കണ്ണൂർ- കെ.എം ഷാജിയെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്ന് ആരോപണ വിധേയനായ യുവാവിനെ കാണാനില്ലെന്ന് കുടുംബം. കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി തേജസിനെയാണ് കാണാതായത്. ആരോപണം പുറത്തുവന്ന ശേഷം നാലുദിവസമായി തേജസ് വീട്ടിൽ വന്നിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഇയാളുടെ പിതാവ് കുഞ്ഞിരാമൻ പറയുന്നു. കെ എം ഷാജി പരാതിയ്ക്കൊപ്പം പോലീസിന് നൽകിയ ശബ്ദ സന്ദേശത്തിലുള്ള സംഭാഷണം തന്റെ മകന്റേത് തന്നെയാകാനാണ് സാധ്യതയെന്ന് കുഞ്ഞിരാമൻ പറയുന്നുണ്ട്. എന്നാൽ തേജസ് മദ്യലഹരിയിൽ വിളിച്ച ഫോൺ കോൾ ആകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. സി.പി.എം അനുഭാവിയായ തേജസ് പയ്യന്നൂർ കോളേജിൽ എസ്എഫ്ഐയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ അധോലോകവുമായി തേജസിന് എന്താണ് ബന്ധമെന്നാണ് പോലീസ് വന്നിട്ട് ചോദിച്ചത്. എന്നാൽ മുംബൈയിൽ തങ്ങൾക്ക് ബന്ധങ്ങളില്ല. തന്റെ കൂടെ മുംബൈയിൽ വന്ന്, അവിടെ നിന്ന് ഗൾഫിൽ പോയതാണ് തേജസ്. ഇയാൾ ജോലി ചെയ്തതെല്ലാം ഗൾഫിലാണെന്നും കുഞ്ഞിരാമൻ പറയുന്നു. തന്നെ വധിക്കാൻ കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ക്വട്ടേഷൻ നൽകിയെന്ന് കാട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് കെ എം ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.