കോഴിക്കോട്- പ്രശസ്ത സാഹിത്യകാരന്‍ ഡോ. പുനത്തിന്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു.വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ കഥാകാരന്റെ അന്ത്യം. ഒരു വര്‍ഷമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
'സ്മാരകശിലകള്‍' എന്ന നോവലാണ് പുനത്തില്‍ എന്ന എഴുത്തുകാരനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്.
മലയാളത്തില്‍ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനായിരുന്ന പുനത്തിലിന്റെ ചെറുകഥയ്ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. 'സ്മാരകശിലകള്‍' കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കരസ്ഥമാക്കി.
ഏഴു നോവലെറ്റുകളും 250 കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ച പുനത്തിലിന്റെ സ്മാരകശിലകളോടൊപ്പം മരുന്ന് എന്ന നോവലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മൂന്നുതവണ സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറിയും നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിയുമായിരുന്നു. 1991-ല്‍ ബിജെപി. സ്ഥാനാര്‍ഥിയായി ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്.
1940 ഏപ്രില്‍ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്താണ് ജനനം. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ബിരുദവും അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസും കരസ്ഥമാക്കി. 1970 മുതല്‍ 1973 വരെ ഗവ. സര്‍വ്വീസില്‍ ഡോക്ടറായിരുന്ന അദ്ദേഹം 74 മുതല്‍ 1996 വരെ സ്വകാര്യ നഴ്സിംഗ്ഹോം നടത്തി. 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു. ദമാമിലെ ദാറുല്‍ ഹനാന്‍ ആശുപത്രിയിലും സേവനം ചെയ്തു. സൌദി ജീവിതത്തെ പശ്ചാത്തലമാക്കിയാണ് കന്യാവനങ്ങള്‍ രചിച്ചത്.
സ്മാരക ശിലകൾ എന്ന നോവലാണ് പുനത്തിലിന് സാഹിത്യലോകത്തെ പ്രമുഖനാക്കിയത്. വടക്കേ മലബാറിലെ മുസ്്‌ലിം ജീവിതത്തിന്റെ പശ്ചാതലത്തിലാണ് സ്മാരക ശിലകൾ എഴുതിയത്. സൗദി ജീവിതവുമായി ബന്ധപ്പെട്ട കന്യാവനങ്ങളും ഏറെ ചർച്ചയായി. കഥാകൃത്ത് സേതുവുമായി ചേർന്ന് നവഗ്രഹങ്ങളുടെ തടവറ എന്ന നോവലും രചിച്ചു. വോൾഗയിൽ മഞ്ഞുപെയ്യുന്നു എന്ന യാത്രാവിവരണവുമുണ്ട്.
സ്മാരകശിലകൾ' 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്മാരക അവാർഡും 'മരുന്നിന്' വിശ്വദീപം പുരസ്‌കാരവും (1988) സമസ്ത കേരള സാഹിത്യ പരിഷത്ത് (1990) അവാർഡും ലഭിച്ചിട്ടുണ്ട്.
പുനത്തിലിന്റ ഭൗതിക ശരീരം ചേവരമ്പലത്തുള്ള മകളുടെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടു മുതൽ നാലുവരെ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് ആറിന് വടകര കാരക്കാട് ജുമ മസ്ജിദിലാണ് ഖബറടക്കം.