Sorry, you need to enable JavaScript to visit this website.

സ്വയം വരുത്തിവെച്ച വിന

താരതമ്യേന ഭേദപ്പെട്ട ഒരു സംവിധാനത്തെ അഹങ്കാരവും പിടിപ്പുകേടും കഴിവില്ലായ്മയും കൊണ്ട് എങ്ങനെ കുത്തഴിഞ്ഞതാക്കാമെന്നതിന് ഉദാഹരണം വേണമെങ്കിൽ കേരളത്തിൽ ഇപ്പോഴത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ നോക്കിയാൽ മതി. കോവിഡ് ലോകത്ത് പല രാജ്യങ്ങളിലും, ഇന്ത്യയിൽ തന്നെ മറ്റ് പല സംസ്ഥാനങ്ങളിലും അതിന്റെ മൂർധന്യ ഘട്ടം പിന്നിടുമ്പോൾ കേരളം ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിന് തുടക്കത്തിൽ രോഗ പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ ദുരന്ത സാഹചര്യത്തിലേക്ക് പതിക്കുന്നതെന്നത് വിരോധാഭാസം. 


ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം രോഗവ്യാപന തോത് കേരളത്തിലാണ്. സർക്കാർ ആശുപത്രികളിൽ പോയിട്ട് സ്വകാര്യ ആശുപത്രികളിൽ പോലും ഗുരുതാരവസ്ഥയിലെത്തുന്ന രോഗികളെ ചികിത്സിക്കാൻ ഇടമില്ല. ചികിത്സയിലുള്ള രോഗികൾ പോലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റും ശ്രദ്ധക്കുറവ് കൊണ്ട് മരിക്കുന്ന അവസ്ഥ. രോഗികൾ പരിചരണം കിട്ടാതെ പുഴുവരിക്കുന്നു. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതുകൊണ്ട് മരിച്ച രോഗികളുടെ ബന്ധുക്കൾ അക്കാര്യം അറിയാതെ പോകുന്നു. മൃതദേഹങ്ങൾ അജ്ഞാതമെന്ന് പറഞ്ഞ് ദിവസങ്ങളോളം മോർച്ചറിയിൽ ഇടുന്നു. ചുരുക്കത്തിൽ ആരോഗ്യ മേഖല ആകെ കുത്തഴിഞ്ഞിരിക്കുന്നു.


അതിനിടെ കോവിഡ് ചികിത്സയുടെ അമിത ഭാരം താങ്ങാനാവാത്തതുകൊണ്ടാവും ഡോക്ടർമാരുടെ അശ്രദ്ധ കൊണ്ട് ഗർഭസ്ഥ ശിശുക്കളായ ഇരട്ടകൾ മരിച്ച ദാരുണ സംഭവവും അരങ്ങേറി.
കേരള സർക്കാരും ആരോഗ്യ രംഗത്ത് അവർക്ക് ഉപദേശങ്ങൾ നൽകുന്ന ചിലരും സ്വയം വരുത്തിവെച്ച വിന എന്നു മാത്രമേ ഇതേക്കുറിച്ച് പറയാനാവൂ. തുടക്ക സമയത്ത് കോവിഡിനെ നേരിടുന്നതിൽ കൈവരിച്ച നേട്ടം നൽകിയ അമിത ആത്മവിശ്വാസം, അഹങ്കാരവും പരപുഛവുമായി മാറിയതിന്റെ ഫലം. ലോകം മുഴുവുൻ കോവിഡിനെ എങ്ങനെ നേരിടണമെന്നറിയാതെ അന്തം വിട്ടുനിൽക്കുമ്പോൾ നമ്മളിതാ കോവിഡിനെ തോൽപിച്ചുവെന്ന തരത്തിലുള്ള അമിതാവേശ പ്രഘോഷങ്ങളായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സർക്കാർ വക്താക്കളും പറഞ്ഞുകൊണ്ടിരുന്നത്. 


അത്തരത്തിൽ ലോകം മുഴുവൻ അവർ പരസ്യം നടത്തുകയും ചെയ്തു. കോവിഡ് കാലം കഴിയുമ്പോൾ രോഗത്തെ അതിജീവിക്കാൻ കഴിഞ്ഞ കേരളത്തിലേക്ക് നിക്ഷേപം ഒഴുകുമെന്നു പോലും നമ്മുടെ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒട്ടും മോശമല്ല. കോവിഡ് എന്നത് എന്തു തരം രോഗമെന്നോ അതിന്റെ വ്യാപ്തി എത്രത്തോളമെന്നോ ലോകം ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത കാലത്തായിരുന്നു അതെല്ലാം.


എല്ലാ പി.ആർ വർക്കുകളെല്ലാം ദയനീയമായി പൊളിഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി കേരളം ആർജിച്ചെടുത്ത ആരോഗ്യ രംഗത്തെ മാതൃകാ സംവിധാനങ്ങളെല്ലാം കോവിഡിന് മുന്നിൽ പരാജയപ്പെട്ടു. എന്നിട്ടും അതംഗകീരിക്കാൻ മുഖ്യമന്ത്രിയോ സർക്കാരോ തയാറായിട്ടില്ല. തോൽവി അംഗീകരിക്കില്ലെന്ന കാര്യത്തിൽ പിണറായി മത്സരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോടാണെന്ന് തോന്നും. സർക്കാരിനെ വിമർശിക്കുകയും മെച്ചപ്പെട്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നവരോടെല്ലാം കയർക്കുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് മാത്രമല്ല, ഐ.എം.എയും കെ.ജി.എം.ഒ.എയും പോലുള്ള വിദഗ്ധരുടെ സംഘടനകളുടെ നിർദേശങ്ങളോടു പോലും പുഛമാണ് സർക്കാർ സംവിധാനങ്ങൾക്ക്.
കോവിഡ് രോഗത്തെ മനസ്സിലാക്കുന്നതിലും ശരിയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലും തുടക്കത്തിലേ സർക്കാരിന് പിഴച്ചു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇത് കുറേക്കാലം നീണ്ടുനിൽക്കാനിടയുള്ള മഹാമാരിയാണെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുക്കാതെ താൽക്കാലിക നേട്ടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. അതോടൊപ്പം രോഗവ്യാപനത്തിന് കാരണക്കാരെന്ന് പറഞ്ഞ് ആരെയെങ്കിലും കണ്ടെത്തി ആക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചു. 


തുടക്കത്തിൽ നാട്ടിലേക്ക് വരുന്ന പ്രവാസികളെയായിരുന്നെങ്കിൽ പിന്നീട് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ മേലായി. അതു കഴിഞ്ഞ് പ്രതിപക്ഷ സമരങ്ങളുടെ നേർക്ക് തിരിഞ്ഞു. സർക്കാർ ഇങ്ങനെ ശത്രുക്കളെ നിർണയിച്ച് നിഴൽ യുദ്ധം നടത്തുമ്പോൾ, സമൂഹത്തിൽ രോഗം വ്യാപിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച വൈദികനും കാസർകോട്ട് ചക്ക വീണ് മരിച്ചയാൾക്കുമെല്ലാം മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത് സമൂഹത്തിൽ കോവിഡ് വ്യാപിച്ചിരിക്കുന്നു എന്നതിന് തെളിവായിരുന്നു. എന്നാൽ ആ സമയമെല്ലാം നാട്ടിലേക്ക് വരുന്ന പ്രവാസികളിലാണ് കൂടുതൽ രോഗികളെന്ന കണക്ക് പുറത്തുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സർക്കാർ.
കോവിഡ് എന്നത് മഹാഭൂരിപക്ഷം ജനങ്ങളിലും വൈറൽ പനിയുടെ അവസ്ഥയേ ഉണ്ടാക്കൂവെന്നും മറ്റ് മാരക രോഗങ്ങളുള്ളവർക്ക് കോവിഡ് ബാധിക്കുന്നതാണ് അപകടമെന്നും മെഡിക്കൽ വിദഗ്ധർ വളരെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു ചികിത്സയുമില്ലാതെ തന്നെ കോവിഡ് ഭേദമാവും. 


എന്നാൽ അവരിൽനിന്ന് മറ്റാർക്കെങ്കിലും രോഗം പകരാതെ നോക്കുകയാണ് വേണ്ടത്. ഇതിന് ആദ്യമായി വേണ്ടത് രോഗമുള്ളവരെ കണ്ടെത്തുക എന്നതായിരുന്നു. അതിന് വ്യാപകമായി ടെസ്റ്റുകൾ നടത്തുണമായിരുന്നു. എന്നാൽ കേരളം ഇക്കാര്യത്തിൽ വളരെ പിന്നോക്കമായി. ടെസ്റ്റുകൾ പരമാവധി കുറച്ച് കേരളത്തിൽ ഒരു പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ മേനി നടിച്ചു. പരിശോധനകൾ കുറവായതിനാൽ രോഗമുള്ളവർ അക്കാര്യമറിയാതെ സമൂഹത്തിൽ ഇറങ്ങി നടന്നു. നമുക്ക് ഒന്നുമില്ല, ഗൾഫിൽ നിന്നോ മറ്റു നാടുകളിൽനിന്നോ വരുന്നവരെ ശ്രദ്ധിച്ചാൽ മതി എന്നതായി കേരളത്തിലെ ജനങ്ങളുടെ വിചാരം. സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെ കേസുകൾ എന്ന ഭീതിദമായ അവസ്ഥയിലെത്തിയതിന്റെ തുടക്കം ആ അലംഭാവമാണ്.


തുടക്കത്തിൽ കോവിഡ് രോഗികളോട് സർക്കാരും ആരോഗ്യ പ്രവർത്തകരും പുലർത്തിയ ആക്രമണോൽസുകമായ സമീപനവും സമൂഹത്തിൽ തെറ്റായ സൂചന നൽകി. കോവിഡ് ബാധിച്ചയാളെ കണ്ടാൽ പോലും രോഗം പടരുമെന്ന തരത്തിലുള്ള ബോധം സമൂഹത്തിൽ പടർന്നത് അങ്ങനെയാണ്. ലോക്ഡൗൺ ഇളവുകളുടെ ആദ്യ വേളയിൽ ഗൾഫിൽനിന്ന് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഒരു പെൺകുട്ടി മുറിയുടെ ജനൽ തുറന്നപ്പോൾ അയൽക്കാർ തെറി വിളിച്ച് അടപ്പിച്ചതു പോലുള്ള സംഭവങ്ങൾ ഇത്തരം തെറ്റിദ്ധാരണയുടെ ഫലമായിരുന്നു. കോവിഡ് ബാധിച്ചവരെ മുഴുവൻ ശത്രുക്കളായി കാണുന്ന സമീപനം സമൂഹത്തിൽ വ്യാകമായത് സർക്കാരിന്റെ അമിത പ്രകടനങ്ങൾ മൂലമാണ്. രോഗലക്ഷണമുള്ളവർ അത് മറച്ചുവെച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ദുരന്തം. അവരും രോഗമില്ലാത്തവരെ പോലെ മറ്റുള്ളവരുമായി ഇടപഴകി പരമാവധി പേർക്ക് കോവിഡ് പരത്തി. രോഗം വന്നാലും മഹാഭൂരിപക്ഷം പേർക്കും പേടിക്കാനില്ലെന്നും സമ്പർക്കം ഒഴിവാക്കി ശ്രദ്ധിച്ചാൽ മതിയെന്നുമുള്ള സന്ദേശം ശരിയായ അർഥത്തിൽ ജനങ്ങളിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. 


കോവിഡ് ദീർഘകാലം നിലനിൽക്കുന്ന രോഗമാണെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കാര്യമായെടുത്ത് വേണ്ട മുൻകരുതലെടുക്കുന്ന കാര്യത്തിലായിരുന്നു സർക്കാർ ഏറ്റവും വലിയ വീഴ്ച വരുത്തിയത്. ടെസ്റ്റുകളും രോഗികളും വളരെ കുറവായിരുന്ന സമയത്ത് ഓരോ രോഗിയെയും വീട്ടിൽനിന്ന് ആംബുലൻസിൽ ആശുപത്രികളിലെത്തിച്ച് ദിവസങ്ങളോളം ചികിത്സ നൽകുകയും രോഗികളുമായി വിദൂര സമ്പർക്കമുള്ളവരെ പോലും ഐസൊലേഷനിലേക്ക് മാറ്റുകയുമൊക്കെ ചെയ്തു സർക്കാർ. എന്നാൽ യൂറോപ്പിലെയും അമേരിക്കയിലും പോലെ രോഗവ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ അവഗണിക്കപ്പെട്ടു. സർക്കാരിന്റെ ജാഗ്രതാ നടപടികൾ വെറും വാചകമടിയിലൊതുങ്ങി. രണ്ടര ലക്ഷം പ്രവാസികൾ വന്നാലും ക്വാറന്റൈൻ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതു പോലുള്ള അവകാശവാദങ്ങൾ ഉദാഹരണം. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന എല്ലാ ആശുപത്രികളെയും സർക്കാർ മുൻകൈയെടുത്ത് പുനരുദ്ധരിച്ച് സജ്ജമാക്കുമെന്ന അവകാശവാദവും നടന്നില്ല. ഇന്നിപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ള ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ മാത്രമാണ് അധികമായുള്ള സംവിധാനം. അവിടങ്ങളിലാവട്ടെ ഡോക്ടർമാരോ നഴ്‌സുമാരോ ചികിത്സയോ ഒന്നുമില്ല. 


ഓരോ വർഷവും ആയിരക്കണക്കിന് മെഡിക്കൽ ബിരുദധാരികൾ പഠിച്ച് പുറത്തിറങ്ങുന്ന നാടാണ് കേരളം. ഈ ജൂനിയർ ഡോക്ടർമാരെയും നഴ്‌സുമാരെയും താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച് ആരോഗ്യ വകുപ്പിൽ ഇപ്പോഴുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റും ജോലി ഭാരം കുറയ്ക്കണമെന്നും വിദഗ്ധർ വളരെ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. സർക്കാർ അതും കാര്യമാക്കിയില്ല. ഏതാനും മാസങ്ങളിൽ ഇത്തരമൊരു സംവിധാനം നടപ്പാക്കിയിരുന്നെങ്കിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും ജോലി ചെയ്ത് തളർന്നുപോകുമായിരുന്നില്ല.
സ്വകാര്യ ആശുപത്രികളെ കോവിഡ് ചികിത്സയുടെ ഭാഗമാക്കുന്നതിൽ തുടക്കത്തിൽ സർക്കാർ അറച്ചുനിന്നതും വലിയ തിരിച്ചടിയായി. കോവിഡ് ചികിത്സക്ക് പ്രത്യേക മാനദണ്ഡങ്ങളും ചികിത്സാ ഫീസും സർക്കാർ നിർണയിച്ച് നൽകുകയും അവ അംഗീകരിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് വ്യവസ്ഥകളോടെ ചികിത്സക്ക് അനുമതി നൽകുകയും ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ സർക്കാരിന്റെ ഭാരം വലിയൊരളവിൽ കുറഞ്ഞേനേ. സർക്കാർ ആശുപത്രികൾക്ക് താങ്ങാൻ കഴിയാതെ വന്നപ്പോൾ മാത്രമാണ് കേരളം സ്വകാര്യ മേഖലയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം മാത്രമാണ് കോവിഡ് ടെസ്റ്റിനുള്ള ഫീസ് പോലും സർക്കാർ നിർണയിച്ചു നൽകിയത്.


കോവിഡ് പോസിറ്റീവായ എല്ലാവരും ആശുപത്രിയിൽ പോയി ചികിത്സിക്കേണ്ട ആവശ്യമില്ല എന്ന സമീപനമായിരുന്നു സൗദി അറേബ്യയിലും മറ്റും തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. വീട്ടിലോ താമസ സ്ഥലത്തോ മറ്റുള്ളവരുമായി അകലം പാലിച്ച് കഴിഞ്ഞാൽ മതി. വാസ്തവത്തിൽ ഇതായിരുന്നു കേരളവും ചെയ്യേണ്ടിയിരുന്നത്. വീട്ടിൽ ഒരു കോവിഡ് രോഗിയുണ്ടെങ്കിൽ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരായേനേ. അതോടൊപ്പം കോവിഡ് ബാധിച്ചവർ വെറുക്കപ്പെടേണ്ടവരാണെന്ന തെറ്റായ ചിന്തയും ഇല്ലാതായേനേ. എന്നാൽ തുടക്കത്തിലെ അമിതാവേശവും തെറ്റായ ഉപദേശങ്ങളും കൊണ്ട് സർക്കാർ തന്നെ കേരളം കോവിഡ് ചികിത്സയുടെ കാര്യത്തിൽ ലോകത്തിന് തെറ്റായ മാതൃകയാണെന്ന് തെളിയിക്കുകയായിരുന്നു.

Latest News