കൽപറ്റ-കൊല്ലത്തുനിന്നും കിലോമീറ്ററുകൾ താണ്ടി വയനാട്ടിലെത്തിയ ആമിന രാഹുൽഗാന്ധി എം.പിയെ നേരിൽക്കണ്ടപ്പോൾ സഫലമായത് ചിരകാലസ്വപ്‌നം.ശാരീരിക പരിമിതികളോടു പൊരുതി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമിന രാഹുലിന്റെയും സഹോദരി പ്രിയങ്കയുടെയും ചിത്രങ്ങൾ ചേർത്തൊരുക്കിയ സമ്മാനവുമായാണ് വയനാട്ടിൽ എത്തിയത്.ഗവ.റസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയെക്കണ്ട് സമ്മാനം കൈമാറിയപ്പോൾ ആമിനയുടെ മുഖത്തു പുഞ്ചിരി പരന്നു.സമ്മാനം ഏറ്റുവാങ്ങിയ രാഹുൽ ചേർത്തുപിടിച്ചു അഭിനന്ദിക്കുകകൂടിയായപ്പോൾ അവളുടെ മനസ്സിൽ പെയ്തതു ആഹഌദപ്പൂമഴ.
ആമിനയുടെ ഒരു കൈയ്ക്കു ജൻമനാ സ്വാധീനമില്ല.പിതാവ് കിടപ്പുരോഗിയാണ്.മാതാവ് വിദേശത്തു ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്.ഈ സാഹചര്യങ്ങൾക്കിടയിലും തളരാതെ പഠിച്ചാണ് ആമിന നീറ്റ് പരീക്ഷയിൽ മികവുതെളിയിച്ചത്.
രാഹുൽഗാന്ധിയെ നേരിൽക്കാണണമെന്നതു ആമിന വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹമാണ്.കൊല്ലത്തെ കോൺഗ്രസ് നേതാക്കളിൽ ചിലർ ഇക്കാര്യം അറിഞ്ഞതും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ് ആമിനയുടെ ആഗ്രഹം സഫലമാക്കിയത്. ആമിനയുടെ കാര്യം കെ.സി.വേണുഗോപാൽ അറിയിച്ചപ്പോൾത്തന്നെ രാഹുൽഗാന്ധി സന്ദർശനാനുമതി നൽകി.ആമിനയുടെ മനക്കരുത്തും വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ചെറിയ പ്രതിസന്ധികളിൽപോലും പതറിപ്പോവുന്നവർക്ക് പ്രചോദനമാണെന്ന് കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് തുടങ്ങിയവർ ആമിനയും രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു.






