Sorry, you need to enable JavaScript to visit this website.

തിരിച്ചറിവുകളുടെ കാലം

അയിത്തവും കടുത്ത ജാതീയതയുമടക്കം നാം വിപാടനം ചെയ്തുവെന്നു കരുതുന്ന സകല മഹാമാരികളുടേയും പുനരുജ്ജീവനത്തിന്റെ ആറു വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ത്യ വെറുപ്പിന്റെ രാഷ്ട്രീയം മടുത്തു തുടങ്ങിയിരിക്കുന്നുവോ? ദേശീയ രാഷ്ട്രീയത്തിന്റെ നാഡിമിടിപ്പുകൾ ഇഴ കീറി പരിശോധിക്കുന്ന മാധ്യമ പ്രവർത്തകരും സ്വതന്ത്ര ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ഇന്ത്യയുടെ തലച്ചോറിൽ ചെറുവെളിച്ചം പ്രസരിക്കുന്നുണ്ടോ എന്ന് സംശയിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ വെറുപ്പിന്റെ ശക്തികൾ, ഈ വെളിച്ചത്തെ അതിദ്രുതം കെടുത്തിക്കളയാനുള്ള മാന്ത്രിക വിദ്യകളും മാസ്റ്റർ സ്‌ട്രോക്കുകളും മികച്ച രീതിയിൽ പരിശീലിച്ചിട്ടുള്ളവരായതിനാൽ ശുഭപ്രതീക്ഷ പുലർത്തുന്നതിൽ വലിയ അർഥമില്ല.


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈയിടെ വലിയൊരു സത്യം തന്റെ ട്വീറ്റിലൂടെ പുറത്തുവിട്ടു. 'ദളിതുകളേയും മുസ്‌ലിംകളേയും ആദിവാസികളേയും വലിയൊരു വിഭാഗം ഇന്ത്യക്കാർ മനുഷ്യരായി പരിഗണിക്കുന്നില്ലെന്നതാണ് ലജ്ജാകരമായ ഒരു സത്യം' എന്നാണ് അദ്ദേഹം എഴുതിയത്. ഹാഥ്‌റസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിനുണ്ടായ ഈ ബോധോദയം വളരെ വൈകിപ്പോയെന്ന് പറയാതെ വയ്യ. ഇന്ത്യയുടെ ചരിത്രമറിയുന്നവർ എന്നേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാൽ രാഹുൽ ഇത് പറയുന്നത് മറ്റൊരു പശ്ചാത്തലത്തിലാണ്. ഹാഥ്‌റസ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു ഇന്ത്യൻ യാഥാർഥ്യത്തെക്കുറിച്ചുള്ള രാഹുലിന്റെ തിരിച്ചറിവ്. 'മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും പറയുന്നത് ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നാണ്. അവർക്കും മറ്റു പല ഇന്ത്യക്കാർക്കും അവൾ ആരുമല്ല എന്നതിനാലാണ് ഇങ്ങനെ പറയുന്നത്' എന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.


രാഹുൽ സൂചിപ്പിക്കുന്ന ആ ഇന്ത്യക്കാർ ആരാണ്? വെറുപ്പിന്റെയും വിഭാഗീയതയുടെയും വിഷം ഇന്ത്യയുടെ സിരകളിൽ കഴിഞ്ഞ ആറു വർഷമായി കുത്തിക്കയറ്റിക്കൊണ്ടിരിക്കുന്നവരെക്കുറിച്ചാണോ അദ്ദേഹം പറയുന്നത്? അതോ, ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ, എന്നാൽ ഇന്നും വേണ്ട രീതിയിൽ അഭിസംബോധന ചെയ്യപ്പെടാത്ത പ്രശ്‌നങ്ങളിലൊന്നിനെക്കുറിച്ച് അദ്ദേഹം പൊതുവായ സൂചന നൽകുകയായിരുന്നോ -ജാതിയുടേയും മതത്തിന്റേയും പേരിലുള്ള വിഭജനത്തെക്കുറിച്ച്, അതിന്റെ പേരിൽ പൗരന്മാരെ ശത്രുക്കളായി മുഖാമുഖം നിർത്തുന്നതിനെക്കുറിച്ച്. 
നമുക്കിടയിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ നിലനിൽക്കുന്ന മനോഭാവത്തെക്കുറിച്ച്, ഹാഥ്‌റസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ധീരമായ ഒരു ഓർമപ്പെടുത്തലാണ് രാഹുൽ നടത്തിയതെന്ന് തന്നെയാണ് തോന്നുന്നത്. കാരണം, ഈ മനോഭാവമാണ് എല്ലാ അരുതാമയ്മകളേയും ക്ഷമിച്ച്, വെറുപ്പിന്റെ രാഷ്ട്രീയക്കാർക്ക് ഭരണത്തുടർച്ച നൽകിയ വർഗീയ ധ്രുവീകരണത്തിലേക്കെത്തിയത്. വിഭജനത്തിന്റെ ഈ മനോഭാവം ജനങ്ങളിൽ ശക്തമായി നിലനിർത്തുക ഇരുട്ടിന്റെ ശക്തികൾക്ക് ആവശ്യമാണ്. കാരണം അതാണ് അവരുടെ പ്രധാന മൂലധനം. ഈ തിരിച്ചറിവ് രാഹുലിനെപ്പോലെയുള്ള രാഷ്ട്രീയക്കാർക്ക് ഉണ്ടായിത്തുടങ്ങുന്നതിനാലാണ് ചെറുവെളിച്ചം പ്രസരിക്കുന്നുണ്ടോ എന്ന സംശയം ആദ്യമേ  പറഞ്ഞത്.


മതേതര ഇന്ത്യയുടെ ഭാഗം തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഉത്തർപ്രദേശിൽ പല സംഭവങ്ങളും അരങ്ങേറുന്നത്. ഹാഥ്‌റസും അതിന് തുടർച്ചയെന്നോണം പിന്നീടുള്ള പല ദിവസങ്ങളിലും അവിടെയുണ്ടായ ദളിത് സ്ത്രീ പീഡനങ്ങളും ഇതിനോട് ആദിത്യനാഥ് സർക്കാർ പുലർത്തുന്ന സമീപനവും പുരാതനമായ  ഏതോ നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യരെയും അവരുടെ പ്രവൃത്തികളെയുമാണ് ഓർമിപ്പിക്കുന്നത്. രാജ്യത്തിന് ഒരു ഭരണഘടനയുണ്ടെന്നോ, നിയമവാഴ്ചയുണ്ടെന്നോ ഉത്തരവാദപ്പെട്ട ഭരണ സ്ഥാപനങ്ങളുണ്ടെന്നോ ഒന്നും യു.പി ഭരണകൂടം കരുതുന്നില്ല.

ഹാഥ്‌റസ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന പോലീസ് വാദം തള്ളിയ രണ്ട് ഡോക്ടർമാരെ യു.പി സർക്കാർ കൈകാര്യം ചെയ്യുന്ന രീതി, അവിടെ നിലനിൽക്കുന്ന അപരിഷ്‌കൃതവും ജനാധിപത്യ വിരുദ്ധവുമായ ഭരണ രീതി ഒരിക്കൽ കൂടി ആവർത്തിച്ചുറപ്പിക്കുന്നതാണ്. ശ്വാസം കിട്ടാതെ പിടഞ്ഞ പിഞ്ചു കുട്ടികൾക്കായി സ്വന്തം കൈയിൽനിന്ന് പണം ചെലവാക്കി ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങിയ ഡോ. കഫീൽ ഖാന്റെ ദുർഗതി അലീഗഢിലെ ഡോക്ടർമാർക്ക് പാഠമായില്ലെന്ന് വേണം കരുതാൻ. നന്മയുടെ ചെറുവെളിച്ചങ്ങളെക്കുറിച്ച് നമുക്ക് പ്രതീക്ഷ പകരുന്നു അവർ. 


രാഹുൽ ഗാന്ധിയുടെ മേൽപറഞ്ഞ ട്വീറ്റുകളെ അമിത് ഷായുടെ സൈബർ പട അതിശക്തമായാണ് നേരിട്ടത്. വോട്ടർമാരെ രാഹുൽ അവഹേളിക്കുന്നു എന്നായിരുന്നു അവരുടെ പ്രധാന പരാതി. അത് ശരിയാണെങ്കിൽ, മഹാത്മാഗാന്ധിയും വോട്ടർമാരെ അവഹേളിച്ചുവെന്ന് പറയേണ്ടിവരും -അദ്ദേഹം തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിട്ടില്ലെങ്കിലും. കാരണം തൊട്ടുകൂടായ്മക്കെതിരെ ഏറ്റവും ശക്തമായി രാജ്യത്തുയർന്ന ശബ്ദങ്ങളിലൊന്ന് മഹാത്മജിയുടേതായിരുന്നല്ലോ. ഹിന്ദു കോഡ് ബിൽ പാർലമെന്റിൽ കൊണ്ടുവന്ന ജവാഹർലാൽ നെഹ്‌റുവിനേയും ഹിന്ദു വിരുദ്ധനായി മുദ്ര കുത്തേണ്ടി വരും. ഹിന്ദുക്കൾക്കിടയിൽ നിലനിന്ന നിരവധി അനാചാരങ്ങളേയും അത്യാചാരങ്ങളേയും ഇല്ലാതാക്കിയ നിയമമായിരുന്നല്ലോ അത്. 
നമ്മെ അലോസരപ്പെടുത്തുന്ന ഒരു സത്യം മാത്രമാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ഇന്ത്യൻ മാധ്യമങ്ങൾ പക്ഷേ മോഡിക്കും അമിത് ഷാക്കും മുന്നിൽ വാലാട്ടി നിൽക്കുന്നതിനാൽ രാഹുൽ വിളിച്ചു പറഞ്ഞ ഈ സത്യത്തെ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ അവർക്കായില്ല. 


സത്യം പറഞ്ഞാൽ രാഹുൽ മാത്രമല്ല ഇത്തരം അസുഖകരമായ സത്യങ്ങൾ വിളിച്ചുപറയുന്നത്. രണ്ട് പ്രമുഖ ന്യൂസ് ചാനലുകൾക്കെതിരെ, ബോളിവുഡ് രംഗത്തു വന്നതും കോടതി കയറിയതും നാം കണ്ടുകൊണ്ടിരിക്കുന്നു. സുശാന്ത് സിംഗ് രാജ്പുത് - റിയ ചക്രവർത്തി കേസുമായി ബന്ധപ്പെട്ട് സഹിക്കാവുന്നതിലപ്പുറമായപ്പോഴാണ് വ്യാജ വാർത്താ സംഘങ്ങൾക്കെതിരെ ബോളിവുഡ് ആയുധമെടുത്തത്. ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങളെ മനസ്സിലാക്കി തിരുത്തൽ ശക്തിയാകാനുള്ള ആഗ്രഹം കൊണ്ടോ, വ്യാജ വാർത്തകൾക്കെതിരായ ധാർമിക രോഷം കൊണ്ടോ അല്ല, തങ്ങൾക്കെതിരായ ആക്രമണം അതിരുവിട്ടപ്പോൾ മാത്രമാണ് ബോളിവുഡിലെ വ്യത്യസ്ത ധാരകൾ മാളത്തിൽനിന്ന് പുറത്തിറങ്ങുകയും ഒറ്റക്കെട്ടായി വ്യാജ വാർത്തകൾ പടക്കുന്ന ചാനലുകൾക്കെതിരെ രംഗത്തു വരികയും ചെയ്തത്. ഇതിന് തീർച്ചയായും അമിത് ഷായോടും നരേന്ദ്രമോഡിയോടും നന്ദി പറയണം. 


തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ടി.ആർ.പി റേറ്റിംഗ് തട്ടിപ്പ് മുംബൈ പോലീസ് പുറത്തു കൊണ്ടുവന്നത്. ടി.ആർ.പി റേറ്റിംഗ് ബന്ധപ്പെട്ട അധികൃതരായ ബ്രോഡ്കാസ്റ്റ് ഓഡിറ്റോറിയം റിസർച്ച് കൗൺസിൽ (ബാർക്) നിർത്തി വെച്ചിരിക്കുകയാണ്. റേറ്റിംഗ് നൽകിയതിൽ ചില തട്ടിപ്പുകൾ നടന്നിട്ടുണ്ട് എന്ന് ബാർക് ഇതിലൂടെ സമ്മതിക്കുന്നുണ്ട്. ടെലിവിഷൻ വാർത്തകളുടെ റേറ്റിംഗ് സംബന്ധിച്ച ഒരു നഗ്നസത്യം ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു വശം. നമ്പർ വൺ എന്ന അവകാശവാദങ്ങളെ നമ്പാൻ ഇനി അധികം പ്രേക്ഷകരുണ്ടാവില്ലെന്നർഥം. 
പരസ്യ ദാതാക്കളെയും അധികകാലം വിഡ്ഢികളാക്കാനാവില്ല. ഈ സംഭവത്തിൽ മിക്ക പ്രധാന ചാനലുകളും പാലിക്കുന്ന അർഥപൂർണമായ നിശ്ശബ്ദത മറ്റൊരു സത്യം കൂടി പുറത്തു കൊണ്ടുവരുന്നു- റേറ്റിംഗ് തട്ടിപ്പ് ഒരു യാഥാർഥ്യമാണ്.


രാഹുലിന്റെ തിരിച്ചറിവും ഇന്ത്യയിലെ 'സോഫ്റ്റ് പവർ' എന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡിന്റെ നീക്കവുമൊക്കെ, കഴിഞ്ഞ ആറു വർഷമായി ഉറങ്ങിക്കിടക്കുന്ന ഇന്ത്യൻ  ജനാധിപത്യ ബോധത്തെ തട്ടിയുണർത്തുമോ എന്നത് മാത്രമാണ് പ്രതീക്ഷാപൂർവം കാത്തിരിക്കേണ്ടത്. തിരിച്ചറിവിന്റെ നിലാവെളിച്ചത്തിൽനിന്ന് പുതിയൊരിന്ത്യയുടെ സൂര്യവെളിച്ചത്തിലേക്ക് പതുക്കെയെങ്കിലും നടന്നുനീങ്ങാൻ നമുക്ക് കഴിഞ്ഞാലേ മഹത്തായ ഈ രാജ്യത്തിന്റെ പൈതൃകത്തെ തിരിച്ചുപിടിക്കാനാവൂ.  

Latest News