Sorry, you need to enable JavaScript to visit this website.

പത്തു മാസത്തിനിടെ കണ്ടെത്തിയത് 22,680 നികുതി നിയമ ലംഘനങ്ങൾ

റിയാദ് - ഈ വർഷാദ്യം മുതൽ കഴിഞ്ഞ ദിവസംവരെ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നടത്തിയ പരിശോധനകളിൽ 22,680 മൂല്യവർധിത നികുതി (വാറ്റ്) നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. മൂല്യവർധിത നികുതി ഈടാക്കാതിരിക്കൽ, ഇൻവോയ്‌സുകളിൽ തെറ്റായ നികുതി നമ്പർ രേഖപ്പെടുത്തൽ, ഇൻവോയ്‌സുകൾ സൂക്ഷിക്കാതിരിക്കൽ, ഇൻവോയ്‌സുകളിൽ നികുതി നമ്പർ ഇല്ലാതിരിക്കൽ, നിശ്ചിത ശതമാനത്തിൽ കുറവ് നികുതി ഈടാക്കൽ പോലുള്ള നിയമ ലംഘനങ്ങളാണ്  കെണ്ടത്തിയതെന്ന് സകാത്ത്, നികുതി അതോറിറ്റി പറഞ്ഞു. നിയമ ലംഘനങ്ങളെ കുറിച്ച് ഉപയോക്താക്കളിൽ നിന്ന് അതോറിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധനകൾ  നടത്തിയത്. 
മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ അതോറിറ്റി സത്വര നടപടികൾ സ്വീകരിക്കുന്നുണ്ട്. ഉപയോക്താക്കളുടെ പരാതികൾ രഹസ്യ സ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.  നികുതി കൃത്രിമങ്ങൾ തടയുന്നതിൽ ഉപയോക്താക്കളുടെ  പങ്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള വാറ്റ് നിയമ ലംഘനങ്ങളെ കുറിച്ച് സകാത്ത്, നികുതി അതോറിറ്റി പുറത്തിറക്കിയ ആപ്പ് വഴിയോ അതോറ്റിയുടെ വെബ്‌സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് പരാതികൾ നൽകാവുന്നതാണ്. 


നിയമ ലംഘനത്തെ കുറിച്ച വിശദാംശങ്ങളും ആവശ്യമായ രേഖകളും സഹിതമായിരിക്കണം പരാതികൾ നൽകേണ്ടത്. വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ രണ്ടര ശതമാനം പാരിതോഷികമായി കൈമാറും. മിനിമം ആയിരം റിയാൽ മുതൽ പത്തു ലക്ഷം റിയാൽ വരെയാണ് പാരിതോഷികം നൽകുക. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ അതോറിറ്റിയിലെ പ്രത്യേക വിഭാഗം രഹസ്യമായി കൈകാര്യം ചെയ്യുകയും പഠിക്കുകയും ചെയ്യും. തുടർന്നാണ് സ്ഥാപനത്തിൽ പരിശോധന നടത്തുന്നതിന് ഫീൽഡ് സംഘത്തെ നിയോഗിക്കുക. 


സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഫീൽഡ് ഉദ്യോഗസ്ഥർക്ക് പരാതികൾ മാത്രമാണ് കൈമാറുക. പരാതി നൽകിയ ആളുടെ പേരുവിവരങ്ങൾ ഇവരെ അറിയിക്കില്ല. ഫീൽഡ് ഉദ്യോഗസ്ഥർ പരിശോധനയും അന്വേഷണവും നടത്തി പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കി തുടർ നടപടികൾക്ക് സകാത്ത്, നികുതി അതോറിറ്റിയിലെ ബന്ധപ്പെട്ട വകുപ്പിന് സമർപ്പിക്കും.  പരാതി സ്വീകരിച്ച കാര്യം അറിയിച്ച് പരാതി നൽകുന്നവർക്ക് അതോറിറ്റിയിൽ നിന്ന് എസ്.എം.എസ് ലഭിക്കും. നിയമ ലംഘനം നടത്തിയ സ്ഥാപനത്തിൽ ഫീൽഡ് പരിശോധന നടത്തിയ കാര്യവും പരാതിക്കാരെ പിന്നീട് അറിയിക്കും. പരാതിയിൽ സ്വീകരിച്ച തുടർ നടപടികളും പിന്നീട് പരാതിക്കാരെ അറിയിക്കും. 


മൂല്യവർധിത നികുതി 15 ശതമാനമായി ഉയർത്തിയ ശേഷം വിവിധ പ്രവിശ്യകളിൽ സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ പതിനായിരത്തോളം നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ ഒന്നു മുതലാണ് സൗദിയിൽ മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. ഉപയോക്താക്കളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് ഇതിൽ ചില നിയമ ലംഘനങ്ങൾ കെത്തിയത്. മൂല്യവർധിത നികുതി ഉയർത്തിയ ശേഷം വ്യാപാര സ്ഥാപനങ്ങളിൽ സകാത്ത്, നികുതി അതോറിറ്റി 34,000 ലേറെ പരിശോധനകൾ നടത്തിയിട്ടുണ്ട്. 

Latest News