മെര്‍സല്‍ തടയാനാവില്ല; അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ- തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായ മെര്‍സല്‍ എന്ന സിനിമയുടെ പ്രദര്‍ശനം നടയാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. മെര്‍സല്‍ യഥാര്‍ത്ഥ ജീവിതമല്ല, സിനിമ മാത്രമാണെന്നും ഇതു തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി തുടങ്ങിയ വമ്പന്‍ പദ്ധതികളെ വിമര്‍ശിക്കുന്ന സിനിമയിലെ രംഗങ്ങള്‍ ബിജെപിയെ ചൊടിപ്പിച്ചിരുന്നു. 

വൈദ്യശാസ്ത്ര രംഗത്തെ ദുഷ്പ്രവണതകളെ തുറന്നുകാട്ടുന്ന സിനിമയാണ് മെര്‍സല്‍. സിനിമയെ സിനിമയായി കാണണം. പല വിഷയങ്ങളും സിനിമയില്‍ കടന്നുവരാറുണ്ട്. ഇവയെല്ലാം ജനങ്ങളെ ബാധിക്കുമെന്ന് പറയാനാവില്ല. രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസുമാരായ എം എം സുന്ദരേഷും എം സുന്ദറും ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു. 

മെല്‍സലിനെ പിന്തുണയ്ക്കുകയും വിമര്‍ശകരെ നേരിടുകയും ചെയ്ത തമിഴ്‌നാട്ടുകാര്‍ക്ക് വിജയ് കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിരുന്നു. വിവാദം കത്തുന്നതിനിടെ ബിജെപി നേതാവ് വര്‍ഗീയപരമായ പരാമര്‍ശങ്ങള്‍ പോലും വിജയിനെതിരെ ഉന്നയിച്ചിരുന്നു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം പ്രതിരോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ഒറ്റക്കെട്ടായി മെര്‍സലിനെ പിന്തുണച്ചു രംഗത്തു വന്നിരുന്നു. 

ഇതിനു നന്ദി അറിയിച്ചു കൊണ്ടാണ് സി. ജോസഫ് വിജയ് എന്ന തന്റെ മുഴുവന്‍ പേരും വച്ചുകൊണ്ടുള്ള പ്രസ്താവന കഴിഞ്ഞ ദിവസം വിജയ് പുറത്തിറക്കിയത്. സിനിമയിലെ രംഗങ്ങള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് നിര്‍മ്മാതാവ് ഹേമ രുക്മിണി നേരത്തെ അപേക്ഷിച്ചിരുന്നു. രംഗങ്ങള്‍ നീക്കം ചെയ്യാമെന്നും പറഞ്ഞിരുന്നു.

Latest News