Sorry, you need to enable JavaScript to visit this website.

ജനഹൃദയങ്ങളിൽ, ജസീന്ത 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ ആഗോള രാഷ്ട്രീയം മുഴുകിനിൽക്കുമ്പോൾ ആഹ്ലാദിപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പ് വിജയ വാർത്ത ലോകം താൽപര്യപൂർവം ശ്രദ്ധിച്ചു. ന്യൂസിലാൻഡിൽ നിന്നാണ് വാർത്ത വന്നത്. അവിടെ ജസീന്ത ആർഡൻ വീണ്ടും പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.  
തിളക്കമാർന്ന ഈ വിജയത്തിന് സവിശേഷതകൾ ഏറെയുണ്ട്.  ന്യൂസിലാൻഡിന്റെ സംഭവബഹുലമായ പ്രാധാന്യവും ചരിത്രവും മാത്രമല്ല, ജസീന്തയുടെ തിളക്കമാർന്ന വ്യക്തിപ്രഭാവവും മുഖ്യ ഘടകമായിരുന്നു.  സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ന്യൂസിലാൻഡ് ആണ്,  1893 ൽ.  മനുഷ്യാവകാശ സംരക്ഷണത്തിൽ ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നതും അവർ തന്നെ. സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യം  തുടങ്ങിയ മേഖലകളിലും അവർ മുന്നിൽ തന്നെ.  ലോകത്തു കോവിഡ് മുക്തമാക്കിയ  ആദ്യത്തെ രാജ്യം ന്യൂസിലാൻഡ് ആണ്.

ഭയാനകമായ ഒരു പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിച്ച ഭരണാധികാരിയെന്ന് പേരെടുത്ത മഹതിയാണ് ജസീന്ത ആർഡൻ. ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് ലോക നേതാക്കൾക്ക് മാതൃക കാണിച്ച ധീര വനിത. ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഉറവ് വറ്റാത്ത മാനുഷിക മൂല്യങ്ങളുടെയും ശക്തിയുടെയും ഉജ്വല പ്രതീകമാണവർ. അനുകമ്പയും ആർദ്രതയും എന്തെന്ന് ലോകത്തിന്ന് കാണിച്ചു കൊടുത്ത ഒരു ജനതയുടെ വീരനായിക. ചരിത്രത്തിലെ മഹാന്മാരായ ഭരണാധികാരികൾക്കൊപ്പം അണിനിരക്കാനുള്ള യോഗ്യതയും അർഹതയും സ്വന്തം വ്യക്തിത്വത്തിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത ജസീന്താ ആർഡൻ എന്ന നാൽപതുകാരിയെ ലോകം മറക്കില്ല. അവർ വീണ്ടും ന്യൂസിലാൻഡ് പ്രധാനമന്ത്രി യാകുമ്പോൾ ലോകം സന്തോഷിക്കുക സ്വാഭാവികം.  ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രസംഗിക്കാൻ കൈക്കുഞ്ഞുമായി വന്ന ജസീന്ത തുടക്കത്തിലേ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  പൊതുസഭയുടെ ചരിത്രത്തിലെ അപൂർവ സംഭവമായി ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ പ്രധാന വാർത്താ ചിത്രമായി അത് മാറിയിരുന്നു.


പസിഫിക് സമുദ്രത്തിൽ തെക്ക് പടിഞ്ഞാറു മേഖലയിലെ ദ്വീപ സമൂഹമാണ് ന്യൂസിലാൻഡ്. അറുനൂറോളം കൊച്ചു ദീപുകൾ ചേർന്നത്.  വെല്ലിങ്ടൺ തലസ്ഥാനമായി ഭരിക്കപ്പെടുന്നു. ഇംഗ്ലീഷ് ആണ് ഔദ്യോഗിക ഭാഷ. 1947 ൽ ബ്രിട്ടനിൽ നിന്ന്  സ്വാതന്ത്ര്യം  പ്രാപിച്ചുവെങ്കിലും ഓസ്ട്രേലിയ, കാനഡ രാജ്യങ്ങളെപ്പോലെ എലിസബത്ത് രാജ്ഞിയെ ഇപ്പോഴും  രാഷ്ട്ര തലവിയായി കരുതുന്നു.  അവരുടെ പ്രതിനിധിയായി ഗവർണർ ജനറൽ വാഴുന്നു. അൻപതു ലക്ഷത്തിൽ താഴെ മാത്രമാണ് ജനസംഖ്യ. 37 ശതമാനം ക്രിസ്ത്യൻ ആണെങ്കിലും ജനസംഖ്യയിൽ പകുതിയും  മതത്തിൽ വിശ്വസിക്കാത്തവരാണ്. രണ്ടര ശതമാനം ഹിന്ദുക്കളും ഒന്നര ശതമാനം മുസ്‌ലിംകളും ഉണ്ട്. കുറച്ചു ബുദ്ധിസ്റ്റുകളും സിക്കുകാരും ഉണ്ട്.


ജസീന്തയുടെ ലേബർ പാർട്ടി ഇടതുപക്ഷ ചായ്‌വ് ഉള്ള  ഒന്നാണ്. എന്നാൽ വോട്ടർമാരെ അത് സ്വാധീനിച്ചു എന്ന് പറയാനാവില്ല.  പ്രധാനമായും ജസീന്തയുടെ ഭരണ മികവും വ്യക്തിപ്രഭാവവും വിജയ മാനദണ്ഡമായി എന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാൽ ന്യൂസിലാൻഡ് ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷം തനിച്ചു ഭൂരിപക്ഷം നേടി എന്നത് വസ്തുതയാണ്.  2017 ലെ തെരഞ്ഞെടുപ്പിൽ  യാഥാസ്ഥിതിക വിഭാഗക്കാരായ നാഷണൽ പാർട്ടി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത്.  എന്നാൽ ലേബർ പാർട്ടി വലതുപക്ഷ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെയും  ഗ്രീൻ പാർട്ടിയുടെയും പിന്തുണയോടെ  ഭരണം പിടിച്ചു. ജസീന്ത പ്രധാനമന്ത്രിയായി.  ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവ് വിൻസ്റ്റൺ പീറ്റഴ്‌സിനെ ഉപ പ്രധാനമന്ത്രിയാക്കി.  ഈ തെരഞ്ഞെടുപ്പിൽ പീറ്റേഴ്‌സ്‌നോ അദ്ദേഹത്തിന്റെ പാർട്ടിക്കോ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ പോയത് കൗതുകം.   വോട്ടർമാർ പാർട്ടിക്കും സ്ഥാനാർഥിക്കും വോട്ട് ചെയ്യേണ്ട മിശ്ര ആനുപാതിക വോട്ടിങ് സമ്പ്രദായമാണ് ന്യൂസിലാൻഡിൽ നിലവിലുള്ളത്. 


തെരഞ്ഞെടുപ്പിന്റെ മുമ്പ് നടന്ന ടെലിവിഷൻ സംവാദം പോലും കൗതുകമാർന്നതും മാന്യവുമായിരുന്നു. ഇതേ സമയത്ത് അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരുന്ന ടെലിവിഷൻ സംവാദങ്ങൾ നാം കാണുകയായിരുന്നുവല്ലോ. ട്രംപും ബൈഡനും പരസ്പരം തെറി പറയുകയും മാന്യത വിട്ടുള്ള ആരോപണ, പ്രത്യാരോപണങ്ങൾ നടത്തുന്നതും കണ്ട് ലോകം അതിശയിച്ചു പോകുകയായിരുന്നു. എന്നാൽ ജസീന്തയും എതിരാളികളും പരസ്പരം തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചും എതിരാളികളെ പ്രശംസിച്ചും സംസാരിച്ചു.   അപവാദങ്ങളോ വഴിവിട്ട  ദുരാരോപണങ്ങളോ ഒന്നും ഇല്ല.  120 വർഷം പഴക്കമുള്ള ന്യൂസിലാൻഡ് പാർലമെന്റിന്റെ നാൽപതാമത് പ്രധാനമന്ത്രിയാണ് ജസീന്ത.  മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും.  


 2017 ൽ പ്രധാനമന്ത്രിയായ ശേഷമാണ് താൻ ഗർഭിണിയാണെന്ന കാര്യം അവർ വെളിപ്പെടുത്തിയത്.  പ്രതിപക്ഷ നേതാവ് സൈമൺ ബ്രിഡ്ജ് അടക്കമുള്ളവർ അവരെ ആശംസകൾ അറിയിക്കുകയാണ് ചെയ്തത്.   പ്രസവം കഴിയുന്നത് വരെ 'കൂട്ടുകാരൻ' ഗോഫോർഡിന്റെ വീട്ടിൽ ആയിരുന്നു ജസീന്ത താമസിച്ചിരുന്നത്. അതുവരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയിരുന്നില്ല.  ഇത് പാർലമെന്റിൽ ചർച്ചയായപ്പോൾ സ്പീക്കർ ട്രിവോർ മലാർഡ് അംഗങ്ങളെയും മാധ്യമക്കാരെയും താക്കീത് ചെയ്യുകയാണുണ്ടായത്.  അവരുടെ സ്വകാര്യതയെ മാനിക്കണം.  അനധികൃതമായി ഫോട്ടോകൾ എടുത്തു പ്രചരിപ്പിക്കരുത്. ന്യൂസിലാൻഡിന് സ്വന്തമായ സംസ്‌കാരം ഉണ്ട്. നാം അതിനു വേണ്ടി നിലകൊള്ളണം. ജസീന്തയുടെ ഭരണ രീതിയിലാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് അവരുടെ ചരിത്ര വിജയം സാക്ഷ്യപ്പെടുത്തുന്നു. 


ജസീന്ത ആർഡൻ ലോക പ്രസിദ്ധയായതും സമാദരണീയ ആയതും കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കിഴക്കൻ തീരനഗരമായ ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല സംഭവത്തെ അവർ നേരിട്ട രീതിയാണ്. വിവേകപൂർണവും ധീരവുമായ നിലപാട് അവരെ ലോകത്തിന്റെ ആരാധനാ പാത്രമാക്കി. ലോകം ഇപ്പോഴും അവരെ നെഞ്ചിലേറ്റുന്നു.  ന്യൂസിലാൻഡ് ജനതയിൽ ഒന്നര ശതമാനം മാത്രമാണ് മുസ്‌ലിംകൾ. വംശവെറി പൂണ്ട ഒരു ഓസ്ട്രേലിയൻ യുവാവ് മസ്ജിദുകളിൽ കയറി മാരത്തൺ വെടിവെപ്പ് നടത്തി.  ജസീന്ത അന്ന് ലോകത്തോട് പറഞ്ഞു 'ഈ ദുഷ്‌കൃത്യം ചെയ്തവൻ ഇവിടുത്തുകാരനല്ല.  അയാൾ ഇവിടെ വളർത്തപ്പെട്ടവനുമല്ല. അയാളുടെ ചിന്താഗതികൾ ഇവിടെനിന്നു കിട്ടിയതുമല്ല.' 


ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം അവർ വിളിച്ചു ചേർത്തു.  ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, ബുദ്ധ പുരോഹിതർ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളിലെയും നേതാക്കളെ ക്ഷണിച്ചു വരുത്തി. ഖുർആൻ പാരായണത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. അഞ്ചു മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ജസീന്ത സംസാരിച്ചത്.  എന്നാൽ അത് ലോക ശ്രദ്ധ പിടിച്ചു പറ്റി. ലോക ചരിത്രത്തിൽ ഇടം നേടിയ ഒന്നായി അത് മാറി.  അസ്സലാമു അലൈക്കും. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെയെന്ന് പറഞ്ഞു തുടങ്ങിയ അവരുടെ വാക്കുകൾ എല്ലാവരുടെയും ഹൃദയം സ്പർശിച്ചു. 'ഇരയായവരുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തുന്നു.  അവർ ന്യൂസിലാൻഡു കാരാണ്. നാം തന്നെയാണ്. അവർ നമ്മൾ തന്നെ ആയതുകൊണ്ടാണ് നാം ദുഃഖിക്കുന്നത്. അവരെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം നമുക്കുണ്ട്.  നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്. ഞങ്ങൾക്കതിന്  കഴിയും.' ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന്  അവർ ലോക നേതാക്കൾക്ക് മാതൃക കാണിച്ചു.  ചരിത്രത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മാനുഷിക മൂല്യങ്ങളുടെയും ഉറവ് വറ്റാത്ത ശക്തിയുടെയും ഉറവിടം തങ്ങൾക്കു സ്വന്തമാണെന്ന് പ്രധാനമന്ത്രി ജസീന്താ ആർഡനും ന്യൂസിലാൻഡ് ജനതയും ലോകത്തോട് പറയാതെ പറയുകയായിരുന്നു.  ജസീന്തയെ പോലെയുള്ള നേതാക്കളെ ലോകത്തിന് ആവശ്യമാണെന്ന് അവരുടെ നേതൃപാടവത്തെ വാഴ്ത്തിക്കൊണ്ട് ന്യൂയോർക്ക് ടൈംസ് പ്രശംസിച്ചു.  അവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം നേട്ടം തന്നെ. ലോകത്തിന് മുഴുവൻ ആഹ്ലാദിക്കാവുന്ന നേട്ടം.
നാം സാധാരണ കാണാറുള്ള അധികാര പരിവേഷമൊന്നും ജസീന്തക്കില്ല.  അകമ്പടിയും സുരക്ഷാ ക്രമീകരണങ്ങളും കാണാറില്ല. പലപ്പോഴും അവർ സ്വയം കാറോടിച്ചു ജനമധ്യത്തിലൂടെ യാത്ര ചെയ്യുന്നു. ഇതാണ് യഥാർഥ ജനനേതാവ്, ജനങ്ങൾ ഹൃദയത്തിലേറ്റിയ രാഷ്ട്ര നായികയുടെ നേതൃഗുണം.

Latest News