Sorry, you need to enable JavaScript to visit this website.

ആവേശമായി വി.എസ് വീണ്ടും രംഗത്ത് 

ആലപ്പുഴ- പുന്നപ്ര, വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. 
കമ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ച ദിവാന്റെ കൺമുമ്പിൽ ഒരു ദശാബ്ദത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി ലോകചരിത്രം സൃഷ്ടിച്ച് കേരളത്തിൽ അധികാരത്തിൽ വന്നു. ആ മുന്നേറ്റം തുടരുകയാണ്. പുന്നപ്ര രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിനയച്ച സന്ദേശത്തിൽ വി.എസ് പറഞ്ഞു.
തിരുവിതാംകൂറിനെ ഇന്ത്യയിൽ ലയിപ്പിക്കാതെ സ്വതന്ത്ര രാജ്യമായി നിലനിർത്താനും അമേരിക്കൻ മോഡൽ ഭരണം സ്ഥാപിക്കാനുമുള്ള നീക്കമാണ് നാടുവാഴി ദിവാൻ ഭരണകൂടം ആവിഷ്‌കരിച്ചത്. ഇതിനെതിരെ നടന്ന ഐതിഹാസിക പുന്നപ്ര, വയലാർ പ്രക്ഷോഭത്തിൽ ദിവാൻ ഭരണത്തിന്റെ കിരാത വേട്ടയിൽ നൂറുകണക്കിന് സമര സഖാക്കളാണ് ജീവത്യാഗം ചെയ്തത്. മറ്റു നിരവധി പോരാളികൾ ജീവിക്കുന്ന രക്തസാക്ഷികളായി.


അടിച്ചമർത്തലിന്റെ കിരാതമായ നടപടികളാണ് സമര സഖാക്കൾക്ക് നേരിടേണ്ടി വന്നത്. പ്രക്ഷോഭത്തെ ചോരയിൽ മുക്കാൻ ദിവാന് കഴിഞ്ഞു. എന്നാൽ, പുന്നപ്ര, വയലാർ സമര സേനാനികൾ ഉയർത്തിയ 'അമേരിക്കൻ മോഡൽ  അറബിക്കടലിൽ' എന്ന മുദ്രാവാക്യം സാക്ഷാൽക്കരിക്കുക തന്നെ ചെയ്തു.  സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി  ജീവത്യാഗം ചെയ്ത പുന്നപ്ര, വയലാർ ധീര രക്തസാക്ഷികളുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു -വി.എസ് പറഞ്ഞു. സന്ദേശം വാരാചരണ കമ്മിറ്റി സെക്രട്ടറി കെ.മോഹൻകുമാർ വായിച്ചു.

 

Latest News