Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ വീണ്ടും കോവിഡ് കുതിച്ചു ചാട്ടം; വൈസ് പ്രസിഡന്റിന്റെ സഹായിക്കും രോഗം

വാഷിംഗ്ടണ്‍- യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് ഷോര്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സര്‍ക്കാരുമായി ബന്ധപ്പെട്ട് നേരത്തേയും നിരവധി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നിരീക്ഷണത്തില്‍ പോയ മാര്‍ക്ക് ഷോര്‍ട്ടുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വൈസ് പ്രസിഡന്റ് പെന്‍സിന്റെ വക്താവ്  ഡെവിന്‍ ഒ മാലി പ്രസ്താവനയില്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് പെന്‍സും ഭാര്യയും കോവിഡ് പരിശോധന നടത്തിയെന്നും ഇരുവര്‍ക്കും നെഗറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിലുള്ള  പെന്‍സ്, വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് നിലവിലെ ഷെഡ്യൂള്‍ പാലിക്കുമെന്ന് വക്താവ് പറഞ്ഞു.
അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകളില്‍  കുതിച്ചുചാട്ടം  റിപ്പോര്‍ട്ട് ചെയ്തു.  89,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദിവസേനയുള്ള അണുബാധകളുടെ  എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കയാണ്.  
പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്ക് ഇതിനകം കോവിഡ് ബാധിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ട്രംപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.  
വൈറസിന്റെ ഗൗരവത്തെ കുറച്ചുകണ്ട ട്രംപ് സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതിന്  ബിസിനസുകള്‍ പുനരാരംഭിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ട്രംപിനെതിരെ  ഡെമോക്രാറ്റിക് എതിരാളിയായ ജോ ബൈഡന്‍ രൂക്ഷ വിമര്‍ശനമാണ് തുടുരുന്നത്. മഹാമാരി ഇതിനകം 2,24,000ത്തിലേറെ അമേരിക്കക്കാരുടെ ജീവനെടുത്തു.

 

Latest News