടായില്ല. വടക്കു തന്നെ തുടർന്നിരുന്നെങ്കിൽ ആ സ്മൃതി ഇറാനി പിറകെ നടന്ന് തോൽപിച്ചേനേ. ഭാഗ്യം. കേരളം ദൈവത്തിന്റെ നാടു തന്നെ! ഇപ്പോഴിതാ മറ്റൊരു പുലിവാലാണ് രാഹുലിനെ കാത്തിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ കക്ഷി കേരളം മൊത്തം കറങ്ങി നടന്നു കൊള്ളണം, വോട്ടറന്മാരെ ഇളക്കണം. കോവിഡു സീസണായതിനാൽ വേണ്ട പോലെ ഇളകുമോ എന്നറിയില്ല. പക്ഷേ, ശ്രമിക്കണം. വടക്കു രണ്ടു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും പ്രതിപക്ഷ പാർട്ടിയായി സഭയിൽ അംഗീകാരം കിട്ടാതെ പോയതാണ് ഭൂതകാല റെക്കോർഡ്. പക്ഷേ ഇതു ഗോസായിമാരുടെ നാടല്ല. അവിടെ ചരിത്രം ആവർത്തിക്കും. ഇവിടെ സുരേന്ദ്രനും കൂട്ടരുമാണ്. ഒന്നും നടക്കില്ല. സവാള ഉള്ളിക്കു കിലോക്ക് നൂറു രൂപയായി. ഇനി ഉള്ളി പ്രയോഗം നാട്ടുകാർ കണ്ട ഭാവം നടിക്കില്ല. എന്തുകൊണ്ടും പുറത്തിറങ്ങാനും ചുറ്റിയടിക്കാനും പറ്റിയ അവസരമാണ് വയനാട് എം.പിക്കു മുന്നിൽ. ഇരുപത്തിഓരായിരത്തിൽപരം തദ്ദേശ സ്വയംഭരണ സീറ്റുകൾക്കു വേണ്ടി പ്രവർത്തിക്കുക, കേരളം മോഡിയെയോ സ്മൃതി ഇറാനിയെയോ സ്വപ്‌നത്തിൽ പോലും കാണാതെ! കെ.പി.സി.സി നേതൃത്വം അങ്ങനെയൊരു പ്ലാൻ വരച്ച് നടുവിൽ രാഹുലിനെ പ്രതിഷ്ഠിച്ച് വെച്ചിട്ട് കുറച്ചുദിവസങ്ങായി. ഇനി മമ്മിയുടെയും ബഹന്റെയും മച്ചമ്പിയുടെയും 'ഒക്കെ' കൂടിയായാൽ മതി. ഇടയ്ക്കു വല്ലപ്പോഴും കാനഡയിലോ ഇറ്റലിയിലോ ഉഗാണ്ടയിലോ പോയി ബന്ധുജനങ്ങളെ കാണുന്നതിൽ വിരോധമുള്ളവർ ആരും തന്നെ കോൺഗ്രസ് ജംബോ കമ്മിറ്റിയിലില്ല. ഒരു പക്ഷേ ജനത്തിന്റെ ഭാവം അനുകൂലമല്ലെങ്കിൽ നമ്മുടെ മുഖാവരണം കൊണ്ടു ശരിക്കങ്ങു മൂടി മുന്നോട്ടു ഗമിക്കുകയും ചെയ്യാം.

Latest News