കണ്ണൂർ- വെൽഫെയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ സ്വാഗതം ചെയ്ത് രണ്ടാമത്തെ എം.പിയും. കെ.മുരളീധരനു പിന്നാലെ കെ.സുധാകരനാണ് ഈ സഖ്യത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. ജനവികാരമാണ് യു.ഡി.എഫിന്റെ സംവിധാനം. യു.ഡി.എഫ് സംവിധാനത്തോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെയുള്ള ജനവികാരം ക്രോഡീകരിക്കുകയാണ് ലക്ഷ്യം. യു.ഡി.എഫിനെ ആർക്കും പിന്തുണക്കാം. എൽ.ഡി.എഫിനെ എതിർക്കാൻ വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ സഹായം തേടുന്നതിൽ തെറ്റില്ലെന്നും സുധാകരൻ വ്യക്തമാക്കി.