ലഖ്‌നൗ- ചൈനയുമായും പാക്കിസ്ഥാനുമായും യുദ്ധം ചെയ്യാനുള്ള സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുമാനിച്ചിട്ടുണ്ടെന്ന് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. ആയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായും ബന്ധപ്പെടുത്തിയാണ് ബിജെപി നേതാവ് ഇങ്ങനെ പറഞ്ഞത്. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചു. എംഎല്‍എയാണ് ഈ വിഡിയോ പങ്കുവെച്ചത്. രാമക്ഷേത്രത്തിന്റേയും ആര്‍ട്ടിക്ക്ള്‍ 370ന്റേയും കാര്യത്തിലെന്ന പോലെ പാക്കിസ്ഥാനുമായും ചൈനയുമായും എപ്പോള്‍ യുദ്ധം വേണമെന്നും മോഡി തീയതി കുറിച്ചിട്ടുണ്ടെന്നാണ് വിഡിയോയില്‍ അദ്ദേഹം പറയുന്നത്. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി പ്രവര്‍ത്തകരെ ഭീകരരുമായും അദ്ദേഹം താരതമ്യം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്താനാണ് യുപി ബിജെപി അധ്യക്ഷന്‍ ഇങ്ങനെ പ്രസംഗിച്ചതെന്ന് എംപി രവീന്ദ്ര കുശ്‌വാഹ പറഞ്ഞു.