Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

മരണത്തിനൊരു പഠന സഹായി

പുസ്തക നിർമാണവും വിൽപനയുമാണ് കാലാകാലമായി എൻ.ഇ. സുധീറിന്റെ ഉപജീവനം.  കഴിഞ്ഞയാഴ്ച അദ്ദേഹം മരണപ്പുസ്തകങ്ങളെപ്പറ്റി എഴുതിക്കണ്ടു.
പ്രധാനമായും അത് അരുൺ ഷൂറിയുടെ വരാനിരിക്കുന്ന പുസ്തകത്തെപ്പറ്റി ഒരു കുറിപ്പായിരുന്നു. എഴുന്നൂറ്റിത്തൊണ്ണൂറ്റൊമ്പതു രൂപ വിലയിട്ട് പെൻഗ്വിൻ ഇറക്കുന്ന ഷൂറി കൃതി മരണത്തിനൊരുങ്ങുന്നവർക്കുള്ള ഒരു കൈപ്പുസ്തകമാണെന്നു പറയാം.  'ഇന്നു ഞാൻ നാളെ നീ' എന്ന മൂളിപ്പാട്ട് ചുണ്ടിൽ കൊണ്ടുനടക്കാത്തവരായി ആരുമില്ലാത്തതുകൊണ്ട് പുസ്തകം വാങ്ങിയില്ലെങ്കിലും മറിച്ചുനോക്കാൻ ഏവരും ഉത്സാഹിക്കും.


എന്റെ എഡിറ്റർ ആയിരുന്നു അരുൺ ഷൂറി. ലോക ബാങ്കിന്റെ ധനശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം എഴുപതുകളുടെ ഇടയ്ക്ക് അമേരിക്കയിൽനിന്ന് ദൽഹിയിൽ ചേക്കേറി അന്വേഷണാത്മക പത്രപ്രവർത്തനം തുടങ്ങി. തത്വചിന്തയിലും സംഗീതത്തിലും ചരിത്രത്തിലും അധികാര രാഷ്ട്രീയത്തിലും ആവേശം കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവം. എം.ഡ രാമനാഥനും രജനിപാംദത്തും അറബ് ചരിത്ര ചിന്തകനും പരിചയപ്പെട്ടതിൽനിന്നു വ്യത്യസ്തനായ അംബേദ്കറും അദ്ദേഹത്തിന്റെ അന്വേഷണത്തെ ഉന്മിഷിത്താക്കി.
അമേരിക്കയിലെ കരിയർ മതിയാക്കി നാട്ടിലേക്കു മടങ്ങാൻ ഷൂറിക്ക് ഒരു കാരണമുണ്ടായി.  ജനനത്തിലേ അദ്ദേഹത്തിന്റെ മകന് ചില പോരായ്മകൾ ഉണ്ടായിരുന്നു.   ദൽഹിയിലെത്തി അധികാര രാഷ്ട്രീയത്തിൽ വെട്ടും തടവും തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കുമുണ്ടായി നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരസുഖം.  പിന്നെ എഡിറ്ററും പ്രചാരകനും മന്ത്രിയുമൊക്കെയായിരിക്കേ അദ്ദേഹം സ്വാഭാവികമായും അവരിരുവരുടെയും ഭാവിയെപ്പറ്റി ചിന്താലോലുപനായി. ഇപ്പോഴേ പരസഹായമില്ലാതെ കഴിയാത്ത അവരുടെ ജീവിതം തന്റെ കാലശേഷം എങ്ങനെ സംഘടിപ്പിക്കാമെന്ന ചിന്തയിൽനിന്നുണ്ടായതാണ് ഈ പുസ്തകം, മരണത്തിനു തയാറാകുമ്പോൾ, അഥവാ പ്രിപ്പയറിംഗ് ഫോർ ഡത്ത്. 


ഓരോരുത്തർക്കും ഓരോരോ സങ്കൽപമുണ്ടാവും മരണത്തെപ്പറ്റി.  ഓരോരോ കാരണവും. ഷൂറി പറയുന്നു, മരണത്തോടൊപ്പം അസഹ്യമായ ദേഹവേദന അനുഭവപ്പെടും. അദ്ദേഹത്തിന്റെ ഭാഷ്യം കേൾക്കും മുമ്പ് എം.എൻ കാരശ്ശേരിയുടെ വിചാരം കേട്ടു.  ആരുടെയോ ചോദ്യത്തിനുത്തരമായി കാരശ്ശേരി പറഞ്ഞതാണ്- ഇല്ല, മരിക്കുമ്പോൾ വേദന ഉണ്ടാവില്ല.  രണ്ടു പേർക്കും മരിച്ച നേരനുഭവം ഉള്ളതായി കേട്ടിട്ടില്ല. അതുകൊണ്ട് അവരുടെ വാക്കിന്റെ ബലത്തിൽ മാത്രം മരണം അസ്വീകാര്യമാണെന്നോ സഹനീയമാണെന്നോ പറയാൻ വയ്യ. മരിക്കാത്തവരായ മനീഷികളുടെ വചനം വിശ്വസിച്ച് മുന്നോട്ടു പോവുകയേ വഴിയുള്ളൂ.  മരിക്കും എന്ന് ഉറപ്പിച്ചു പറയുന്നവരാണ് ബഹുഭൂരിപക്ഷവും.  മരണം പ്രകൃതി ശരീരിണാം എന്ന് ഒരു മുനി. മരണമേ ഇല്ലെന്ന് മറ്റൊരു മുനി, ന ജായതേ മൃയതേ വാ കദാചിത്. ജനിമൃതികൾക്കപ്പുറത്തേക്കു നീളുന്ന ചിന്തയാകട്ടെ, നമ്മുടെ മരണത്തിനു മുമ്പ് എവിടെയെങ്കിലും എത്തിപ്പെടുമെന്നു കരുതേണ്ട.
മരണത്തിന്റെ വേദനയെപ്പറ്റി കാരശ്ശേരിയെ അനുകൂലിക്കുന്നവരല്ല മിക്കവരും. ഷൂറി ചൂണ്ടിക്കാണിക്കുന്ന 'കഠിനമായ ദേഹവേദന'യേക്കാളും അസുഖകരമായ അവസ്ഥയാണ് മരണം എന്നു വേണം വിചാരിക്കാൻ. ദേഹത്തിനു മാത്രമല്ല, ദേഹിക്കും ഒരു തരത്തിൽ പറഞ്ഞാൽ വേദന ഉണ്ടാകണം.  അതുകൊണ്ടാകും കാലാകാലമായി നമ്മൾ പറഞ്ഞും പ്രാർഥിച്ചും പോരുന്നു, 'അനായാസേന മരണം, വിനാ ദൈന്യേന ജീവനം. 'ആയാസമില്ലാതെ മരണം, ദീനതയില്ലാതെ മരണം.


ശ്രദ്ധിക്കുക, ആദ്യം പറയുന്നത് മരണത്തിന്റെ ആയാസത്തെപ്പറ്റി തന്നെ. ഷൂറി ഇപ്പോൾ ഇറക്കിയിരിക്കുന്ന മരണത്തിന്റെ കൈപ്പുസ്തകം യുഗങ്ങളായി മാറിമറിയുന്ന ചിന്തകളുടെ തുടർച്ചയാകുന്നു.  ജീവിതം ഒരു തുടർച്ചയാണെന്നു സ്ഥാപിക്കാൻ മരണം ഒരു പൂർണ വിരാമമല്ല എന്ന മൊഴി പലരും എടുത്തുപയോഗിക്കുന്നു. ജിദ്ദു കൃഷ്ണമൂർത്തിയുടെ ശിഷ്യയും ജീവചരിത്രകാരിയുമായ പുപുൽ ജയ്ക്കർ തന്റെ ഒരു പുസ്തകത്തിന്റെ ശീർഷകമായി തെരഞ്ഞെടുത്തത് ആ വാക്കിൻകൂട്ടമായിരുന്നു: മരണം പൂർണ വിരാമമല്ല. ഫലിതപ്രിയർ ഒരു പടികൂടി കടന്ന്, മരണം ഒരു അർധ വിരാമമോ ഹൈഫനോ അല്ലെന്നും ചിരിച്ചു ചൊല്ലിയെന്നുവരാം.


മരണത്തേക്കാൾ പേടിപ്പിക്കുന്ന ഒന്നുണ്ടെങ്കിൽ അത് വൈദ്യൻ ആയിരിക്കുമെന്ന് ഒരു കുസൃതി കവി. മരണദേവനായ യമൻ പ്രാണൻ ഹരിക്കുന്നു, വൈദ്യനാകട്ടെ, പ്രാണനും പണവും ഹരിക്കുന്നു!
മരണ ഭയമാകുന്നു പരമഭയം. ഞാനില്ലാത്ത ലോകത്തെപ്പറ്റി ആലോചിക്കാൻ വിഷമം. ആ ഭയം തെല്ലുമില്ലാതെ മരണത്തെ വഴിയിൽ തടഞ്ഞുനിർത്തി, അസ്തിത്വ പ്രശ്‌നത്തിന്റെ  ഉത്തരം പിടിച്ചുവാങ്ങിയ നചികേതസ്സ് പുരുഷാന്തരങ്ങളുടെ ഹീറോ ആണല്ലോ ഇന്നും. ഒപ്പത്തിനൊപ്പം നിൽക്കും മർക്കണ്ഡേയൻ. പതിനാറാം വയസ്സിൽ ചിത്രഗുപ്തന്റെ ചീട്ടു വീണപ്പോൾ ഓടിച്ചിട്ടു പിടിക്കാൻ വന്ന മരണത്തെ അദ്ദേഹം വെട്ടിലാക്കി. പുരാണ ശേഖരം പരിശോധിച്ചാൽ മരണ വൃത്തം ഇനിയുമെത്രയോ കേൾക്കാം. മരണത്തെ
സ്വഛന്ദമാക്കിയ ഭീഷ്മർ താൻ നിവസിക്കാത്ത കാലത്തെയും ലോകത്തെയും പറ്റി എന്തു കരുതിയാവോ?


ലണ്ടനിലെ ടൈംസ് പത്രത്തിന്റെ മഹിമയും അപ്രമാദിത്തവും എടുത്തോതുന്ന ഒരു കഥയുണ്ട്. കേമനായ ഒരാൾ മരിച്ചാൽ ടൈംസിൽ ഒരു ചരമ ലേഖനം കാണും. ടൈംസിൽ ചരമക്കുറിപ്പു കണ്ടാലേ പരേതൻ കേമനും വിട ചൊല്ലിയവനും ആണെന്നു വിശ്വസിക്കാൻ പറ്റൂ. അതുപോലെ  കൊള്ളാവുന്ന ഒരു കവിയാവണമെങ്കിൽ ചരമമറിഞ്ഞെത്തുന്നവർ ഒരു ചരമഗീതമെങ്കിലും എഴുതിയിരിക്കണം. അതുകൊണ്ട് കവിയായ കവിയൊക്കെ നാലഞ്ച് ഈരടികൾ ഹൃദിസ്ഥമാക്കുകയും ആലപിക്കുകയും ചെയ്യുന്നു അവസരമൊത്തു വരുമ്പോൾ. മരണത്തിനു വേണ്ടി ഷൂറി സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടിക തയാറാക്കുന്നതു പോലെ, ഒരു കാലത്ത് അതൊക്കെ മുഴുത്ത സ്രഗ്ധരാശ്ലോകങ്ങളിൽ ഒതുക്കുമായിരുന്നു. ആസന്ന മരണ ചിന്താശതകവും പ്രരോദനവും കണ്ണുനീർത്തുള്ളിയുമായി അവർ പിൽക്കാലത്ത് രൂപം കൊണ്ടു.
വിഷാദം ഒട്ടും നിഴലിക്കാത്തതാണ് വൈലോപ്പിള്ളിയുടെ കവിത. ഒടുവിലൊടുവിലായപ്പോൾ അതിലും മരണം നിഴൽ വീശുന്നതു കാണാം. അറിയാൻ വയ്യാത്ത ഏതോ കാരണത്താൽ തികഞ്ഞ തിരോധാനമായി അദ്ദേഹത്തിന്റെ അഭിലാഷം. 'ഇനിയും പുലരാത്തോരല്ലിൽ ഞാനലിഞ്ഞെങ്കിൽ' എന്ന വരികളിലെ സ്വയംനിഷ്‌കാസന വ്യഗ്രതയെയും ഫ്രോയ്ഡിയൻ മരണ ത്വരയെയും ഇണക്കിക്കാണുന്നവരുണ്ടാകും.  വൈലോപ്പിള്ളിക്കവിതയിൽ 'ഏനൽ ഏറോടിസിസം' മണത്ത വിമർശനം അതിനും ന്യായം കാണും. പരമഭയം മരണ ഭയമാണെങ്കിലും മരണത്തിനു സ്വാഗതമരുളുകയാണ് അയ്യപ്പപ്പണിക്കരും. 'മന്ദഗാമിനിയും ഹേമന്ത യാമിനി'യുമാണ് മരണം അദ്ദേഹത്തിന്റെ നോട്ടത്തിൽ. മരണത്തിന്റെ മണിനാദം കേട്ട് ആത്മഹത്യ ചെയ്ത് കവി ഷൂറി പറയുമ്പോലെ മരണത്തിനു വേണ്ടി തയാറെടുക്കുകയായിരുന്നു.


ഷൂറിയുടെ കൃതി ഒരു പഠന സഹായി ആണെങ്കിൽ കുഞ്ചൻ നമ്പ്യാർ മലയാളത്തിൽ കൊട്ടിപ്പാടിയത് ഒരു മുന്നറിയിപ്പായിരുന്നു.  മരണത്തിന്റെ അനിവാര്യതയും പുതിയ വൈദ്യശാസ്ത്രത്തിന്റെ സാധ്യതയും നമ്പ്യാർ എന്നേ കണ്ടറിഞ്ഞു. വരാൻ നേരം തെറ്റുന്ന മരണം വരുത്തിവെക്കുന്ന വിന ചില്ലറയല്ല.  കാലൻ കാലന്റെ പണി നോക്കിയില്ലെങ്കിൽ ഭൂമിയിൽ ജീവനം അസാധ്യമാകും.അനശ്വരതയിലേക്കു പാഞ്ഞുപോകുന്ന മനുഷ്യന്റെ വിപര്യയം കാലനില്ലാത്ത കാലത്തിൽ നമ്പ്യാർ ചിത്രീകരിക്കുന്നു.
അനശ്വരതയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ലക്ഷ്യം. അവയവങ്ങൾ അറുത്തു മാറ്റിയോ ഏച്ചുകൂട്ടിയോ മൃതസഞ്ജീവനി സേവിച്ചോ ആയുസ്സ് കൂട്ടിക്കൂട്ടി പോകാമെന്നാണ് പുതിയ ആരോഗ്യ ശാസ്ത്രത്തിന്റെ ധാരണ.


അങ്ങനെ നീട്ടിക്കിട്ടിയ ജീവിതത്തിന്റെ ജൈവ സാധ്യത എത്രത്തോളം ഉണ്ടെന്ന് ഹാസ്യാത്മകമായി ചോദിക്കുകയാണ് രണ്ടു നൂറ്റാണ്ടു മുമ്പെഴുതിയ നമ്പ്യാർ കവിത. അതേ ചോദ്യത്തിന്റെ കേവലം പ്രസ്താവ രൂപമാണ് പെൻസിൽവേനിയ സർവകലാശാലയിലെ ആരോഗ്യ ശാസ്ത്ര പ്രൊഫസറായ ഇമ്മാനുവൽ എസെകിയൽ ഉന്നയിക്കുന്ന സിദ്ധാന്തവും. കൃത്രിമാന്തരീക്ഷത്തിൽ യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന പരിപാടിയെ അടച്ചെതിർക്കുന്നു പ്രൊഫസർ എസെകിയൽ.  അണുബാധ തടയാനും അസഹ്യമായ വേദന കുറക്കാനുമൊഴിച്ചൊന്നിനും പ്രായം ചെന്ന ശരീരത്തെ വിധേയമാക്കരുത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അമേരിക്കൻ അനശ്വരത എന്ന അവസ്ഥാ വിശേഷത്തിലേക്ക് മനുഷ്യനെ എത്തിക്കുന്ന വൈദ്യശാസ്ത്രത്തിന് ഒരു മുന്നറിയിപ്പ് നൽകുന്ന പ്രൊഫസർ എസെകിയൽ പറയുന്നു, തന്റെ ജീവിതം എഴുപത്തഞ്ചു വയസ്സു വരെയേ നീളാവൂ.  വേറൊരു വിധത്തിൽ പറഞ്ഞാൽ, എഴുപത്തഞ്ചാവുമ്പോഴേക്കും താൻ മരിക്കണം, വിഷമോ കയറോ ഇല്ലാതെ തന്നെ.
കൃത്രിമാന്തരീക്ഷത്തിൽ അതിനു ശേഷവും താൻപോരിമയോടെ മനുഷ്യൻ നിലനിർത്തുന്ന ശരീരത്തിന്റെ ജൈവ സ്വഭാവം സുഖകരമാവില്ല.  എഴുപത്തഞ്ച് എന്ന വയസ്സ് അദ്ദേഹം ഏകപക്ഷീയമായി നിർദേശിക്കുന്നുവെന്നേയുള്ളൂ.


ഒരാണ്ടു കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല. മരണത്തിനു തയാറെടുക്കുമ്പോൾ ഷൂറി തരുന്നത് അത്തരമൊരു മുന്നറിയിപ്പല്ല. നീണ്ടുപോയാലും നേരത്തേ ആയാലും മരണത്തിനു ശേഷം വരാവുന്ന സ്ഥിതിവിശേഷം താളം തെറ്റാതിരിക്കാൻ വേണ്ട ഏതാനും നടപടികൾ ആലോചിച്ചുറപ്പിക്കുകയാണ് അദ്ദേഹം.  മരിച്ചയാൾക്ക് അതൊന്നും പറ്റാത്തതുകൊണ്ട് കാലേക്കൂട്ടി ഉറപ്പിച്ചാൽ ജീവിതം തുടർന്നുപോകുന്ന ബന്ധുക്കൾക്കും ആശ്രിതർക്കും സൗകര്യമായിരിക്കും.  തമ്മിൽത്തല്ലും കോടതി കയറ്റവും മറ്റും ഒഴിവാക്കാം.  ആ തയാറെടുപ്പിന്റെ ഭൗതികമായ വിശദാംശങ്ങൾ ഷൂറി വിവരിക്കുന്നു. താൽപര്യമുള്ളവർ മരണക്കിടക്കയിൽ എന്ന പോലെ നീണ്ടുനിവർന്നു കിടന്ന് ആലോചിച്ചുറപ്പിക്കേണ്ട വഴികളിലേക്കും പോംവഴികളിലേക്കും നയിക്കുന്നതാണ് ഈ കൃതി എന്നു തോന്നുന്നു. ഷൂറിയുടെ പുസ്തകം വരുന്നതിനു മുമ്പ് എന്റെ ചങ്ങാതി രവി അത്ര വിപുലമല്ലാത്ത ഒരു കുറിപ്പ് എഴുതിയിരുന്നു. ജീവനാന്തം- ആഫ്റ്റർ ലൈഫ്.
ഏഴു കൊല്ലം മുമ്പ് സ്വന്തക്കാർക്കു വേണ്ടി മാത്രം തയാറാക്കിയ കുറിപ്പ് ഇതുവരെ ഉപയോഗപ്പെട്ടില്ലല്ലോ എന്നാണ് രവിയുടെ കുണ്ഠിതം.
മരണാനന്തര ചിന്തക്കും പ്രവൃത്തിക്കും വേണ്ടിയുള്ള ഒരു പുസ്തകത്തിന്  799 രൂപ വിലയിടണമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മരണത്തിനും മൂല്യവർധന ഉണ്ടാകുന്നതു നല്ലതല്ലേ?