Sorry, you need to enable JavaScript to visit this website.

റാലിക്കിടെ 'ലാലു യാദവ് സിന്ദാബാദ്' വിളികള്‍, നിതീഷ് പൊട്ടിത്തെറിച്ചു; ജനക്കൂട്ടം തേജസ്വിക്ക് പിന്നാലെ

പട്‌ന- തെരഞ്ഞെടുപ്പിനു ഒരാഴ്ച കൂടി ബാക്കി നില്‍ക്കെ ബിഹാറിലെ ചൂടുപിടിച്ച പ്രചരണങ്ങളില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പിന്നാലെ വന്‍ജനാവലി കൂടുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ അസ്വസ്ഥനാക്കിയിരിക്കുന്നു. 10 ലക്ഷം സര്‍ക്കാര്‍ ജോലികളെന്ന തേജസ്വിയുടെ വാഗ്ദാനത്തിന് എല്ലായിടത്തും വന്‍ കയ്യടിയാണ് ലഭിക്കുന്നത്. നിതീഷിന്റെ ജെഡിയുവിന് ഇത്തവണ തേജസ്വിയുടെ ആര്‍ജെഡി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പ്രചരണങ്ങളില്‍ വ്യക്തം. അതിനിടെ നിതീഷിന്റെ ഒരു റാലിക്കിടെ 'ലാലു യാദവ് സിന്ദാബാദ്' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോല്‍ നിതീഷ് രോഷാകുലനായി പൊട്ടിത്തെറിക്കുന്ന വിഡിയോയും ഇന്ന് വ്യാപകമായി പ്രചരിച്ചു. നിതീഷിനെ എന്താണ് അസ്വസ്ഥനാക്കുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമായിരുന്നു. 

ദീര്‍ഘകാലം ആര്‍ജെഡി നേതാവായിരിക്കുകയും ലാലുവിന്റെ അടുത്തയാളുമായ ചന്ദ്രിക റായ്ക്കു വേണ്ടിയുള്ള പ്രചരണത്തിനിടെയാണ് നിതീഷ് ലാലുവിന്റെ പേര് കേട്ട് രോഷാകുലനായത്. 'എന്താണീ പറയുന്നത'് എന്ന് നിതീഷ് പരമാവധി ഉച്ചത്തില്‍ ചോദിച്ചു. ആരാണെങ്കിലും ഈ അസംബന്ധം പറയുന്നവര്‍ കൈ ഉയര്‍ത്തൂവെന്ന് നിതീഷ് പറഞ്ഞതോടെ നിശബ്ദമായി. പിന്നീട് 'കാലിത്തീറ്റ കള്ളന്‍' എന്ന ലാലുവിനെതിരായ മുദ്രാവാക്യമാണ് ഉയര്‍ന്നത്. അപ്പോഴും നിതീഷിന്റെ കലിയടങ്ങിയില്ല. 'ഇവിടെ അലങ്കോലമുണ്ടാക്കരുത്. എനിക്കു വോട്ടു ചെയ്യുന്നില്ലെങ്കില്‍ വേണ്ട. പക്ഷെ ഇത് നിങ്ങള്‍ ഇവിടെ ആര്‍ക്കു വേണ്ടിയാണോ വന്നത് അയാളുടെ വോട്ടുകളെ തകര്‍ക്കും,' നിതീഷ് മുന്നറിയിപ്പു നല്‍കി.

തേജസ്വിയുടെ തൊഴിലവസര വാഗ്ദാനം ഭൂമിയില്‍ ആര്‍ക്കും പൂര്‍ത്തീകരിക്കാനാകാത്തതാണെന്ന് കഴിഞ്ഞ ദിവസം നിതീഷ് കളിയാക്കിയിരുന്നു. എന്നാല്‍ പ്രചരണ രംഗത്ത് നീതീഷും അദ്ദേഹത്തിന്റെ പല മന്ത്രിമാരും കടുത്ത ഭരണവിരുദ്ധ തരംഗമാണ് നേരിടുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി കൈകാര്യം ചെയ്തതിലെ നിതീഷിന്റെ പാളിച്ചയാണ് പൊതുജന എതിര്‍പ്പില്‍ പ്രധാനം. 15 വര്‍ഷം മുഖ്യമന്ത്രിയായി നിതീഷ് തുടരുന്നതില്‍ ജനത്തിന് മടുത്തെന്ന് സഖ്യകക്ഷിയായ ബിജെപി വൃത്തങ്ങള്‍ തന്നെ അടക്കം പറയുന്നുമുണ്ട്.

Latest News