തൃശ്ശൂർ- വിയ്യൂർ ജയിൽ അധികൃതരുടെ ക്രൂരമർദനമേറ്റ് മരിച്ച കഞ്ചാവ് കേസ് പ്രതി ഷെമീറിനോട് ഉദ്യോഗസ്ഥർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ നിർബന്ധിച്ചെന്ന് ഭാര്യ സുമയ്യ. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സെപ്തംബർ 30നാണ് ഷെമീറിന് റിമാന്റ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലിൽ ക്രൂര മർദനമേറ്റത്. ക്രൂരമായി മർദിച്ചതിനുശേഷം ഷെമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ജയിലധികൃതർ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു. അപസ്മാരമുള്ളയാളാണ് ഷെമീറെന്നും മർദ്ദിക്കരുതെന്ന് അപേക്ഷിച്ചിട്ടും ചെവികൊണ്ടില്ല. മർദ്ദനം കൂട്ടുകയായിരുന്നു അധികൃതർ ചെയ്തത്.
അഞ്ച് ജയിൽ ഉദ്യോഗസ്ഥർ ചേർന്നായിരുന്നു ഭർത്താവിനെ മർദിച്ചത്. രാത്രി ഒമ്പത് മുതൽ 12 വരെ ഷെമീറിനെ തല്ലിച്ചതച്ചു. രാത്രിയിലും പകലും ഷെമീർ കരയുന്നത് കേൾക്കുന്നുണ്ടായിരുന്നു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തിയെന്നും ഇത് ചോദ്യം ചെയ്ത കൂട്ടുപ്രതി ജാഫറിനെ അവർ ക്രൂരമായി മർദിച്ചെന്നും സുമയ്യ പറഞ്ഞു. അമ്പിളിക്കലയിലെ സംഭവം ആരോടെങ്കിലും പറഞ്ഞാൽ ജയിലിൽ നിന്ന് വീണ്ടും കേസ് എടുക്കുമെന്ന് വനിത ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. വിയ്യൂർ വനിത ജയിലിലെ വിർജീനിയ എന്ന ഉദ്യോഗസ്ഥയാണ് ഭീഷണിപ്പെടുത്തിയത്.
റിമാൻഡിൽ ജയിലിൽ കഴിഞ്ഞ നാളുകളിൽ ജയിൽ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും സുമയ്യ പറഞ്ഞു. 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യ സുമയ്യയേയും മറ്റൊരു പ്രതിയെയും സെപ്തംബർ 28നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് ഷെമീറിനെ റിമാൻഡ് പ്രതികളെ പാർപ്പിച്ചിരുന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും ശരീരത്തിനുമേറ്റ ക്രൂരമർദനമാണ് ഷെമീറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടക്കുന്നതിന് 24 മണിക്കൂറിനും 72 മണിക്കൂറിനുമിടയ്ക്കാണ് ഷെമീറിന് ക്രൂര മർദനമേറ്റിരിക്കുന്നത്.






