വിദേശികള്‍ക്കു വരാം, ടൂറിസ്റ്റുകള്‍ വേണ്ട; രാജ്യാന്തര സന്ദര്‍ശകര്‍ക്കായി അതിര്‍ത്തി തുറന്ന് ഇന്ത്യ

ന്യുദല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന വിലക്ക് ഇന്ത്യ നീക്കി. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നു. വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും ഇന്ത്യയിലേക്കു വരാം. ബിസിനസ്, കോണ്‍ഫറന്‍സുകള്‍, ജോലി, പഠനം, ഗവേഷണം, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കു മാത്രമെ വിദേശികള്‍ക്കു ഇപ്പോള്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയൂ. ടൂറിസ്റ്റുകള്‍ക്ക് അനുമതിയില്ല. സാധാരണ ഷെഡ്യൂള്‍ഡ് വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ലഭ്യമായ വന്ദേ ഭാരത് സര്‍വീസുകള്‍, സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍, പ്രത്യേക ക്രമീകരണ പ്രകാരമുള്ള സര്‍വീസുകള്‍ ഉപയോഗപ്പെടുത്താം. കപ്പലുകളിലും അനുവദിക്കും. യാത്രക്കാരെല്ലാം കോവിഡ് മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ക്വാറന്റീന്‍ ചട്ടങ്ങള്‍ പിന്തുടരുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News