ബിഷയില്‍ മരിച്ച ഗിരിജന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി

ജിസാന്‍- ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ മരിച്ച തൃശൂര്‍ ഗുരുവായൂര്‍ വാകമറ്റം പുളിപറമ്പില്‍ ഗിരിജന്റെ (57) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കാല്‍ നൂറ്റാണ്ടിലേറെക്കാലം ബിഷയിലും ദുബായിലും പ്രവാസ ജീവിതം നയിച്ച് ഏവരുടെയും ഹൃദയം കീഴടക്കിയ ഗിരിജന്‍ രണ്ട് പെണ്‍മക്കളുടെ വിവാഹശേഷം നാടയണമെന്ന മോഹം പൂവണിയാതെയാണ് ചേതനയറ്റ് മടങ്ങിയത്. കോവിഡ് ബാധയേറ്റ് ചികിത്സയിലായിരുന്ന ഗിരിജന് കോവിഡ് നെഗറ്റീവായങ്കിലും മറ്റ് ശാരീരിക അസുഖങ്ങളാണ് മരണത്തിനു കാരണമായത്. കുട്ടിക്കാലത്ത് തന്നെ തയ്യല്‍ തൊഴില്‍ കരഗതമാക്കിയ ഗിരിജന്‍ മുംബെയില്‍ റവ ഡണ്‍ഹില്‍ റെഡിമെയ്ഡില്‍ തയ്യല്‍ക്കാരനായിരുന്നു. ബോംബെ ജീവിതത്തിനിടയിലാണ് വിസ സമ്പാദിച്ച് ബിഷയില്‍ എത്തിയത്. കരവിരുതിന് ഒത്ത വേതനമൊന്നും ബിഷയില്‍നിന്നു ലഭിച്ചില്ലെങ്കിലും നാട്ടില്‍ വീടും തൊട്ടുചേര്‍ന്ന് കടയും എന്ന ആഗ്രഹം പൂര്‍ത്തിയാക്കി ഒരിക്കല്‍ നാട്ടില്‍ കൂടിയതായിരുന്നു. സ്വന്തമായി കച്ചവടം നടത്തി നഷ്ടത്തിലായിതോടെ ഗിരിജന്‍ സുഹൃത്ത് വഴി വിസ സംഘടിപ്പിച്ചാണ് വീണ്ടും ബിഷയിലെത്തിയത്.  സ്വന്തമായി തയ്യല്‍ കട നടത്തി പച്ച പിടിക്കുന്നതിനിടയില്‍ മൂത്ത മകളുടെ വിഹാഹത്തിന് പോകാന്‍ കഴിയാത്തവിധം ഇഖാമ കുരുക്കില്‍ പെടുകയായിരുന്നു. ഇതോടൊപ്പം കോവിഡ് കൂടിയായപ്പോള്‍ മടക്ക യാത്ര എളുപ്പമല്ലാതായി. വാകമറ്റം പുളിപറമ്പില്‍ വേലായുധന്‍-ശാരദ ദമ്പതികളുടെ മകനാണ്. ഷിനിയാണ് ഭാര്യ. ഗ്രീഷ്മ, രേഷ്മ എന്നിവര്‍ മക്കളാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സുനില്‍ പെരിഞ്ഞനവും, ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ മെമ്പര്‍ മനോഹരന്‍ ഗുരുവായൂരും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. കോണ്‍സുലേറ്റിന്റെ ഇടപെടലും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഏറെ സഹായകരമായി. ഞായർ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങി നാട്ടില്‍ സംസ്‌കരിക്കും.

 

 

Latest News