Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നട്ടെല്ലൊടിഞ്ഞ ബാലിക ചികിത്സ തേടി അലഞ്ഞത് 467 കിലോമീറ്റര്‍

മുംബൈ- മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ആദിവാസി മേഖലയില്‍ നട്ടെല്ലിനു പരിക്കേറ്റ് കിടപ്പിലായ എട്ടുവയസ്സുകാരി ആദിവാസി ബാലികക്ക് ചികിത്സയ്ക്കായി സഞ്ചരിക്കേണ്ടി വന്നത് 467 കിലോമീറ്റര്‍. ഒരു മാസം മുമ്പാണ് രവിത വാള്‍വി എന്ന ബാലിക മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലായത്. കിലോമീറ്ററുകള്‍ താണ്ടി ഓരോ സര്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുമ്പോഴും ചികിത്സാ സംവിധാനവും ഡോക്ടര്‍മാരും ഇല്ലാത്തതിന്റെ പേരില്‍ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയത് ഒടുവില്‍ മുംബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചേര്‍ന്നത്. മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലെ ആരാഗ്യ സേവന അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയ സ്ഥിതി വെളിച്ചത്തു കൊണ്ടു വരുന്നതാണ് ഈ സംഭവം.
നന്ദുര്‍ബാറിലെ ദഡ്ഗാവ് ബ്ലോക്കിലെ ഖഡ്കിയ ആദിവാസി ഗ്രാമത്തിലാണ് രവിതയുടെ കുടുംബം. അപകടത്തെ തുടര്‍ന്ന് രവിതയെ മുളവടികളില്‍ കെട്ടിത്തൂക്കി നാലുകിലോമീറ്റര്‍ നടന്ന ശേഷമാണ് വാഹനം ലഭിച്ചത്. ഇവരുടെ ഗ്രാമത്തിലേക്ക് ആംബുലന്‍സിനു പോലും എത്താന്‍ കഴിയില്ല. നാലു കിലോമീര്‍ ദൂരം നടന്ന ശേഷം ഒരു സ്വകാര്യ വാഹനം പിടിച്ച് ദഡ്ഗാവ് റൂറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ പരിശോധനക്കായി ഇവിടെ എക്സ് റേ മെഷീന്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ടെക്നീഷ്യന്‍ ഇല്ലായിരുന്നു. രണ്ടു ഡാക്ടര്‍മാര്‍ മാത്രമുള്ള ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ ഉള്ള ഡോക്ടര്‍മാര്‍ രവിതയുടെ മുറിവുകള്‍ വെച്ചുകെട്ടി വേദനാ സംഹാരിയും കൊടുത്തു വിട്ടുവെന്നാണ് ഈ ആശുപത്രിയിലെ ചികിത്സാ രേഖയില്‍ പറയുന്നത്.
പിന്നീട് വീക്കം വര്‍ധിക്കുകയും പുറം വേദന കലശലാകുകയും ചെയ്തതോടെ രവിതയെ 78 കിലോമീറ്റര്‍ അപ്പുറത്തുള്ള നന്ദുര്‍ബാര്‍ സിവില്‍ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ എത്തി പരിശോധിച്ചപ്പോഴാണ് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്നും ഇതുമൂലം അരയ്ക്കു താഴെ സ്വാധീനം നഷ്ടമായിട്ടുണ്ടെന്നും കണ്ടെത്തിയത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഈ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ഇതിനുള്ള സംവിധാനം ഈ ആശുപത്രിയിലും ഉണ്ടായിരുന്നില്ല. ഇവിടെ ഒരാഴ്ച ചികിത്സയില്‍ തുടര്‍ന്നെങ്കിലും എംആര്‍ഐ സ്‌കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ ചികിത്സ തുടരാനായില്ല.
സെപ്റ്റംബര്‍ 29-ന് അപകടം സംഭവിച്ച ശേഷം രക്ഷിതാക്കള്‍ രവിതയുമായി നാലു ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും എം ആര്‍ ഐയോ സി ടി സ്‌കാനോ ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഗ്രാമീണര്‍ ഇടപെട്ടാണ് രവിതയെ മുംബൈയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഒക്ടോബര്‍ 18-ന് മുംബയിലെ ജിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതു ചെയ്താല്‍ പോലും അരയ്ക്കു താഴോട്ടുള്ള ചലന ശേഷി തിരിച്ചു ലഭിക്കുമോ എന്നുറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍ ശസ്ത്രക്രിയയ്ക്കും സാങ്കേതികമായ തടസ്സങ്ങളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവര്‍ നേരിടുന്നത്. സൗജന്യ ശസ്ത്രക്രിയയ്ക്കായി ആദ്യം രവിതയെ മഹാത്മാ ജ്യോതിബ ഫുലെ ജന്‍ ആരോഗ്യ പദ്ധതിയില്‍ രവിതയെ ചേര്‍ക്കണം. ഈ രേഖകള്‍ ശരിയാക്കുന്നതിനുള്ള കാലതാമസം ചികിത്സയേയും വൈകിച്ചു.
രവിതയുടെ അച്ഛന്‍ രാജ്യ ഒരു കര്‍ഷകനാണ്. സ്വന്തമായി മൊബൈല്‍ ഫോണു പോലും ഇല്ല. ഇവര്‍ സംസാരിക്കുന്നതും ഗോത്രഭാഷയാണ്. എന്തു ചെയ്യണമെന്നു പോലും ഇവര്‍ക്കറിയില്ല. ആശുപത്രിയില്‍ മുറി ലഭ്യമല്ലാത്തതിനാല്‍ പുറത്ത് കടവരാന്തകളിലാണ് രക്ഷിതാക്കളുടെ അന്തിയുറക്കം. ഗോത്രഭാഷയായ ഭിലി അറിയുന്ന ഒരു ആശുപത്രി ജീവനക്കാരന്റെ സഹായത്തോടെയാണ് ഡോക്ടര്‍മാര്‍ രവിതയെ ചികിത്സിക്കുന്നത്. രവിതയുടെ കേസില്‍ താന്‍ നേരിട്ട് ഇടപെടുന്നുണ്ടെന്ന് നന്ദുര്‍ബര്‍ കലക്ടര്‍ മല്ലിനാഥ് കല്‍ഷെട്ടി പറഞ്ഞു. 
മഹാരാഷ്ട്രയിലെ ആദിവാസി വിഭാഗങ്ങളില്‍ ഭുരിപക്ഷവും കഴിയുന്നത് നന്ദുര്‍ബാര്‍ മേഖലയിലാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍വരയെയുള്ള ആറു മാസത്തിനിടെ ഈ മേഖലയില്‍ ആറു വയസ്സിനു താഴെ പ്രായമുള്ള 467 കുട്ടികള്‍ മരിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു. ഇവിടെ കുട്ടികളില്‍ പോഷകാഹാരക്കുറവ് രൂക്ഷമാണ്. രവിതയ്ക്കും കടുത്ത പോഷകാഹാരക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുപരിഹരിച്ച ശേഷമെ തുടര്‍ ചികിത്സയ്ക്ക് കഴിയൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
 

 

Latest News