Sorry, you need to enable JavaScript to visit this website.

സവർണ സംവരണം യാഥാർത്ഥ്യമാകുമ്പോൾ

ഏറെ വിവാദങ്ങൾക്കു ശേഷം സംസ്ഥാനത്ത് മുന്നോക്ക സംവരണം യാഥാർത്ഥ്യമാവുകയാണ്. സർവീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരിക്കുകയാണ്. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണമെന്നത് ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. മുന്നോക്ക സംവരണം നടപ്പാക്കാൻ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാർത്ഥ്യമാവാൻ സർവീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. മുന്നോക്ക സംവരണം നടപ്പാവാൻ ഇനി വിജ്ഞാപനം കൂടി മതി. ദേവസ്വം ബോർഡിൽ നേരത്തെ തന്നെ മുന്നോക്ക സംവരണം നടപ്പാക്കിയിരുന്നു. 


സാമ്പത്തിക സംവരണം എന്നൊക്കെ പറയുമ്പോഴും ഫലത്തിൽ ഇത് ജാതിസംവരണം തന്നെയാണ്. കൃത്യമായി പറഞ്ഞാൽ സവർണ ജാതിസംവരണം. സാമ്പത്തിക സംവരണമാണെങ്കിൽ എല്ലാ ജാതികളിലും പെട്ട പാവപ്പെട്ടവർക്കാകുമായിരുന്നു സംവരണം നൽകുക. എന്നാൽ ഈ സംവരണം നൽകുന്നത്  സവർണ ജാതികളിൽ പെട്ടവർക്കു മാത്രമാണ്. ഒബിസി വിഭാഗങ്ങളിലും ക്രീമിലെയർ ഒഴിവാക്കുന്ന പോലെ ഇവിടേയും വലിയ സാമ്പത്തിക ശേഷിയുള്ളവരെ ഒഴിവാക്കുന്നു എന്നു മാത്രം. കുടുംബ വാർഷിക വരുമാനം നാലു ലക്ഷത്തിൽ കവിയാത്തവരും പഞ്ചായത്തിൽ 2.5 ഏക്കറിൽ അധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപറേഷനിൽ 50 സെന്റിലധികവും ഭൂമിയില്ലാത്തവരും വീടുൾപ്പെടുന്ന പ്രദേശത്ത് 20 സെന്റും കോർപറേഷൻ പ്രദേശത്ത് 15 സെന്റും അധികരിക്കാത്തവർ എന്നിവരാണ് സംവരണത്തിനർഹർ. അതായത് സാമ്പത്തികമായി ഏറെ ഭേദപ്പെട്ടവരും സംവരണത്തിനർഹരാകുമെന്നർത്ഥം. വിരുദ്ധ രാഷ്ട്രീയ നിലപാടുള്ളവർ എന്നു കരുതപ്പെടുന്ന ബിജെപിയും സിപിഎമ്മും ഒരുപോലെ പിന്തുണക്കുന്ന സാമ്പത്തിക അഥവാ സവർണ സംവരണമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുന്നു എന്ന് അടുത്തയിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ തങ്ങളാണത് ആദ്യം ആവശ്യപ്പെട്ടതെന്ന് കോടിയേരി ബാലകൃഷ്ണൻ അഭിമാനപൂർവം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇടതുസർക്കാർ കൂടുതൽ ഉദാരതയോടെ കേരളത്തിലും നടപ്പാക്കുന്നു. സ്വാഭാവികമായും പിന്നോക്ക, ദളിത് സംഘടനകൾ സമരവുമായി രംഗത്തുണ്ട്. 


ഡോ.  ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്ന സംവരണം എന്ന ആശയത്തിന്റെ രാഷ്ട്രീയം മനസ്സിലാകാത്തവരാണ് സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നത്. വർഗ സമര സിദ്ധാന്തവും തൊഴിലാളി വർഗ സർവാധിപത്യവും ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാർക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൂരവും ജനാധിപത്യ വിരുദ്ധവുമായ ജാതീയ പീഡനങ്ങൾ മനസ്സാലാകുന്നില്ല. തൊഴിലാളി വർഗത്തെ ഭിന്നിപ്പിക്കുന്നതാണ് അവർക്ക് ജാതി. സാമ്പത്തിക നീതിയെ കുറിച്ചാണ് അവർ വാചാലരാകുക. സാമൂഹ്യ നീതിയെ കുറിച്ചല്ല. ഹിന്ദുത്വ രാഷ്ട്രം കിനാവു കാണുന്ന സംഘപരിവാറിനാകട്ടെ ഹിന്ദുത്വത്തെ നെടുകെ പിളർക്കുന്നതാണ് ജാതിവ്യവസ്ഥ. അതിനാലവർക്കും അതിന്റെ ഭീകരത മനസ്സാലാകില്ല. 


ഇന്ത്യൻ സമൂഹത്തിൽ 1800 ൽപരം വർഷങ്ങളായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്കും അധികാരത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള ഒരു പദ്ധതിയാണ് ജാതിസംവരണം എന്നത് ഇവരാരും മനസ്സിലാക്കിയില്ല. അധികാരത്തിലെ പങ്കാളിത്തമാണ് സംവരണത്തിലൂടെ അംബേദ്കർ വിഭാവനം ചെയ്തെന്നത് മനസ്സിലാക്കാൻ വർഗരാഷ്ട്രീയത്തിനോ ഹിന്ദുത്വ രാഷ്ട്രീയത്തിനോ പറ്റുമായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായിരുന്ന മണ്ഡൽ കമ്മീഷന്റെ അലയൊലികൾ കേരളത്തിൽ കാര്യമായി എത്താതിരുന്നതിനും കാരണം ഇതൊക്കെ തന്നെയായിരുന്നു. അംബേദ്കർ രാഷ്ട്രീയത്തെ ഏറെക്കാലം കേരളത്തിലേക്ക് തടഞ്ഞുനിർത്തുന്നതിലും ഇവർ വിജയിച്ചു.


സമൂഹത്തിലെ പാവപ്പെട്ടവരെ കൈപിടിച്ചുയർത്തി കൊണ്ടുവരാനുള്ള മാർഗമാണ് സംവരണം എന്നാണ് നിർഭാഗ്യവശാൽ പലരും ധരിച്ചുവെച്ചിരിക്കുന്നത്. ജാതിസംവരണം അർഹതയേയും തുല്യതയേയും തകർക്കുന്നു എന്നുമവർ വാദിക്കുന്നു. കാലങ്ങളായി അടിമകളെ പോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങൾ നിഷേധിക്കപ്പെട്ടും മൃഗതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഒരു സുപ്രഭാതത്തിൽ എല്ലാ മനുഷ്യരും തുല്യരാണ് എന്നു പറയുക,  നൂറ്റാണ്ടുകളായി മുഴുവൻ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തിൽ ചുരുക്കം വരുന്ന സവർണരുമായി മത്സരിക്കാൻ പറയുക, അതിൽ ജയിക്കുന്നതാണ് യോഗ്യത എന്നു പറയുക.... നീതിബോധമുള്ള/ചരിത്രബോധമുള്ള ആർക്കും അതംഗീകരിക്കാൻ കഴിയില്ല.

 

സംവരണം കാലാകാലത്തേക്കുള്ളതല്ലതാനും. എന്നു ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങൾ രാഷ്ട്രീയ/സാമൂഹ്യ/സാമ്പത്തിക/സാംസ്‌കാരിക മണ്ഡലങ്ങളിൽ മറ്റു ഉയർന്ന വിഭാഗങ്ങളുമായി തുല്യതയിൽ എത്തുന്നുവോ അന്ന് ആ വിഭാഗത്തിന്റെ സംവരണ ആനുകൂല്യങ്ങൾ എടുത്തുമാറ്റണമെന്ന് ഭരണഘടനാ ശിൽപികൾ  വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ആദിവാസികളും ദളിതുകളുമൊഴിച്ചുള്ള സംവരണ വിഭാഗങ്ങളിലെ സമ്പന്നരെ സംവരണ ആനുകൂല്യങ്ങളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓരോ രാഷ്ട്രത്തിലെയും പാവപ്പെട്ടവരെ സംരക്ഷിക്കാൻ അതാതു രാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം സാമ്പത്തിക നയങ്ങൾക്കുള്ളിൽ തന്നെ നിന്നുകൊണ്ട് സാമൂഹ്യ നീതി നടപ്പാക്കുന്നതിനായി ഒരു ചെറിയ കൈത്താങ്ങ് മാത്രമാണ് സംവരണം. അതിന്റെ രാഷ്ട്രീയമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യം കൂടിയാണിത്. സ്വകാര്യ മേഖലയിലാകട്ടെ, സംവരണില്ലതാനും. സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കാനുള്ള പ്രക്ഷോഭമാണ് വാസ്തവത്തിൽ നടക്കേണ്ടത്. 


സംവരണീയ സമൂഹങ്ങളോട് കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു അനീതിയെ കുറിച്ചുകൂടി പറയട്ടെ. സർക്കാർ വേതനം കൊടുക്കുന്ന എയ്ഡഡ് മേഖലയിൽ സംവരണം നിഷേധിക്കുക വഴി നടക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണ്. ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. രണ്ടു ലക്ഷത്തോളം പേർ ഈ മേഖലയിൽ അധ്യാപകരായും അനധ്യാപകരായും ജോലി ചെയ്യുന്നുണ്ട്. അതിൽ 20,000 അവസരങ്ങൾ ദളിത് വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ മേഖലയിൽ ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്നത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയോളം ആണ്. അതിന്റെ വിഹിതവും  അവർക്കു നിഷേധിക്കുന്നു. മാത്രമല്ല, മാനേജ്‌മെന്റിനു പണം കൊടുത്ത് തൊഴിൽ നേടിയവരെ പിന്നീട് സർക്കാർ സ്‌കൂളുകളിലേക്കും മാറ്റുന്നു. അടുത്തയിടെ അത്തരത്തിൽ നാലായിരത്തോളം പേരെ മാറ്റി. അതിലൂടെ സർക്കാർ സ്‌കൂളിലെ സംവരണാനുകൂല്യവും നിഷേധിക്കപ്പെടുന്നു. ഈ കടുത്ത ഭരണഘടനാ ലംഘനം പോലും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വിഷയമല്ല എന്നതാണ് ഏറ്റവും ഖേദകരം. 

Latest News