ലക്‌നൗ- കാലിത്തൊഴുത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി തന്റെ കൃഷി നശിപ്പിച്ചതായി കർഷകന്റെ പരാതി. ഉത്തർ പ്രദേശിലെ ബിജെപി സർക്കാരിൽ മന്ത്രിയായ ജയ്കുമാർ സിങിന്റെ വാഹന വ്യൂഹം തന്റെ കൃഷി നശിപ്പെച്ചെന്ന പരാതിയുമായാണ് കർഷകൻ രംഗത്തെത്തിയത്. വായ്പയെടുത്താണ് താൻ ഈയിടെ ഒരേക്കറോളം വരുന്ന പാടത്ത് കടുക് കൃഷിയിറക്കിയത്. ഇതിനു നടുവിലൂടെ നീണ്ട വാഹന വ്യൂഹം കയറിപ്പോയതോടെ കൃഷിനാശമുണ്ടായെന്ന് കർഷകൻ പറയുന്നു. ഉത്തർ പ്രദേശിലെ ജലോനിലാണ് സംഭവം. ഇവിടെ ഒരു കാലിത്തൊഴുത്തും ഗോശാലയും ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞ ദിവസം മന്ത്രി എത്തിയിരുന്നു.
സംഭവത്തെ തുടർന്ന് ജയിൽ, പൊതു സേവനകാര്യ മന്ത്രിയായ ജയ്കുമാർ കർഷകന് നഷ്ടപരിഹാരമായി 4000 രൂപ നൽകിയതായി എ എൻ ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കൃഷി നശിച്ചതിന് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിയുടെ കാലിൽ വീണ് അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകളിൽ വന്നിരുന്നു.