വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; പ്രാദേശിക സഹകരണം മാത്രം -യു.ഡി.എഫ് 

കൊച്ചി - തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു പുറത്തുള്ള കക്ഷികളുമായി സഖ്യമില്ലെന്നും എന്നാൽ പ്രാദേശികാടിസ്ഥാനത്തിൽ വിവിധ കക്ഷികളുമായി സഹകരണമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ എം.എം ഹസനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വെൽഫെയർ പാർടിയുൾപ്പെടെയുള്ള പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. 


മുന്നണിക്കുള്ളിലെ പാർട്ടികളുമായിട്ടാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ സഖ്യം. അതേസമയം പ്രാദേശികാടിസ്ഥാനത്തിൽ വ്യക്തികൾ, സോഷ്യൽ ഗ്രൂപ്പുകൾ, സംഘടനകൾ ഉൾപ്പെടെ പ്രാദേശിക അടിസ്ഥാനത്തിൽ യു.ഡി.എഫിന് ചർച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് ഫാസിസത്തിനും ദുർഭരണത്തിനും അഴിമതിക്കും എതിരെ പോരാടുന്ന ആരെയൊക്കെ ചേർക്കണമെന്ന് തീരുമാനിക്കാം. കാരണം ഇത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. 
ഇതിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഇരുന്ന് തീരുമാനിക്കേണ്ട കാര്യമല്ലെന്നും താഴെ തലങ്ങളിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.സി തോമസുമായി യു.ഡി.എഫ് ഔദ്യോഗികമായി ചർച്ചയുണ്ടായിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് യുഡിഎഫുമായി സഹകരിക്കണമെന്ന് താൽപര്യമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. 


ഇക്കാര്യം വിശദമായി ചർച്ച ചെയ്തിട്ട് തീരുമാനിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.സി ജോർജുമായും യു.ഡി.എഫ് ചർച്ച നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. പി.സി ജോർജിനെ യുഡിഎഫിൽ പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹവുമായി ചർച്ച ചെയ്യാതെ എങ്ങനെയാണ് പറയാൻ കഴിയുകയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
യു.ഡി.എഫിൽ നിന്നും ജോസ് കെ.മാണി വിട്ടുപോയി എൽ.ഡി.എഫിനൊപ്പം ചേർന്നിരിക്കുകയാണ്. ജോസ് കെ.മാണി വിട്ടു പോയതിൽ യുഡിഎഫിന് ഒരു പോറൽ പോലും ഏൽക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങൾ ജോസ് കെ.മാണിയുടെ പുതിയ രാഷ്ട്രീയ ബാന്ധവത്തിൽ കടുത്ത അതൃപ്തിയിലാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. 


കെ.എം മാണിയെ ബജറ്റ് പോലും അവതരിപ്പിക്കാൻ അനുവദിക്കാത്തവർ ഇപ്പോൾ ജോസ് കെ.മാണിയെ ഒപ്പം കൂട്ടുന്നതിന് പറയുന്ന ന്യായങ്ങൾ ജനങ്ങൾക്ക് ദഹിക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പണ്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം വിസ്മരിച്ച്  സി.പി.എം ഇപ്പോൾ ഛർദ്ദിച്ചതെല്ലാം വിഴുങ്ങുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest News