Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര സി.ബി.ഐയെ പുറത്താക്കുന്നു

മുംബൈ- വ്യാജ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്‌സ് (ടി.ആര്‍.പി) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ബി.ഐക്ക് പൊതുവായി നല്‍കിയ അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മറ്റുകേസുകളിലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതേ നിലപാട് തുടരുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഉത്തര്‍ പ്രദേശ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി.ആര്‍.പി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നേരത്തെ ഒരു പരസ്യ കമ്പനിയുടെ പ്രമോട്ടര്‍ നല്‍കിയ പരാതിയില്‍ ലഖ്‌നൗവിലെ ഹസ്രത്ത്ഗഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയത്. പണം നല്‍കി ടി.ആര്‍.പിയില്‍ കൃത്രിമം നടത്തിയെന്നായിരുന്നു പ്രാഥമിക ആരോപണം.
പരസ്യക്കാരെ ആകര്‍ഷിക്കുന്നതിന് ചില ടെലിവിഷന്‍ ചാനലുകള്‍ ടി.ആര്‍.പിയില്‍ കൃത്രിമം നടത്തിയെന്ന് റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) മുംബൈ പോലീസില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണം.
പ്രേക്ഷകരുടെ ഡാറ്റ ശേഖരിക്കുന്നതിന് മീറ്ററുകള്‍ സ്ഥാപിച്ച വീടുകളില്‍ ഉടമകള്‍ക്ക് പണം നല്‍കി ചില ചാനലുകള്‍ കൂടുതല്‍ സമയം ഓണ്‍ ചെയ്തിടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. റിപ്പബ്ലിക് ടിവിയും മറ്റു മൂന്ന് ചനാലുകളുമാണ് കൃത്രിമത്തിനു പിന്നിലെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തുകയും ചെയ്തു. മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് ചൊവ്വാഴ്ച രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി സ്വീകരിച്ചിരുന്നില്ല.
ടി.ആര്‍.പി അടിസ്ഥാനമാക്കിയാണ് പരസ്യ ഏജന്‍സികള്‍ ചാനലുകളുടേയും പരിപാടികളുടേയും ജനപ്രീതി അളക്കുന്നത്.
രാജ്യത്തെ 45,000 വീടുകളില്‍ സ്ഥാപിച്ച ബാര്‍ ഓ മീറ്ററുകള്‍ ഡാറ്റ ശേഖരിച്ചാണ് ബാര്‍ക്ക് പോയിന്റുകള്‍ കണക്കുകൂട്ടുന്നത്. ചാനലും പരിപാടികളും വീക്ഷിച്ചവരുടെ ഡാറ്റകള്‍ പരിശോധിച്ച് ബാര്‍ക്ക് പ്രതിവാര റേറ്റിംഗ് പുറത്തുവിടുന്നു. തട്ടിപ്പിനെ തുടര്‍ന്ന് റേറ്റിംഗ് പുറത്തുവിടുന്നത് ബാര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.

 

 

Latest News