കോഴിക്കോട്- എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ചോദ്യം ചെയ്യലിൽ നിലപാട് വ്യക്തമാക്കി മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജിയുടെ വിശീദകരണം. നവംബർ പത്തിന് ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും അതിന് കൃത്യമായ മറുപടി നൽകുമെന്നും അതിന് ശേഷം ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നും ഷാജി വ്യക്തമാക്കി.
ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ഇ.ഡി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും. അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!! അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!! ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്!!