മനുസ്മൃതിയെ വിമര്‍ശിച്ചു; ദലിത് നേതാവിനെതിരെ കേസ്

ചെന്നൈ-ഹിന്ദു ഗ്രന്ഥമായ മനുസ്മൃതിയില്‍ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന വിധത്തെ വിമര്‍ശിച്ച ദലിത് രാഷ്ട്രീയ നേതാവിനെതിരെ ബിജെപി. ഇദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നും അതിനാല്‍ മാപ്പ് ചോദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ പരാതിയെത്തുടര്‍ന്ന് ഡിഎംകെ സഖ്യകക്ഷിയായ വിടുതലയ് ചിരുതൈഗള്‍ കച്ചി (വി.സി.കെ) മേധാവി തോള്‍ തിരുമാവളവനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. മത വികാരം ലംഘിക്കല്‍, മതത്തെ അപകീര്‍ത്തിപ്പെടുത്തല്‍, പൊതുജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ആശങ്കയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദര്‍, തന്റെ പ്രസ്താവനയിലൂടെ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട സ്ത്രീകളെ അപമാനിച്ചുവെന്നും അതിനാല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.വിസികെ മേധാവി ആരോപണം നിഷേധിക്കുകയും താന്‍ മനുസ്മൃതിയുടെ പതിപ്പിനെ പരാമര്‍ശിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.
സെപ്റ്റംബറില്‍ 'പെരിയാര്‍, ഇന്ത്യന്‍ പൊളിറ്റിക്‌സ്' എന്ന വിഷയത്തില്‍ ഒരു വെബിനാര്‍ വേളയില്‍ ലോക്‌സഭാ എംപിയായ തിരുമാവളവന്‍ ' ഹിന്ദു ധര്‍മ്മവും മനു ധര്‍മ്മവും അനുസരിച്ച് സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം വേശ്യകളായി സൃഷ്ടിച്ചു,' എന്നായിരുന്നു പറഞ്ഞത്.
ജാതി വിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമുള്ള സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മനുസ്മൃതിയെ ദലിത് നേതാക്കള്‍ പണ്ടേ വിമര്‍ശിച്ചിരുന്നു. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് വി.സി.കെ തങ്ങളുടെ മേധാവിയെ ന്യായീകരിച്ചു.
സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരാളായി ചിത്രീകരിക്കുന്നതിനാണ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതെന്ന് തിരുമാവളവന്‍ പറഞ്ഞു. തന്റെ പാര്‍ട്ടി വനിതാ ശാക്തീകരണത്തിനായി പോരാടുകയാണെന്നും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിനുള്ളില്‍ വിള്ളല്‍ സൃഷ്ടിക്കാനാണ് തെറ്റായ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു
 

Latest News