Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്, ഉള്ളടക്കം കുരുക്ക് മുറുക്കുന്നത്

കൊച്ചി- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് പുറത്തു വന്നത്. ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്റെ ചാറ്റ് വിവരങ്ങളാണിത്.
സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ചാറ്റിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ ഇഡി സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ വാട്‌സാപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ശിവശങ്കറിന്റെ സുഹൃത്ത് കൂടിയാണ് നികുതി വിദഗ്ദ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍. സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്‌സാപ്പില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലില്‍ നിന്നും ശിവശങ്കര്‍ ചോദിച്ചറിയുന്നുണ്ട്. 2018 നവംബര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്.
ശിവശങ്കറിനോട് ഇഡി 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും അദ്ദേഹം ഇല്ല എന്നാണ് പറഞ്ഞത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് ഇതിലൂടെ ശിവശങ്കര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെതെങ്കിലും ഈ വാദത്തെ എതിര്‍ക്കുന്ന വിവരങ്ങളാണ് വാട്‌സാപ്പ് ചാറ്റിലൂടെ പുറത്തു വരുന്നത്‌
 

Latest News