തിരുവനന്തപുരം- മെഡിക്കൽകോളേജ് ആശുപത്രിയിൽ മറ്റൊരു കൊറോണ രോഗി തൂങ്ങി മരിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ചികിത്സയിലായിരുന്ന കഴക്കൂട്ടം കിഴക്കുംഭാഗം പോങ്ങര സ്വപ്നാഭവനിൽ ആർ. ബിജി (37) ആണ് തൂങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ സെപ്ഡോൺ ഐസിയുവിലാണ് സംഭവം. ആരോഗ്യപ്രവർത്തകർ മരുന്ന് കൊടുക്കാനുള്ള അന്വേഷണത്തിനിടയിൽ ഐസിയുവിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഐസിയുവിൽ ഡ്യൂട്ടി ചെയ്തിരുന്ന ആരോഗ്യപ്രവർത്തകരിലുണ്ടായ വീഴ്ചയാണ് രോഗിയുടെ തൂങ്ങിമരണമെന്നാണ് ആക്ഷേപം. ഐസിയു ബെഡിൽ നിന്നും രോഗി ശുചിമുറിയിൽ പോയിട്ട് ഏറെ സമയം കഴിഞ്ഞിട്ടും ശ്രദ്ധിക്കാൻ ആളില്ലായിരുന്നുവെന്ന വസ്തുതയാണ് രോഗിയുടെ ആത്മഹത്യയിലൂടെ പുറത്ത് വരുന്നത്. മെഡിക്കൽ ഓഫീസറും രണ്ട് നഴ്സും ഒരു നഴ്സിംഗ് അസിസ്റ്റന്റും ഐസിയുവിൽ ഉണ്ടാകണമെന്നതാണ് വ്യവസ്ഥ.
കൊറോണ രോഗം ഭേദമായശേഷം ഡിസ്ചാർജ്ജ് ചെയ്യാനിരിക്കെയാണ് സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഹൈകെയർ വാർഡിൽ രോഗി തുങ്ങിമരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ ആരോഗ്യപ്രവർത്തകർ കണ്ടെത്തുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രോഗിയുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട മാനസികാവസ്ഥയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാമത്തെ കോവിഡ് രോഗിയുടെ ആത്മഹത്യയാണിത്.






