Sorry, you need to enable JavaScript to visit this website.

ബിഹാര്‍ തെരഞ്ഞെടുപ്പ്: നിതീഷിനെ തുറന്നു കാട്ടി തേജസ്വിയുടെ കൊട്ട്

പട്‌ന- നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണം കലാശക്കൊട്ടിനോട് അടുക്കുന്ന ബിഹാറില്‍ മുഖ്യമന്ത്രി നീതഷ് കുമാറിനെ തുറന്നു കാട്ടി തേജസ്വി യാദവിന്റെ അഗ്രസീവ് പ്രചരണം. നവാഡ ജില്ലയില്‍ ഇന്ന് പ്രചരണ റാലിയില്‍ ജെഡിയു നേതാവ് നിതീഷിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വിയുടെ പ്രസംഗം. കോവിഡ് കാരണം പറഞ്ഞ് നാലു മാസത്തിലേറെ കാലം വീട്ടില്‍ അടച്ചിരുന്ന നീതീഷ് ഇപ്പോള്‍ വോട്ടിനു വേണ്ടി മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നതെന്ന് തേജസ്വി പറഞ്ഞു. സംസ്ഥാനം വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വീട്ടില്‍ അടച്ചിട്ടിരിക്കുകയും പൊതുജനങ്ങളോട് സംവദിക്കാതിരിക്കുകയും, ലക്ഷക്കണക്കിന് ബിഹാരി കുടിയേറ്റ തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്താനാകാതെ പ്രതിസന്ധിയിലായപ്പോള്‍ ഒന്നും ചെയ്യാതിരിക്കുകയുമാണ് നിതീഷ് ചെയ്തതെന്ന് തേജസ്വി പറഞ്ഞു. 

'നിതീഷ് കുമാര്‍ 144 ദിവസമായി മുഖ്യമന്ത്രിയുടെ വസതിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വീടിനു പുറത്തിറങ്ങിയിരിക്കുന്നു. എന്തിന്? അന്നും കൊറോണയുണ്ട്. ഇന്നും കൊറോണയുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വോട്ടു വേണം. അതുകൊണ്ടു മാത്രമണ് പുറത്തിറങ്ങിയിരിക്കുന്നത്,' തേജസ്വി പറഞ്ഞു.

32 ലക്ഷം പേരാണ് ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടമായി ബിഹാറില്‍ തിരിച്ചെത്തിയത്. സര്‍ക്കാര്‍ അവര്‍ക്ക് ജോലി വാഗ്ദാനം നല്‍കുകയും സ്‌കില്‍ മാപ്പിങ് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. '15 വര്‍ഷമായി നിതീഷ് നിങ്ങള്‍ക്ക് ജോലി തന്നുവോ? അദ്ദേഹം ദാരിദ്ര്യം തുടച്ചു നീക്കിയോ? നല്‍കുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലികള്‍ എവിടെ? ഫാക്ടറികള്‍ക്ക് എന്തു സംഭവിച്ചു?' തേജസ്വി ചോദ്യശരങ്ങള്‍ തൊടുത്തുവിട്ടു. 

84 ദിവസം വീട്ടില്‍ കഴിഞ്ഞതിനു ശേഷം ജൂണില്‍ നിതീഷ് ആദ്യമായി വീടിനു പുറത്തിറങ്ങിയിരുന്നു. അന്ന് 20 മീറ്റര്‍ മാത്രം അപ്പുറത്തുള്ള സെക്രട്ടറിയേറ്റിലേക്കു മത്രമാണ് പോയത്. അന്നും നിതീഷിന്റെ കൊട്ടി തേജസ്വി ട്വീറ്റ് ചെയ്തിരുന്നു. പുറത്തിറങ്ങാന്‍ ഭയമാണെങ്കില്‍ ഞാനും കൂടെ വരാം എന്നായിരുന്നു തേജസ്വിയുടെ കോട്ട്.


 

Latest News